പുതിയ ആഗോള സാമ്പത്തിക ഉടമ്പടി ഉച്ചകോടിയിൽ ഒമാൻ പങ്കെടുത്തു
text_fieldsമസ്കത്ത്: പാരിസിൽ ആരംഭിച്ച രണ്ട് ദിവസത്തെ പുതിയ ആഗോള സാമ്പത്തിക ഉടമ്പടിക്കായുള്ള ഉച്ചകോടിയിൽ സുൽത്താനേറ്റ് പങ്കെടുത്തു. ഒമാനെ പ്രതിനിധീകരിച്ച് ധനമന്ത്രാലയമാണ് പരിപാടിയിൽ സംബന്ധിച്ചത്. ഒമാൻ പ്രതിനിധി സംഘത്തെ ധനകാര്യമന്ത്രി സുൽത്താൻ സലിം അൽ ഹബ്സിയാണ് നയിച്ചത്. ആഗോള വെല്ലുവിളികളായ ദാരിദ്ര്യം, കാലാവസ്ഥ വ്യതിയാനം, ജൈവ വൈവിധ്യ നഷ്ടം എന്നിവയെ ചെറുക്കുന്നതിനായി പുതിയ ഒരു സാമ്പത്തിക വ്യവസ്ഥക്ക് അടിത്തറയിടുകയാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്.
ബഹുമുഖ വികസന ബാങ്കുകളെ പരിഷ്കരിക്കുക, വികസ്വര രാജ്യങ്ങളിലെ കട പ്രതിസന്ധി പരിഹരിക്കുക, കാലാവസ്ഥ വ്യതിയാനം പരിഹരിക്കുന്നതിനുള്ള സാമ്പത്തിക നടപടികൾ ആരംഭിക്കുക, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ വികസനത്തിന്റെ ഉത്തരവാദിത്തം പങ്കിടാൻ സ്വകാര്യ മേഖലയെ പിന്തുണക്കുക തുടങ്ങിയ വിവിധ വിഷയങ്ങൾ ഉച്ചകോടി ചർച്ചചെയ്തു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്നുള്ള നേതാക്കൾ, സർക്കാർ തലവന്മാർ, മന്ത്രിമാർ, അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാർ, സാമ്പത്തിക വിദഗ്ധർ, വിദഗ്ധർ തുടങ്ങിയവരായിരുന്നു ഉച്ചകോടിയിൽ പങ്കെടുത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.