വാടക നൽകാൻ കഴിയുന്നില്ല; ഒമാനില് വ്യാപാരികൾ പ്രതിസന്ധിയിൽ
text_fieldsമസ്കത്ത്: കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചതോടെ വാടക നൽകാൻ കഴിയാതെ സ്ഥാപനം നടത്തുന്നവർ ബുദ്ധിമുട്ടുന്നു. പരമ്പരാഗത സൂഖുകളിലെയും ഷോപ്പിങ് മാളുകളിലെയും കടകൾ മാർച്ച് 18 മുതൽ അടഞ്ഞുകിടക്കുകയാണ്. മറ്റു ഭാഗങ്ങളിലെ നിശ്ചിത വിഭാഗം സ്ഥാപനങ്ങൾ ഒഴിച്ചുള്ളവ മാർച്ച് 23 മുതലും അടഞ്ഞുകിടക്കുകയാണ്. നിയന്ത്രണങ്ങൾ കടുപ്പിച്ച 18 മുതൽക്കേ വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം വളരെ കുറവായിരുന്നു. ഇപ്പോൾ തുറന്നിരിക്കുന്ന സ്ഥാപനങ്ങളിൽ ഹോട്ടലുകളിൽ ഒട്ടുംതന്നെ കച്ചവടമില്ലാത്ത സ്ഥിതിയാണ്. കച്ചവടം കുറഞ്ഞതിനെ തുടർന്ന് പല ചെറുകിട ഹോട്ടലുകളും അടച്ചിട്ടുമുണ്ട്.
വ്യാപാരം നടക്കാതെ എങ്ങനെ വാടക നൽകാൻ കഴിയുമെന്നാണ് കച്ചവടക്കാർ ചോദിക്കുന്നത്. വാടക വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചില വ്യാപാരികൾ ഒമാൻ ചേംബർ ഒാഫ് കോമേഴ്സിനെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് കെട്ടിട ഉടമകളെയും റിയൽ എസ്റ്റേറ്റ് ഉടമകളെയും വ്യാപാര സമുച്ഛയങ്ങളുടെ ഉടമകളെയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. വ്യാപാരം നടക്കാത്തതിനാൽ വാടകയിൽ ഇളവ് നൽകണമെന്നാണ് ചേംബർ ആവശ്യപ്പെടുക. എന്നാൽ ഇൗ വിഷയത്തിൽ കെട്ടിട ഉടമകളുടെ നിലപാട് എന്താവുമെന്ന് വ്യക്തമല്ല. വാടകയിൽ ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.
വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ വാടകപ്രശ്നവുമായി വ്യാപാരികൾ പലരും കെട്ടിട ഉടമകളെ സമീപിച്ചിരുന്നു. റൂവിയിലെ നിരവധി വ്യാപാര സ്ഥാപന ഉടമകൾ വാടക കുറക്കണമെന്ന് ആവശ്യപ്പെട്ട് കെട്ടിട ഉടമകൾക്ക് കത്ത് നൽകിയിരുന്നു. ചില വ്യാപാര കോംപ്ലക്സുകളിലെ കച്ചവടക്കാൻ ഒന്നിച്ചാണ് അഭ്യർഥന നൽകിയിരിക്കുന്നത്. ഉടമകളിൽനിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെന്ന് വ്യാപാരികൾ പറയുന്നു. ചില കെട്ടിട ഉടമകൾ വിട്ടുവീഴ്ചക്ക് തയാറല്ലെങ്കിലും ചിലർ മൗനംപാലിക്കുകയാണ്. ചിലർ വാടക ഇതുവരെ ചോദിച്ചിട്ടില്ല. വാടക ആവശ്യപ്പെട്ട് നിരന്തരം വിളിക്കുന്നവരുമുണ്ട്. ചേംബർ ഒാഫ് കോമേഴ്സ് ഇടപെടുന്നതോടെ വിഷയത്തിൽ അനുകൂല നിലപാടുണ്ടാവുമെന്നാണ് വ്യാപാരികൾ പറയുന്നത്.
വാടക ഇളവിനായി തങ്ങൾ കെട്ടിട ഉടമകളെ സമീപിച്ചതായി നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ ഹാരിസ് പാലോള്ളതിൽ പറഞ്ഞു. തങ്ങൾ ഒാരോ ചതുരശ്ര അടിക്കും ഉടമക്ക് വാടക നൽകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഹൈപ്പർ മാർക്കറ്റിലെ മറ്റ് കടകളുടെ വാടക ഒഴിവാക്കാൻ തങ്ങൾക്ക് കഴിയില്ല. കെട്ടിട ഉടമ വിട്ടുവീഴ്ച നൽകുകയാണെങ്കിൽ ആ ആനുകൂല്യം ഹൈപ്പർമാർക്കറ്റിലെ മറ്റ് കടകൾക്കും നൽകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ അവശ്യവസ്തുക്കളുടെ വ്യാപാരം മാത്രമാണ് നടക്കുന്നത്. അവശ്യവസ്തുക്കളിൽനിന്ന് ലാഭം വളരെ കുറച്ചാണ് ലഭിക്കുന്നത്. ബേക്കറി, ഭക്ഷ്യ ഉൽപന്നങ്ങളിൽ 50 ശതമാനം വ്യാപാര ഇടിവാണുണ്ടായത്. അതിനാൽ നിലവിലെ സാഹചര്യത്തിൽ വൈദ്യുതി, വാട്ടർ ബില്ലുകളിൽ ഇളവ് ലഭിച്ചാൽ നന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാടക കൊടുക്കാൻ സമയമായിട്ടും ഉടമ വാടക ഇതുവരെ ചോദിച്ചിട്ടില്ലെന്ന് റുവിയിൽ വ്യാപാരം നടത്തുന്ന തിരുവള്ളൂർ സ്വദേശി അബ്ദുറഷീദ് പറഞ്ഞു. മറ്റുള്ളവർ വീട്ടുവീഴ്ചക്ക് തയാറാവുകയാണെങ്കിൽ തങ്ങളുടെ ഉടമയും വിട്ടുവീഴ്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 25നാണ് വാടക നൽകേണ്ടയിരുന്നതെന്നും എന്നാൽ കെട്ടിട ഉടമ ഇതുവരെ വിളിച്ചിട്ടില്ലെന്നും റൂവി സലാല മാർക്കറ്റിലെ പ്രമുഖ ജ്വല്ലറിയുടെ നടത്തിപ്പുകാർ പറഞ്ഞു. വാടകക്ക് നിരന്തരം വിളിച്ച ഉടമയോട് തരാൻ കഴിയില്ലെന്നും ഭക്ഷണംപോലും കഴിക്കാൻ വകയില്ലെന്നും അറിയിച്ചതോടെ ഉടമ വിളിക്കാറില്ലെന്ന് അൽ ഹമരിയയിലെ മറ്റൊരു വ്യാപാരി അറിയിച്ചു. എന്നാൽ, വാടക നൽകാൻ കഴിയാത്തതിെൻറ പേരിൽ താമസ ഇടം ഒഴിവാക്കേണ്ടിവന്ന ചിലരും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.