ഷാർജ പുസ്തകമേളയിൽ അക്ഷരവെളിച്ചവുമായി ഒമാൻ പവിലിയൻ
text_fieldsമസ്കത്ത്: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ 43ാമത് പതിപ്പിൽ പവിലിയനുമായി ഒമാൻ. വാർത്താവിതരണ മന്ത്രാലയവും സാംസ്കാരിക, കായിക, യുവജന മന്ത്രാലയവും സഹകരിച്ചാണ് പരിപാടിയിൽ സംബന്ധിക്കുന്നത്. സാഹിത്യം, ബൗദ്ധികം, കല, ശാസ്ത്രം, ചരിത്രപരം എന്നീ വിഭാഗങ്ങളിലെ വൈവിധ്യമാർന്ന പ്രസിദ്ധീകരണങ്ങൾ ഒമാൻ പവിലിയനിലുണ്ട്.
‘തുടക്കം ഒരു പുസ്തകം’ എന്ന പ്രമേയത്തിൽ നവംബർ 17 വരെ നടക്കുന്ന ഷാർജ പുസ്തക മേളയിൽ മലയാളത്തിൽ നിന്നടക്കം പ്രഗല്ഭ എഴുത്തുകാരും ചിന്തകരും ജനപ്രതിനിധികളും പങ്കെടുക്കും. പുസ്തകത്സോവത്തിന്റെ ഭാഗമായി ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിച്ച 14ാമത് പ്രസാധക സമ്മേളനത്തിന് വൻ പങ്കാളിത്തമാണ് ദൃശ്യമായത്.
1146 പ്രസാധകർ പങ്കെടുത്ത സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ 31 ചർച്ചകളും 108 രാജ്യങ്ങളിൽ നിന്നുള്ള 74 വിദഗ്ധരുടെ പ്രസംഗങ്ങളും നടന്നു. 12 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 112 രാജ്യങ്ങളിൽ നിന്ന് 2522 പ്രസാധകരും പ്രദർശകരുമാണ് പങ്കെടുക്കുന്നത്. ലോകത്തെ 63 രാജ്യങ്ങളിൽ നിന്നായി 250 അതിഥികൾ വിവിധ ദിവസങ്ങളിലായി പുസ്തകോത്സവ വേദിയിലെത്തും. ഇവരുടേതടക്കം ആകെ 1,357 സാംസ്കാരിക പരിപാടികൾ അരങ്ങേറും.
മൊറോക്കോയാണ് ഇത്തവണത്തെ അതിഥി രാജ്യം. യു.എ.ഇയിൽ നിന്ന് മാത്രമായി ഇത്തവണ 234 പ്രസാധകരാണ് പങ്കെടുക്കുന്നത്. 172 പ്രസാധകരുമായി ഈജിപ്തും പുസ്തകോത്സവത്തിൽ എത്തും. ലബനാനിൽനിന്ന് 88ഉം സിറിയയിൽനിന്ന് 58ഉം പ്രസാധകരാണ് ഇത്തവണ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.