റിയാദ് അന്താരാഷ്ട്ര പുസ്തക മേളയിൽ ഒമാൻ പവിലിയനും
text_fieldsമസ്കത്ത്: സമ്പന്നമായ സാഹിത്യ സാംസ്കാരിക പൈതൃകത്തിലേക്ക് വാതിൽ തുറന്ന് റിയാദ് അന്താരാഷ്ട്ര പുസ്തക മേളയിൽ ഒമാൻ പവിലിയനും. നിരവധിപേരാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ എത്തിയത്.
ഇൻഫർമേഷൻ മന്ത്രാലയം, സാംസ്കാരിക, കായിക, യുവജന മന്ത്രാലയം, എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയം എന്നിവയെ പ്രതിനിധീകരിച്ചാണ് ഒമാൻ പുസ്തകമേളയിൽ പങ്കെടുക്കുന്നത്. ഒമന്റെ ബൗദ്ധികവും ചരിത്രപരവുമായ സംഭാവനകൾ അന്തർദേശീയമായി പങ്കിടാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പ്രദർശനത്തെ കാണുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള മാധ്യമ സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാംസ്കാരികവും ചരിത്രപരവുമായ കാര്യങ്ങൾ ഉയർത്തിക്കാട്ടുന്നതിനുള്ള അറബ്, അന്തർദേശീയ സാംസ്കാരിക പ്രദർശനങ്ങളിലും ഫോറങ്ങളിലും ഒമാനി പുസ്തകങ്ങളുടെ പ്രദർശനങ്ങൾ ഒരുക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഈ പങ്കാളിത്തമെന്ന് അധികൃതർ വ്യക്തമാക്കി.
പവിലിയനില്‍ അപൂര്‍വമായ ഒമാനി കൈയെഴുത്തു പ്രതികളുടെ പ്രദര്‍ശനം, വിവിധ ഒമാനി പ്രസിദ്ധീകരണങ്ങള്‍, ഫൈന്‍ ആര്‍ട്സ് എക്സിബിഷന്, കലാസംഗീത പ്രകടനങ്ങള്‍, ഷോര്‍ട്ട് പ്രൊമോഷനല്‍ പ്രക്ഷേപണത്തിനുള്ള ഡിസ്പ്ലേ സ്ക്രീന്‍ എന്നിവ ഉള്‍പ്പെടുന്നു.
അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ പുസ്തക മേളകളിലൊന്നാണ് റിയാദ് പുസ്തകമേള. രാജ്യത്തിന്റെ സംസ്കാരം, വിജ്ഞാന ഉൽപാദനം, പ്രസിദ്ധീകരണ മേഖല എന്നിവയെ സമ്പന്നമാക്കുന്നതിലും വായനാ സംസ്കാരം ഊട്ടിയുറപ്പിക്കുന്നതിലും ഇത് വലിയ പങ്കുവഹിക്കുന്നു. സാഹിത്യം, ചിന്ത, സംസ്കാരം, പ്രസിദ്ധീകരണം എന്നീ മേഖലകളിലെ പ്രമുഖരുടെ പങ്കാളിത്തത്തോടെയാണ് ഈ വർഷത്തെ പ്രദർശനം നടക്കുന്നത്.
എല്ലാ പ്രായക്കാർക്കും വിവിധ താൽപര്യങ്ങൾക്കും അനുയോജ്യമായ വിവിധ പരിപാടികളും പ്രവർത്തനങ്ങളും സാംസ്കാരിക പരിപാടിയിൽ ഉൾപ്പെടുന്നു. 2,000ലധികം പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണ ശാലകളുടെയും ഏജൻസികൾ പുസ്തക മേളയിൽ പങ്കെടുക്കുന്നുണ്ട്. അടുത്ത മാസം അഞ്ച് വരെ പുസ്തകമേളയും അനുബന്ധ പരിപാടികളും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.