കഴിഞ്ഞ വർഷം പുനർനിർമിച്ചത് 233 ഫലജുകൾ
text_fieldsമസ്കത്ത്: രാജ്യത്തെ കർഷകരെയും ജലമേഖലയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവർഷം കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം പുനർനിർമിച്ചത് 233 ഫലജുകൾ. 2021മായി താരതമ്യം ചെയ്യുമ്പോൾ 233 ശതമാനത്തിന്റെ വർധനവാണ് വന്നിട്ടുള്ളത്. 2021ൽ 70 ഫലജുകളായിരുന്നു പുനർനിർമിച്ചത്. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിലെ സ്പെഷലിസ്റ്റുകൾ ഏറ്റവും കൂടുതൽ ഫലജുകൾ നന്നാക്കിയത് വടക്കൻ ബാത്തിനയിലാണ്.
100 ഫലജുകളാണ് ഇവിടെ നന്നാക്കിയത്. വടക്കൻ ശർഖിയ-42, ദഹിറ-37, തെക്കൻ ശർഖിയയിൽ 28, ദോഫാർ 14, തെക്കൻ ബാത്തിന-ഒമ്പത്, ദാഖിലിയ- രണ്ട്, ബുറൈമി- ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിൽ നന്നാക്കിയ ഫലജുകളുടെ കണക്കുകൾ. സുൽത്താനേറ്റിലെ ജലസുരക്ഷ കൈവരിക്കുന്നതിനും കർഷകരെ പിന്തുണക്കുന്നതിന്റെയും ഭാഗമായാണ് ഫലജ് അറ്റകുറ്റപണിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. ഒമാനികൾ കാലങ്ങളായി ആശ്രയിക്കുന്ന പരമ്പരാഗത ജലസേചന സംവിധാനങ്ങളിലൊന്നാണ് ഫലജ്. പ്രദേശത്തിന്റെ ഭൂഗർഭ-ജലശാസ്ത്രമനുസരിച്ച് ഫലജുകൾ വ്യത്യാസപ്പെട്ടിരിക്കും. ഒമാനിലുടനീളം 4,112 ഫലജുകളാണുള്ളത്.
വിവിധ ജലോപയോഗ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ നവംബറിൽ മൊത്തം 964 വാട്ടർ ലൈസൻസുകളാണ് നൽകിയത്. അണക്കെട്ടുകൾ, ഫലജ്, കിണർ കുഴിക്കുന്നതിനുള്ള രജിസ്ട്രേഷനടക്കമുള്ളവക്കാണ് ലൈസൻസ് നൽകിയിട്ടുള്ളെതന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി ജലലഭ്യതയെയും സാഹചര്യത്തിലെ മാറ്റങ്ങളെയും അടിസ്ഥാനത്തിൽ ലൈസൻസ് ചട്ടങ്ങൾ പുതുക്കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. കമ്യൂണിറ്റി അംഗങ്ങളുടെ ആവശ്യകതകൾക്കനുസൃതമായി ജല ലൈസൻസുകൾ നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിയന്ത്രണങ്ങളും മന്ത്രാലയം രൂപപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ ജല ലൈസൻസുകൾ നൽകിയത് ദാഖിലിയ ഗവർണറേറ്റിലാണ്. 233 ലൈൻസുകളാണ് ഇവിടെ നൽകിയത്. ദാഹിറ-228, വടക്കൻ ശർഖിയ-143, വടക്കൻ ബാത്തിന-135, തെക്കൻ ബാത്തിന-106, ബുറൈമി-46, മസ്കത്ത് 35, തെക്കൻ ശർഖിയ -24, മുസന്ദം-10, ദോഫാർ -മൂന്ന്, അൽവുസ്ത ഒന്ന് എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റുകളിൽ നൽകിയ ലൈസൻസുകളുടെ കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.