ഡബ്ല്യു.ഐ.പി.ഒ യോഗത്തിൽ ഫലസ്തീനായി ശബ്ദമുയർത്തി ഒമാൻ
text_fieldsമസ്കത്ത്: ജനീവയിൽ നടന്ന വേൾഡ് ഇൻറലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷന്റെ (ഡബ്ല്യു.ഐ.പി.ഒ) 65-ാമത് യോഗത്തിൽ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് സംബന്ധിച്ചത്. ഒമാൻ പ്രതിനിധി സംഘത്തെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഡോ. സാലിഹ് ബിൻ സഈദ് മസാൻ ആണ് നയിച്ചത്.
ഇസ്രായേലി ആക്രമണം മൂലമുണ്ടാകുന്ന ഫലസ്തീൻ ജനതയുടെ കഷ്ടപ്പാടുകളിലേക്ക് ഡബ്ല്യു.ഐ.പി.ഒ അംഗരാജ്യങ്ങളുടെ അസോസിയേഷനുകളുടെ ശ്രദ്ധയാകർഷിക്കാൻ സുൽത്താനേറ്റ് ആഗ്രഹിക്കുകയാണെന്ന് യോഗത്തിൽ സംസരിച്ച മസാൻ പറഞ്ഞു. പുരുഷൻമാർ, കുട്ടികൾ, സ്ത്രീകൾ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിങ്ങനെ എല്ലാവരെയും ലക്ഷ്യംവെച്ചുള്ള ഇസ്രായേലി ആക്രമണം ദൗർഭാഗ്യവശാൽ അന്താരാഷ്ട്ര സമൂഹത്തിന്റെ കൺമുമ്പിലാണ് നടക്കുന്നത്.
മനുഷ്യരാശിക്കെതിരായ ഈ ഹീനമായ കുറ്റകൃത്യങ്ങൾ നടത്തുന്നവരെ പ്രതികളാക്കാൻ ഒരു അന്താരാഷ്ട്ര സംഘടനയും നിയമനടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ല്യു.ഐ.പി.ഒയുമായുള്ള സഹകരണത്തിന് ഒമാൻ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും സുൽത്താനേറ്റിലെ അന്താരാഷ്ട്ര സംഘടനയുടെ ബൗദ്ധിക സ്വത്തവകാശ വ്യവസ്ഥയെ ഏകീകരിക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളിൽ ഡബ്ല്യു.ഐ.പി.ഒയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നും പ്രസംഗത്തിൽ മാസാൻ പറഞ്ഞു.
ഡബ്ല്യു.ഐ.പി.ഒയുടെ സഹകരണത്തോടെ ‘നാഷനൽ ഇൻറലക്ച്വൽ പ്രോപ്പർട്ടി സ്ട്രാറ്റജി’ എന്ന പദ്ധതി നടപ്പാക്കാനായി സുൽത്താനേറ്റ് പ്രവർത്തിക്കുന്നുണ്ട്. ഒമാനിലെ ബൗദ്ധിക സ്വത്തവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനും നവീകരണം വർധിപ്പിക്കാനുമായി സമഗ്രമായ ഒരു ചട്ടക്കൂട് സ്ഥാപിക്കാനാണ് പദ്ധതി ശ്രമിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.