മുൻകരുതൽ നടപടികൾ പാലിച്ചില്ല; 42 വ്യവസായ സ്ഥാപനങ്ങൾ അടപ്പിച്ചു
text_fieldsമസ്കത്ത്: സുപ്രീം കമ്മിറ്റി നിർദേശപ്രകാരമുള്ള മുൻകരുതൽ നടപടികൾ പാലിക്കാത്ത 42 വ്യവസായ സ്ഥാപനങ്ങൾ പൂട്ടിച്ചതായി പബ്ലിക് എസ്റ്റാബ്ലിഷ്മെൻറ് ഫോർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് (മദായിൻ) അറിയിച്ചു. ജൂൺ അവസാനം വരെയാണ് ഇത്രയും സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്. മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ജൂൺ അവസാനം വരെ 2392 വ്യവസായ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ 1669 എണ്ണം മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് കണ്ടെത്തി. 723 സ്ഥാപനങ്ങൾക്ക് തിരുത്തൽ നിർദേശങ്ങളും മുന്നറിയിപ്പുകളും നൽകി. 43 സ്ഥാപനങ്ങൾക്കെതിരെയാണ് നിയമലംഘനം രജിസ്റ്റർ ചെയ്തത്. ഇതിൽ 42 എണ്ണമാണ് അടപ്പിച്ചത്.
നിയമലംഘകരെ കണ്ടെത്താൻ പരിശോധനകൾ നടത്തുമെന്ന് മദായെനിലെ സീനിയർ ഹെൽത്ത്, സേഫ്റ്റി, എൻവയൺമെൻറൽ സ്പെഷലിസ്റ്റ് എൻജിനീയർ ബാസിം അൽ സദ്ജാലി പറഞ്ഞു. നിയമലംഘകരിൽനിന്ന് ഇൗടാക്കുന്ന പിഴ കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് നൽകും. ‘മുബാദറ ഒമാനു’മായി ചേർന്ന് 224 സ്ഥാപനങ്ങളിൽ അണുവിമുക്തമാക്കൽ ജോലികളും നടന്നു. ഇതോടൊപ്പം വ്യവസായ നഗരങ്ങൾ, നോളജ് ഒയാസിസ് മസ്കത്ത്, അൽ മസ്യൂന ഫ്രീസോൺ എന്നിവയുടെ അഡ്മിനിസ്ട്രേറ്റിവ് ഒാഫിസുകളിലും അണുമുക്തമാക്കൽ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ടെന്ന് ബാസിം അൽ സദ്ജാലി പറഞ്ഞു. സുപ്രീംകമ്മിറ്റി നിർദേശങ്ങൾ പാലിക്കാത്ത മസ്കത്ത് ഗവർണറേറ്റിലെ ചില വാണിജ്യ സ്ഥാപനങ്ങൾ അടപ്പിച്ചതായി മസ്കത്ത് നഗരസഭയും അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.