ടൂറിസം മേഖലയിൽ പുത്തനുണർവ് പകരാനൊരുങ്ങി ഒമാൻ
text_fieldsമസ്കത്ത്: യാത്രാ നിയന്ത്രണത്തിൽ ഇളവുവന്നതോടെ ടൂറിസം മേഖലയിൽ പുത്തനുണർവ് പകരാൻ മന്ത്രാലയം. കൂടുതൽ ആളുകളെ എത്തിക്കുക എന്നതിനേക്കാൾ പ്രീമിയം യാത്രക്കാരെ ആകർഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതികൾ ആസൂത്രണ ചെയ്തിട്ടുള്ളത്.
ഇതിനായി നിരവധി ഓഫറുകളും പ്രോത്സാഹനങ്ങളും നൽകി അന്താരാഷ്ട്ര യാത്രക്കാരെ സ്വാഗതം ചെയ്യാൻ ടൂറിസം മന്ത്രാലയം ഒരുങ്ങുകയാണ്. ഒമാനിലെ വിപണികളിൽ കൂടുതൽ പണം ചെലവഴിക്കാൻ കഴിവുള്ള യാത്രക്കാരെയാണ് പുതിയ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തിെൻറ ടൂറിസം മേഖലക്ക് കൂടുതൽ ഉണർവ് പകരുമെന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ടു വർഷവും മഹമാരിയുടെ പിടിയിലമർന്നതിനാൽ പലർക്കും യാത്രപോകാനോ മറ്റോ സാധിച്ചിരുന്നില്ല.
എന്നാൽ, അനുഗുണമായ സ്ഥലവും സൗകര്യവും വന്നുചേർന്നാൽ ഇനി യാത്രക്ക് ഒരുങ്ങുമെന്നുറപ്പാണ്. മാത്രവുമല്ല 2022ൽ നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒമാനും ഇടം പിടിച്ചിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്ത് ഇത്തരം സഞ്ചാരികളെ ഒമാനിലേക്ക് ആകർഷിക്കാനുള്ള ശരിയായ സമയമാണിതെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. വിനോദ സഞ്ചാരത്തിൽ സുരക്ഷിതത്വം പ്രധാമാണ്. ഒമാൻ തീർച്ചയായും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിൽ ഒന്നാണ്.
മാത്രവുമല്ല ഇവിടത്തെ ജനങ്ങളുടെ ആതിഥ്യമര്യാദയും സഞ്ചാരികളുടെ മനംകവരും. അതേസമയം, ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളുടെ വെല്ലുവിളികളിലൊന്ന് പരിമിതമായ എയർ കണക്ടിവിറ്റിയാണ്. പലരും തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്രയും വേഗം എത്തിച്ചേരാൻ ആഗ്രഹിക്കുന്നവരാണ്.
പ്രതിവർഷം 20 ദശലക്ഷത്തോളം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന പുതിയ വിമാനത്താവളം ഉണ്ടായിട്ടും മസ്കത്തിൽനിന്ന് ലോകത്തിലെ പല പ്രധാന നഗരങ്ങളിലേക്കും നേരിട്ടുള്ള ഫ്ലൈറ്റുകൾ ഇല്ല എന്ന് ടൂറിസ്റ്റ് മേഖലയിലുള്ളവർ പറയുന്നു. വരാനിരിക്കുന്ന ഖത്തർ ലോകകപ്പ് ഒമാന് മുന്നിൽ ടൂറിസം മേഖലയിൽ മികച്ച അവസരമാണ് ഒരുക്കാൻ പോകുന്നത്. പല ഫുട്ബാൾ പ്രേമികൾക്കും ലോകകപ്പ് സമയത്ത് ഖത്തറിൽ ഹോട്ടലുകൾ കിട്ടാൻ പ്രയാസമായിരിക്കും. ഇത്തരക്കാർക്ക് സുൽത്താനേറ്റ് നല്ലൊരു ചോയ്സാണ്.
കളിയുടെ തലേദിവസം ഒമാനിൽ താമസിച്ച് പിറ്റേന്ന് ഖത്തറിലേക്ക് പറക്കാൻ കഴിയുന്ന സംവിധാനം ഒരുക്കുകയാണെങ്കിൽ നിരവധി ഫുട്ബാൾ ആരാധകരായിരിക്കും ഇവിടത്തെ ഹോട്ടലുകൾ തേടിയെത്തുക.
നഗരത്തിന് ട്രാഫിക് സാന്ദ്രത കുറവായതിനാൽ ഹോട്ടലിൽ നിന്ന് 15-20 മിനിറ്റിനുള്ളിൽ വിമാനത്താവളത്തിൽ എത്തിച്ചേരാൻ കഴിയും എന്നുള്ളതും ഒമാന് അനുഗുണമാകുന്ന ഘടകങ്ങളാണ്.
ലോകകപ്പ് സമയത്ത് റോഡ്ഷോകളും പ്രത്യേക പാക്കേജുകളും ഉണ്ടായിരിക്കുമെന്ന് വിനോദസഞ്ചാര മന്ത്രാലയത്തിലെ ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ സാദ ബിൻത് അബ്ദുല്ല അൽ ഹർത്തിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.