സി.ബി.എസ്.ഇ 12ാം ക്ലാസ് ഫലം: മികച്ച വിജയവുമായി ഒമാനിലെ സ്കൂളുകൾ
text_fieldsമസ്കത്ത്: കോവിഡിനെ തുടർന്നുള്ള അനിശ്ചിതത്വങ്ങൾക്കിടയിൽ നടന്ന സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കൊയ്ത് ഒമാനിലെ ഇന്ത്യൻ സ്കൂളുകളും. എക്കാലത്തെയും മികച്ച വിജയശതമാനമാണ് ഇന്ത്യൻ സ്കൂളുകൾ സ്വന്തമാക്കിയതെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് വാർത്തക്കുറിപ്പിൽ അറിയിച്ചു. സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ ഒമാനിൽ ഒന്നാം സ്ഥാനത്തെത്തിയത് മലയാളി വിദ്യാർഥിനികളാണ്. സയൻസ് വിഭാഗത്തിൽ ദാർസൈത്ത് ഇന്ത്യൻ സ്കൂളിലെ സ്നേഹ ആൻ റെജിയാണ് ഒന്നാമതെത്തിയത്. സ്നേഹക്ക് 493 മാർക്കാണ് ലഭിച്ചത് (98.6 ശതമാനം). കൊല്ലം കൊട്ടാരക്കര സ്വദേശിയായ റെജി മത്തായിയുടെയും, സൂസെൻറയും മകളാണ്. അനുജൻ ആദർശ് ഇന്ത്യൻ സ്കൂൾ മസ്കത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ഭാവിയിൽ എൻജിനീയർ ആകണം എന്നാണ് ആഗ്രഹം.
അതിനായുള്ള തയാറെടുപ്പിൽ ആണ് സ്നേഹ. സീബ് ഇന്ത്യൻ സ്കൂളിലെ സന ഹുസൈൻ ആണ് കോമേഴ്സിൽ ഒന്നാമതെത്തിയത്. 486 മാർക്കാണ് (97.2 ശതമാനം) സനക്ക് ലഭിച്ചത്. കണ്ണൂർ ഇരിക്കൂർ സ്വദേശിയായ ഹുസൈെൻറയും സഹീറയുടെയും മകളാണ്. അനുജത്തി റന, അനുജൻ മുഹമ്മദ് എന്നിവർ ഇന്ത്യൻ സ്കൂൾ സീബിലെ വിദ്യാർഥികളാണ്. ഭാവിയിൽ എ.സി.സി.എ സർട്ടിഫൈഡ് അക്കൗണ്ടൻറ് ആകാനാണ് ആഗ്രഹം. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 496 മാർക്കോടെ (99.2 ശതമാനം) മസ്കത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായ കരിഷ്മ കലേഷ് ആണ് ഒമാനിൽ ഒന്നാമതെത്തിയത്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ കലേഷിെൻറയും വീണയുടെയും മകളാണ്. അനുജൻ കമൽ കണ്ണൻ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സൈക്കോളജിയിൽ ഉപരിപഠനം നടത്തി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആകാനാണ് ആഗ്രഹം. അതോടൊപ്പം ഇന്ത്യൻ സിവിൽ സർവിസിലും ഒരു കൈ നോക്കണം എന്ന് ആഗ്രഹമുണ്ട്. മികച്ച വിജയം നേടിയ എല്ലാ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളെയും, അധ്യാപകർ, രക്ഷിതാക്കൾ, സ്കൂൾ മാനേജ്െമൻറ് എന്നിവരെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ബേബി സാം സാമുവൽ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.