ഒമാനോണം ഒരുമിച്ചോണം: സദ്യയും ഒത്തുചേരലുകളുമായി പ്രവാസികളുടെ ഓണം
text_fieldsസമത്വത്തിന്റെയും സമൃദ്ധിയുടെയും ആഘോഷദിനമായ തിരുവോണനാളിൽ
മലയാളികൾക്കൊപ്പം സദ്യ കഴിക്കുന്ന ഒമാനി പൗരൻ -വി.കെ. ഷെഫീർ
മസ്കത്ത്: ഓണാഘോഷം കെങ്കേമമാക്കി ഒമാനിലെ പ്രവാസികളും. തിരുവോണ നാളിൽ നാടിന്റെ ഗൃഹാതുരത നിറഞ്ഞ അന്തരീക്ഷത്തിൽ കേരളീയ വസ്ത്രങ്ങൾ ധരിച്ചും സദ്യ കഴിച്ചും ഒത്തുചേരലുകൾ ഒരുക്കിയുമാണ് പ്രവാസികൾ ഓണത്തെ സ്വീകരിച്ചത്. പ്രവൃത്തി ദിവസമായതിനാൽ വലിയ പരിപാടികളും മറ്റും ചൊവ്വാഴ്ച നടന്നില്ലെങ്കിലും വരാനിരിക്കുന്ന വാരാന്ത്യ ദിവസങ്ങളിൽ മിക്ക സ്ഥലങ്ങളിലും കൂട്ടായ്മകളുടെ നേതൃത്വത്തിൽ പരിപാടികളൊരുക്കിയിട്ടുണ്ട്.
തിരുവോണ നാളിൽ വീടുകളിലും താമസസ്ഥലങ്ങളിലും സദ്യയും പൂക്കളവും ഒരുക്കിയാണ് പ്രവാസികൾ ആഘോഷമൊരുക്കിയത്. ജോലി സ്ഥലത്ത് ഓണക്കോടിയുടുത്ത് എത്തി സഹപ്രവർത്തകർക്ക് സദ്യ നൽകിയവരും ഏറെയാണ്. പലരുടെയും സദ്യ ഹോട്ടലുകളിലായിരുന്നു. പലയിടങ്ങളിലും സ്വദേശികളും ആഘോഷത്തിനൊപ്പം ചേർന്നു. അത്തം പിറന്നത് മുതൽ ഒമാനിൽ ഓണാഘോഷങ്ങളും തുടങ്ങിയിരുന്നു. വാരാന്ത്യ അവധിയിൽ വിവിധ മലയാളി കൂട്ടായ്മകൾ വൈവിധ്യമാർന്ന ഓണപ്പരിപാടികളുമായി ഒത്തുകൂടുന്ന പതിവ് ഇത്തവണയും തുടക്കം കുറിച്ചിട്ടുണ്ട്. എല്ലാ വർഷവുമെന്നപോലെ ഇക്കുറിയും നൂറുക്കണക്കിന് പേർ പങ്കെടുക്കുന്ന മത്സരപരിപാടികളും സദ്യയുമൊരുക്കി കൂട്ടായ്മകൾ രംഗത്തുണ്ട്. ഇന്ത്യൻ സ്കൂളുകൾ കേന്ദ്രീകരിച്ചും ആഘോഷ പരിപാടികൾ നടന്നുവരുന്നുണ്ട്.
നാട്ടിൽ നിന്ന് അകലെയെങ്കിലും നാട്ടുരുചിയിൽ തന്നെ ഓണസദ്യ തീൻമേശയിലെത്തിച്ചാണ് കുടുംബങ്ങൾ ആഘോഷത്തിന് മാറ്റുകൂട്ടിയത്. ഹൈപ്പർമാർക്കറ്റുകൾ, റസ്റ്റാറന്റുകൾ, ചെറുകിട ഹോട്ടലുകൾ എന്നിവിടങ്ങളിലെല്ലാം തന്നെ ഇത്തവണ ഓണസദ്യയുണ്ടായിരുന്നു. മുൻകാലങ്ങളിൽ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിലും റസ്റ്റാറന്റുകളിലുമാണ് ഓണസദ്യ ഒരുക്കിയതെങ്കിൽ ഇപ്പോൾ കൂടുതൽ ഇടങ്ങളിൽ സദ്യ ലഭിക്കുന്നുണ്ട്. ‘റെഡി മെയ്ഡ്’ ഓണസദ്യകളെയാണ് സ്ഥാപനങ്ങളും ചെറുകൂട്ടായ്മകളുമെല്ലാം കൂടുതലായി ആശ്രയിക്കുന്നത്. മുൻകൂർ ബുക്ക് ചെയ്താൽ സദ്യ വീട്ടിലെത്തുന്ന സംവിധാനവുമുണ്ട്. തിരുവോണത്തിനു ശേഷവും ചില സ്ഥാപനങ്ങൾ സദ്യ ഒരുക്കുന്നുണ്ട്.
ഓണത്തിന്റെ ഉണർവ് വിപണിയിൽ ഇത്തവണ പ്രകടമായിരുന്നു. വിമാന ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ മിക്ക കുടുംബങ്ങളും ഓണത്തിന് നാട്ടിൽ പോകുന്നത് ഒഴിവാക്കിയിരുന്നു. അതിനാൽ തന്നെ പച്ചക്കറികളും ഓണപ്പുടവകളും അടക്കമുള്ളവ വാങ്ങാൻ എത്തിയവരുടെ സാന്നിധ്യത്തിലൂടെ വിപണി നേരത്തേ തന്നെ സജീവമായിരുന്നു.അത്തം പത്തുദിവസവും പൂക്കളമൊരുക്കുന്ന നാട്ടിലെ പതിവ് തെറ്റിക്കാത്ത പ്രവാസി മലയാളികൾ ഏറെയുണ്ട് ഒമാനിൽ. തിരുവോണം അടുത്തെത്തിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ പൂക്കൾക്ക് വലിയ തോതിൽ ആവശ്യക്കാരുണ്ടായതായി കച്ചവടക്കാർ പറയുന്നു. പ്രവാസ ലോകത്ത് ഓണാഘോഷം വർഷം മുഴുവൻ നടക്കുന്നതാണ്. ഇതിൽ പൂക്കള മത്സരത്തിന് വലിയ പ്രാധാന്യമാണ് സംഘാടകർ നൽകുന്നത്. പൂക്കളമത്സരത്തിന് പുറമെ പായസം മത്സരം, വടംവലി തുടങ്ങിയവയും ആഘോഷങ്ങളിൽ ഇടംപിടിക്കുന്ന പ്രധാന ഇനങ്ങളാണ്.
ഇന്ത്യന്‍ സ്കൂള്‍ മുലദ ഓണാഘോഷം
മസ്കത്ത്: ഇന്ത്യന്‍ സ്കൂൾ മുലദയിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്ത ആഘോഷച്ചടങ്ങ് മലയാളം വകുപ്പിന്റെ നേതൃത്വത്തിലാണ് ഒരുക്കിയത്. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എ. അനില്‍കുമാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. പ്രാർഥനഗാനത്തോടെ പരിപാടി ആരംഭിച്ചു. ഇന്ത്യ ഉത്സവങ്ങളുടെ നാടാണെന്നും ഓണം എല്ലാവരുടെയും ഹൃദയങ്ങളില്‍ സന്തോഷം പകരുന്നതാണെന്നും ചടങ്ങിൽ സംസാരിച്ച പ്രിന്‍സിപ്പൽ പറഞ്ഞു. പൂക്കളവും മാവേലിയും മറ്റ് ഓണാഘോഷ പരിപാടികളും ഒരുക്കിയിരുന്നു. സ്കൂള്‍ ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചു. കിന്റർഗാര്ട്ടന് വിഭാഗത്തിലെ കൊച്ചുകുട്ടികളുടെ ഗാനം, തിരുവാതിര നൃത്തം, നാടോടിനൃത്തം, വള്ളംകളി, കളരിപ്പയറ്റ്, പുലികളി എന്നിവയും സ്റ്റേജിലെത്തി.
ഇന്ത്യൻ സ്കൂൾ മുലദയിൽ നടന്ന ഓണാഘോഷ പരിപാടി
പാലക്കാട് ഫ്രൻഡ്സ് കൂട്ടായ്മ ഓണാഘോഷം നാളെ
മസ്കത്ത്: പാലക്കാട് ഫ്രൻഡ്സ് കൂട്ടായ്മയുടെ ഓണാഘോഷവും പത്താം വാർഷികവും വെള്ളിയാഴ്ച അൽഫലാജ് ഹാളിൽ വൈകീട്ട് ആറു മുതൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുഖ്യാതിഥിയായി പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് പങ്കെടുക്കും. ഡോ. മേതിൽ ദേവികയുടെ മോഹിനിയാട്ടം, ചിത്ര അരുണിന്റെ സംഗീതനിശ എന്നിവ ചടങ്ങിന് മാറ്റുകൂട്ടും. 2013ൽ ആരംഭിച്ച പാലക്കാട് കൂട്ടായ്മ ഒമാനിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമാണ്. പാലക്കാട് ജില്ലയുടെ തനത് കലാരൂപങ്ങളെ കോർത്തിണക്കിയുള്ള ദൃശ്യവിരുന്നും അരങ്ങേറും. ഗൾഫ് ഫാസ്റ്റ്നേഴ്സ് എൽ.എൽ.സി മുഖ്യ പ്രായോജകരായ ഓണാഘോഷ പരിപാടിയിലേക്ക് മസ്കത്തിലെ കലാപ്രേമികളായ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് പി. ശ്രീകുമാറും, മറ്റ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും ഇവന്റ് മാനേജ്മെന്റ് കമ്പനി ഐസ്റ്റോൺ എൽ.എൽ.സിയുടെ ഭാരവാഹികളും വാർത്തക്കുറിപ്പിൽ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.