ജീവിതനിലവാര സൂചികയിൽ ഒമാൻ ഏഷ്യയിൽ ഒന്നാമത്
text_fieldsമസ്കത്ത്: ജീവിത നിലവാരത്തിൽ ഏഷ്യയിലെ ഏറ്റവും മികച്ച രാജ്യമായി ഒമാൻ. ആഗോള തലത്തിൽ ജീവിതച്ചെലവുകൾ വിശകലനം ചെയ്ത് ‘നംബിയോ’ വെബ്സൈറ്റ് പുറത്തുവിട്ട അർധവാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പട്ടികയിൽ ആഗോളതലത്തിൽ ഏഴാം സ്ഥാനമാണ് സുൽത്താനേറ്റ് നേടിയത്.
ഒരു പ്രത്യേക രാജ്യത്തോ നഗരത്തിലോ താമസിക്കുന്ന വ്യക്തികളുടെ മൊത്തത്തിലുള്ള ക്ഷേമത്തിന്റെ വിവിധ ഘടകങ്ങളുടെ സമഗ്രമായ വിലയിരുത്തൽ അടിസ്ഥാനമാക്കിയാണ് ജീവിതനിലവാര സൂചിക തയാറാക്കുന്നത്. സൂചികയിൽ ശ്രദ്ധേയമായ 184.8 പോയന്റ് സ്കോർ ചെയ്താണ് ഒമാൻ മറ്റ് ഏഷ്യൻ രാജ്യങ്ങളെ മറികടന്നത്.
താമസക്കാർക്കും പ്രവാസികൾക്കും ഒരുപോലെ അനുയോജ്യമായ ലക്ഷ്യസ്ഥാനമെന്ന ഖ്യാതി ഇതിലൂടെ രാജ്യത്തിന് കൈവന്നു. വാങ്ങൽ ശേഷി, മലിനീകരണ തോത്, താങ്ങാനാവുന്ന പാർപ്പിട വില, ജീവിതച്ചെലവ്, സുരക്ഷ, ആരോഗ്യ സംരക്ഷണ നിലവാരം, യാത്രാസമയം, കാലാവസ്ഥ സാഹചര്യങ്ങൾ എന്നിവയുൾപ്പെടെ ജീവിതനിലവാരത്തെ സാരമായി ബാധിക്കുന്ന നിരവധി ഘടകങ്ങൾ രാജ്യത്തിന്റെ ഉയർന്ന റാങ്കിന് കാരണമായി.
ലക്സംബർഗ്, നെതർലൻഡ്സ്, ഐസ്ലൻഡ്, ഡെന്മാർക്, ഫിൻലൻഡ്, സ്വിറ്റ്സർലൻഡ് രാജ്യങ്ങളാണ് ആഗോളതലത്തിൽ യഥാക്രമം ആദ്യ ആറു സ്ഥാനങ്ങളിൽ. ഈ രാഷ്ട്രങ്ങൾ അവരുടെ ശക്തമായ സാമൂഹികക്ഷേമ സംവിധാനങ്ങൾ, ശക്തമായ സമ്പദ്വ്യവസ്ഥ, ഉയർന്ന ജീവിതനിലവാരം എന്നിവയിൽ നേരത്തേ തന്നെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഒമാന്റെ ശ്രദ്ധേയ നേട്ടം പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമം മെച്ചപ്പെടുത്തിയതിനുള്ള അംഗീകാരം കൂടിയാണ്.
അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയിൽ പ്രത്യേക ഊന്നൽ നൽകിയത് ജീവിതനിലവാര സൂചികയിലെ ഉയർച്ചക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നു.
പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമുള്ള ശ്രദ്ധ കാരണമായി താരതമ്യേന കുറഞ്ഞ മലിനീകരണത്തോത് താമസക്കാർക്ക് ശുദ്ധവായുവും ആരോഗ്യകരമായ അന്തരീക്ഷവും പ്രദാനം ചെയ്യുന്നു. ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതും അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുടെ സാന്നിധ്യവും സൂചികയിൽ ഒമാന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തി. പട്ടികയിൽ യു.എ.ഇ 15, ഖത്തർ 19, സൗദി അറേബ്യ 32, കുവൈത്ത് 45 സ്ഥാനങ്ങളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.