ഒമാൻ-സൗദി ഏകോപന കൗൺസിൽ: വിദേശകാര്യമന്ത്രിമാർ നേതൃത്വം നൽകും
text_fieldsമസ്കത്ത്: സുൽത്താൻ ഹൈതമിെൻറ സൗദി സന്ദർശനവേളയിലെ ധാരണപ്രകാരം നിലവിൽ വരുന്ന ഒമാൻ-സൗദി ഏകോപന കൗൺസിലിന് ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ നേതൃത്വം നൽകും.
ഇരുരാഷ്ട്രങ്ങളും തമ്മിൽ എല്ലാ മേഖലകളിലും നിലവിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതായിരിക്കും ഏകോപന കൗൺസിലെന്നും ഒമാനും സൗദിയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഒമാൻ-സൗദി ഹൈവേയും അതിർത്തി ചെക്ക്പോയൻറുകളും വേഗത്തിൽ തുറന്നുകൊടുക്കാൻ നടപടിയെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയതായും സംയുക്ത പ്രസ്താവനയിൽ പറയുന്നു. റോഡ് തുറക്കുന്നതോടെ ഇരു രാഷ്ട്രങ്ങളിലുമുള്ളവരുടെ യാത്രയും ചരക്കുനീക്കവും കൂടുതൽ സുഗമമാകും. രണ്ട് സുഹൃദ് രാഷ്ട്രങ്ങൾക്കും സാമ്പത്തികവളർച്ചക്ക് സഹായിക്കുന്നതായിരിക്കും റോഡെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.
ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഗുണകരമായ രീതിയിൽ സാമ്പത്തിക, വാണിജ്യ, നിക്ഷേപ, സാംസ്കാരിക, സുരക്ഷ, വിദ്യാഭ്യാസ, നയതന്ത്ര മേഖലകളിൽ കരാറുകളും ധാരണപത്രങ്ങളും ഒപ്പിടാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ മേഖലകൾക്ക് നിലവാരമുള്ള വാണിജ്യത്തിനും നിക്ഷേപ കൈമാറ്റത്തിനും അവസരമൊരുക്കി സാമ്പത്തിക സഹകരണം ഉത്തേജിപ്പിക്കും. സൗദിയുടെ വിഷൻ 2030, ഒമാൻ 2040 വിഷൻ പദ്ധതികളുടെ ലക്ഷ്യം കണ്ടെത്താനും ഇത് സഹായിക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു.
പരിസ്ഥിതി, ഭക്ഷ്യസുരക്ഷാ മേഖലകളിലും പരസ്പരം സഹകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മുഹമ്മദ് ബിൻ സൽമാൻ രാജാവ് പ്രഖ്യാപിച്ച ഗ്രീൻ മിഡിലീസ്റ്റ് പദ്ധതിയിലും പരസ്പര സഹകരണമുണ്ടാകും. ദുകം സാമ്പത്തികമേഖലയിലും ഊർജ ഉൽപാദന മേഖലയിലും കായിക, ടൂറിസം മേഖലകളിലുമെല്ലാം സംയുക്ത പദ്ധതികൾ ആരംഭിക്കാനും ധാരണയായി. ഒമാൻ-സൗദി ബിസിനസ് കൗൺസിലിനെയും സംയുക്ത പ്രസ്താവന സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളിലും നേരിട്ടും അല്ലാതെയുമുള്ള സ്വകാര്യ നിക്ഷേപാവസരങ്ങൾ വർധിക്കാൻ ഇത് സഹായകരമാകും.
എണ്ണയുൽപാദനം നിയന്ത്രിക്കാനുള്ള ഒപെക്ക്, ഒപെക്ക് ഇതര രാഷ്ട്രങ്ങളുടെ തീരുമാനം ഓയിൽ വിപണിയുടെ ഭദ്രതക്കും വിപണിയുടെ സന്തുലിതാവസ്ഥക്കും സഹായകരമായതായി സംയുക്ത പ്രസ്താവനയിൽ വിലയിരുത്തി. നവീന സാങ്കേതികതകൾ, റിയൽ എസ്റ്റേറ്റ് ഡെവലപ്മെൻറ്, പുനരുപയോഗിക്കാവുന്ന ഊർജം, ലോജിസ്റ്റിക്കൽ പങ്കാളിത്തം, ഹെൽത്ത്-ഫാർമസ്യൂട്ടിക്കൽ വ്യവസായം തുടങ്ങിയ മേഖലകളിൽ സംയുക്ത നിക്ഷേപാവസരങ്ങൾ പഠിക്കാൻ ബന്ധപ്പെട്ട അധികൃതരോട് നിർദേശിച്ചു. യമൻ വിഷയത്തിൽ സമഗ്ര രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങൾ തുടർന്നുവരുന്നതായും ഇരുരാഷ്ട്രങ്ങളും പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.