വളർച്ചയുടെ പുതിയ പടവുകളിലേക്ക് ഒമാൻ
text_fieldsമസ്കത്ത്: കഴിഞ്ഞ ജനുവരി 11ന് സുൽത്താൻ ഖാബൂസിെൻറ പിൻഗാമിയായി ചുമതലയേറ്റ സുൽത്താൻ ഹൈതമിെൻറ നേതൃത്വത്തിൽ വളർച്ചയുടെ പുതിയ പടവുകളിലേക്കുള്ള യാത്രയിലാണ് ഒമാൻ. ഒമാൻ വിഷൻ 2040 പദ്ധതിക്ക് ഇൗ മാസമാണ് ഒൗദ്യോഗിക തുടക്കമായത്. 2021 മുതൽ 2025 വരെ നീളുന്ന പത്താം പഞ്ചവത്സര പദ്ധതിക്കും തുടക്കമായി. ഒമാനി ജനതയുടെ വരുംകാല ആവശ്യങ്ങളും ആഗ്രഹങ്ങളും പൂർത്തീകരിക്കുന്നതിനൊപ്പം പിന്നിട്ട വർഷങ്ങളിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ സംരക്ഷിക്കുന്നതുമായ നയങ്ങളാണ് സർക്കാർ ആവിഷ്കരിക്കുന്നത്.
ഒമാൻ വിഷൻ പദ്ധതിയുടെ ആദ്യ ഘട്ടമായാണ് പഞ്ചവത്സര പദ്ധതിയെ വിലയിരുത്തുന്നത്. സാമ്പത്തിക വൈവിധ്യവത്കരണത്തിന് ഒപ്പം എണ്ണയിതര വരുമാനത്തിൽ ക്രമമായ വർധനയുമാണ് പത്താം പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നത്. ആഭ്യന്തര ഉൽപാദനത്തിൽ എണ്ണയിതര മേഖലയുടെ പങ്കാളിത്തം ഒാരോ വർഷവും 3.2 ശതമാനം എന്ന തോതിൽ വർധിപ്പിക്കുകയാണ് ലക്ഷ്യം. നൂതന സാേങ്കതികത അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾ, കാർഷിക, ഫിഷറീസ്, ഭക്ഷ്യോൽപാദനം, ഗതാഗതം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക പ്രവർത്തനങ്ങൾക്കായിരിക്കും മുൻഗണന. സാമ്പത്തിക മേഖലയിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാനും പദ്ധതിയുണ്ട്.
ധനക്കമ്മി കുറച്ച് സാമ്പത്തിക സുസ്ഥിരത കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്കരണ പദ്ധതിക്കും തുടക്കമായി. സബ്സിഡി കുറക്കുന്നതടക്കം പരിഷ്കരണ പദ്ധതികളിലൂടെ 2024നുള്ളിൽ രാജ്യത്തെ സാമ്പത്തിക സുസ്ഥിരതയുടെ വഴിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. വിവിധ ഗവർണറേറ്റുകളിലായി 371 ദശലക്ഷം റിയാലിെൻറ വികസന പദ്ധതികൾ നടത്താനും സുൽത്താൻ ഹൈതം ഉത്തരവിട്ടിരുന്നു. സാമ്പത്തിക പരിഷ്കരണങ്ങൾക്കിടയിലും അർഹരായ സ്വദേശികൾക്ക് അടിസ്ഥാന സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുൽത്താൻ ശ്രദ്ധിക്കുന്നുണ്ട്. ഇൗ വർഷത്തെ പൊതുബജറ്റിൽ 40 ശതമാനം തുകയാണ് അടിസ്ഥാന സേവനങ്ങൾക്കായി നീക്കിവെച്ചിട്ടുള്ളത്. ഇ-ഗവേണൻസ് പദ്ധതിക്കും സുൽത്താൻ വലിയ പ്രാധാന്യമാണ് നൽകുന്നത്.
ഗവൺമെൻറ് സേവനങ്ങൾ ഒരു കുടക്കീഴിൽ നൽകുന്ന ഏകീകൃത പോർട്ടൽ ഒരുക്കുന്നതിനുള്ള ജോലികൾ നടന്നുവരുകയാണ്. 2021െൻറ തുടക്കത്തിൽ സ്വദേശികൾക്കും സ്വകാര്യ മേഖലക്കുമായി നിരവധി ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഒമാൻ ഹൗസിങ് ബാങ്കിെൻറ ഭവന വായ്പ തുകയിലെ വർധനയടക്കം കാര്യങ്ങൾ സാമ്പത്തിക മേഖലക്ക് ഉണർവു പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വദേശികൾക്കായുള്ള തൊഴിൽ സുരക്ഷ ഫണ്ടാണ് മറ്റൊരു ശ്രദ്ധേയ പദ്ധതി. സുൽത്താൻ ഇതിനായി 10 ദശലക്ഷം റിയാലാണ് സ്വകാര്യ ഫണ്ടിൽനിന്ന് നൽകിയത്. വിദ്യാഭ്യാസ മേഖലക്കും സർക്കാർ ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ആറു സ്കൂളുകൾ നിർമിക്കാൻ 8.85 ദശലക്ഷം റിയാലാണ് നീക്കിവെച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.