ഒമാൻ എണ്ണ വില ഉയരുന്നു; വെള്ളിയാഴ്ച വർധിച്ചത് 3.24 ഡോളർ
text_fieldsമസ്കത്ത്: മധ്യ പൗരസ്ത്യ ദേശത്ത് സംഘർഷാവസ്ഥ മുറുകിക്കൊണ്ടിരിക്കെ അന്താരാഷ്ട്ര വിപണിയിൽ ഒമാൻ എണ്ണവില കുത്തനെ ഉയരാൻ തുടങ്ങി. വെള്ളിയാഴ്ച ഒരു ബാരലിന് 3.24 ഡോളറാണ് ഒറ്റ ദിവസം വർധിച്ചത്. ഇതോടെ ഒമാൻ എണ്ണ വില ബാരലിന് 77.81 ഡോളറിലെത്തി.
വ്യാഴാഴ്ച 74.57 ഡോളറായിരുന്നു. നിലവിലെ സാഹചര്യത്തിൽ എണ്ണ വില ഇനിയും വർധിക്കാമെന്നും ബാരലിന് 80 ഡോളർ വരെ എത്താൻ സാധ്യതയുണ്ടെന്നുമാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. നിലവിൽ അന്താരാഷ്ട്ര മാർക്കറ്റിലും എണ്ണ വില വർധിച്ചിട്ടുണ്ട്.
ഒറ്റ ദിവസം കൊണ്ട് 1.5 ശതമാനം വർധനയാണ് ഉണ്ടായത്. മധ്യ പൗരസ്ത്യ മേഖലയിൽ സംഘർഷം വർധിക്കുകയാണെങ്കിൽ അത് എണ്ണ വിതരണം തടസ്സപ്പെടാൻ കാരണമാകുമെന്ന പേടിയാണ് വില വർധിക്കാൻ പ്രധാന കാരണം. ഇറാൻ ഇസ്രായേലിനെ ആക്രമിച്ച സാഹചര്യത്തിൽ തിരിച്ചടിക്കുകയാണെങ്കിൽ അത് ഏത് വിധത്തിൽ എണ്ണ വിതരണത്തെ ബാധിക്കുമെന്നാണ് ലോകം ഉറ്റു നോക്കുന്നത്.
ഇറാൻ എണ്ണ വിതരണ മേഖലകളെ ഇസ്രായേൽ തിരിച്ച് ആക്രമിക്കാൻ സാധ്യതയുള്ളതായി വിദഗ്ധർ വിലയിരുത്തുന്നു. ഇങ്ങനെയാണെങ്കിൽ ഇത് എണ്ണ വിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അതുവഴി വില ഇനിയും വർധിക്കുമെന്നും പറയുന്നു. ഒരു മൂന്നാം ലോകമഹായുദ്ധം പ്രതീക്ഷിക്കുന്നവരും നിരവധിയാണ്.
അതിനിടെ അമേരിക്ക അവരുടെ പെട്രോളിയം സംഭരണിയിലേക്ക് ആറര ദശലക്ഷം ബാരൽ എണ്ണ വാങ്ങാനായി എണ്ണ കമ്പനിയുമായി കരാറിലെത്തിയിരുന്നു. ഓരോ മാസവും 1.5 ദശലക്ഷം ബാരൽ എണ്ണയാണ് സംഭരിക്കുക. അടുത്ത മേയ് വരെയാണ് എണ്ണ സംഭരിക്കുക. ബാരലിന് 70 ഡോളർ എന്ന വിലയിലാണ് അമേരിക്ക എണ്ണ സംഭരിക്കുക.
എണ്ണ ഉൽപാദനം വെട്ടിച്ചുരുക്കൽ നീക്കാൻ തൽക്കാലം നീക്കമില്ലെന്ന് സൗദി അറേബ്യ അറിയിച്ചതും എണ്ണ വിലവർധിക്കാൻ കാരണമാവും.
അതിനാൽ 2021ൽ ആരംഭിച്ച ഉൽപാദനം വെട്ടിച്ചുരുക്കൽ എണ്ണ വില വല്ലാതെ താഴെ പോവാതെ പിടിച്ച് നിൽക്കുകയാണ്.എണ്ണ വില കുറയുന്നത് എണ്ണ ഉൽപാദക രാജ്യങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കും. എണ്ണ വില ബാരലിന് 70 ഡോളറിന് താഴെ എത്തിയാൽ എണ്ണ ഉൽപാദന രാജ്യങ്ങളുടെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കും.
എണ്ണ വില 90 ഡോളറിന് മുകളിൽ പോയാൽ മാത്രമാണ് രാജ്യങ്ങൾക്ക് സാമ്പത്തിക മെച്ചമുണ്ടാവുകയും ബജറ്റ് കമ്മി കുറക്കാൻ സഹായിക്കുകയും ചെയ്യുക. അതിനാൽ ഉൽപാദന നഷ്ടം ഒഴിവാക്കാനും എണ്ണ വില ഉയരാനും വേണ്ടി നിലവിലെ ഉൽപാദനം വെട്ടി ക്കുറക്കൽ തുടരാനാണ് സാധ്യത. ഏതായാലും അസംസ്കൃത എണ്ണ വില കുറയാതിരിക്കുന്നത് ഒമാൻ സാമ്പത്തിക മേഖലക്ക് വലിയ അനുഗ്രഹമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.