ഒമാൻ റോഡ് അതിർത്തികൾ തുറന്നു; വിദേശികൾക്കും യാത്ര അനുവദിക്കും
text_fieldsമസ്കത്ത്: മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഒമാൻ റോഡ് അതിർത്തികൾ തുറന്നു. ആരോഗ്യ മന്ത്രി േഡാ. അഹമ്മദ് അൽ സഇൗദി വ്യാഴാഴ്ച സുപ്രീം കമ്മിറ്റി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ സുരക്ഷാ മുൻ കരുതൽ നടപടികൾ പാലിച്ച് സ്വദേശികൾക്കും ഒമാനിൽ താമസ വിസയുള്ള വിദേശികൾക്കും അയൽ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാവുന്നതാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
സുരക്ഷിതമായ കോവിഡ് വാക്സിൻ ഇൗ വർഷം അവസാനം തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ഡോ അൽ സഇൗദി പറഞ്ഞു. ജനസംഖ്യയുടെ 40 ശതമാനം പേർക്ക് നൽകാനുള്ള വാക്സിൻ ആദ്യഘട്ടത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. കോവിഡിനെതിരായ പോരാട്ടത്തിെൻറ മുൻനിരയിലുള്ളവർ, ചെക്ക്പോയിൻറ് ജീവനക്കാർ, ഗുരുതര രോഗബാധിതർ, വയോധികർ തുടങ്ങിയവർക്കാണ് ആദ്യഘട്ട വാക്സിനേഷനിൽ മുൻഗണന ലഭിക്കുക. ഇതുവരെ ഒരു വാക്സിനും ഒൗദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ല. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട കാര്യങ്ങൾ മന്ത്രാലയവും ആരോഗ്യ വകുപ്പ് പ്രതിനിധികളും കൃത്യമായി പിൻതുടർന്നുവരുന്നുണ്ടെന്നുംഡോ. അൽ സഇൗദി പറഞ്ഞു.
രാജ്യത്ത് കോവിഡ് കേസുകളിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസകരമാണ്. രോഗികളുടെ എണ്ണം കുറഞ്ഞതിന് മഹാമാരി യുടെ ഭീഷണിയൊഴിഞ്ഞുവെന്ന് അർഥമില്ല. ജാഗ്രതയും പ്രതിരോധ, മുൻകരുതൽ നടപടികളും കൈവിടരുത്. ചില രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ ഇളവ് വരുത്തിയപ്പോൾ രോഗികളുടെ എണ്ണം കുതിച്ചുകയറി. കോവിഡ് എന്നത് ശ്വാസകോശത്തെ മാത്രം ബാധിക്കുന്ന രോഗമല്ല. ശരീരത്തിലെ മറ്റ് അവയവങ്ങളെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കുന്ന രോഗമാണിത്. മുൻകരുതൽ നടപടികൾ പാലിക്കുന്നതിലെ പ്രതിബദ്ധതക്ക് ഒപ്പം രാത്രികാല സഞ്ചാര നിരോധനമടക്കം കാര്യങ്ങളും ഒമാനിലെ രോഗ വ്യാപനം കുറയാൻ സഹായകരമായിട്ടുണ്ട്. നേരത്തെയും ഒമാനിൽ രോഗബാധ കുറഞ്ഞിട്ടുണ്ട്. എന്നാൽ പ്രതിരോധ നടപടികൾ പാലിക്കാത്തതിനാൽ തിരിച്ചുകയറുകയായിരുന്നു. അതിനാൽ ജാഗ്രത അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം അയ്യായിരത്തിലെത്തി. കുട്ടികളിലെ വൈറസ് ബാധ കുറവാണ്. കുട്ടികൾ രോഗം പടർത്തുന്ന സാഹചര്യമുണ്ടായാൽ അത് ഗുരുതരമായി തീരുമെന്നും ഡോ. അൽ സഇൗദി പറഞ്ഞു. വാണിജ്യ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വൈകാതെ അവലോകനം ചെയ്യും. നിലവിലെ ആരോഗ്യ സ്ഥിതി വിവര കണക്കുകൾ വെച്ച് ചില മേഖലകളുടെ പ്രവർത്തനം പുനരാരംഭിക്കുന്ന കാര്യങ്ങളാണ് അവലോകനം ചെയ്യുക. ഇതോടൊപ്പം വിസകൾ അനുവദിക്കുന്ന വിഷയത്തിലും തീരുമാനമെടുക്കുമെന്ന് ഡോ. അൽ സഇൗദി പറഞ്ഞു.
ദേശീയ സെറോളജിക്കൽ സർവേയുടെ അവസാനഘട്ടം അടുത്തയാഴ്ച പൂർത്തീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡീസീസസ് സർവൈലൻസ് ആൻറ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറൽ ഡോ.സൈഫ് അൽ അബ്രി പറഞ്ഞു. മൂന്നാം ഘട്ട സർവേയിൽ ജനസംഖ്യയിൽ 15 ശതമാനം പേർ രോഗബാധിതർ ആയെന്നാണ് കണക്കുകൾ കാണിക്കുന്നത്. സർവേ പൂർത്തീകരിക്കുന്നതോടെ ആവശ്യമുള്ള വാക്സിെൻറ തോതും വിലയിരുത്താൻ സാധിക്കുമെന്നും ഡോ.സൈഫ് അൽ അബ്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.