ഒമാൻ റെസ്ക്യൂ ടീം തുർക്കിയയിൽനിന്ന് മടങ്ങി
text_fieldsമസ്കത്ത്: ഭൂകമ്പം ചുഴറ്റിയെറിഞ്ഞ തുർക്കിയയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഒമാൻ റെസ്ക്യൂ ടീം നാട്ടിലേക്ക് മടങ്ങി. 15 ദിവസത്തെ സേവന പ്രവർത്തനങ്ങൾക്ക് ശേഷമാണ് ഒമാൻ ടീം നാട്ടിലേക്ക് തിരിച്ചത്. തെക്കുകിഴക്കൻ തുർക്കിയയിലെ വിവിധ സ്ഥലങ്ങളിലായിരുന്നു നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നത്. പരിക്കേറ്റവർക്ക് വൈദ്യസഹായമടക്കം ലഭ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്.
ഏഴുദിവസത്തോളം കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന രണ്ടുപേരെ രക്ഷിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാനും സേനക്ക് സാധിച്ചു. 60 വയസ്സുള്ള സ്ത്രീയെ ഹതായ് നഗരത്തിൽനിന്നും അന്റാക്യയിൽ നിന്ന് മറ്റൊരാളെയുമാണ് രക്ഷിച്ചത്.
അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന തെർമൽ കാമറകൾപോലുള്ള ആധുനിക സജ്ജീകരണങ്ങളുമായായിരുന്നു തിരച്ചിൽ. സിവിൽ എൻജിനീയർമാർ, തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും വൈദഗ്ധ്യമുള്ള ആളുകളുമായിരുന്നു റെസ്ക്യൂ ടീമിൽ ഉൾപ്പെട്ടിരുന്നത്. 2015ൽ നേപ്പാളിലുണ്ടായ ഭൂകമ്പത്തിലും ടീം രക്ഷാപ്രവർത്തകരായി പ്രവർത്തിച്ചിരുന്നു.
സി.ഡി.എ.എയിലെ ഓപറേഷൻസ് ആൻഡ് ട്രെയ്നിങ് ഡയറക്ടർ ജനറൽ മുബാറക് ബിൻ സലിം അൽ അറൈമിയാണ് തുർക്കിയയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.
ഫെബ്രുവരി എട്ടിന് തുർക്കിയയിലെ അദാനയിൽ എത്തിയ ടീം ഇന്റർനാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ അഡ്വൈസറി ഗ്രൂപ്പിൽ രജിസ്റ്റർ ചെയ്തതിനുശേഷം പ്രവർത്തനങ്ങളിൽ മുഴുകുകയായിരുന്നു. തുർക്കിയയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റിയുമായി ഏകോപിപ്പിച്ച് ഹതയ്യിലാണ് ക്യാമ്പ് ഒരുക്കിയിരുന്നത്.
അതേസമയം, തുർക്കിയ, സിറിയ ഭൂകമ്പ ബാധിതർക്കുള്ള ഒമാനിൽനിന്നുള്ള സഹായഹസ്തങ്ങൾ തുടരുകയാണ്. സ്വദേശികളും മലയാളികളായ പ്രവാസികളുമടക്കം നിരവധി ആളുകളാണ് അവശ്യവസ്തുക്കൾ ശേഖരിച്ച് ഇരുരാജ്യങ്ങളുടെയും മസ്കത്തിലെ എംബസി അധികൃതർക്ക് കൈമാറിയത്. ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷനും സംഭാവന ക്ഷണിച്ചിട്ടുണ്ട്.
ഇതും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. തെക്കു കിഴക്കൻ തുർക്കിയ-സിറിയൻ അതിർത്തിയിൽ ഫെബ്രുവരി ആറിന് പുലർച്ചെ കരമൻമറാഷ് മേഖലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരുരാജ്യങ്ങളിലുമായി 50,000ത്തിലേറെ പേരാണ് മരിച്ചത്. കൂടുതൽ നാശനഷ്ടമുണ്ടായത് തുർക്കിയയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.