ഒമാൻ-സൗദി ഇൻവെസ്റ്റ്മെന്റ് ഫോറത്തിന് റിയാദിൽ തുടക്കം
text_fieldsമസ്കത്ത്: ദാഹിറ ഗവർണറേറ്റിൽ ഇക്കണോമിക് സോൺ (സാമ്പത്തിക മേഖല) സ്ഥാപിക്കാനുള്ള കരാറിൽ ഒമാനും സൗദി അറേബ്യയും ഒപ്പുവെച്ചു. റിയാദിൽ നടക്കുന്ന ഒമാൻ-സൗദി ഇൻവെസ്റ്റ് ഫോറത്തിന്റെ ഭാഗമായാണ് കരാറിലൊപ്പുവെച്ചത്. ദാഹിറ ഗവർണറേറ്റിൽ സംയോജിത സാമ്പത്തിക മേഖലയുടെ ആദ്യഘട്ട നിർമാണത്തിന് ധനസഹായം നൽകുന്നതിനാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരിക്കുന്നത്.
മൂന്നുദിവസങ്ങളിലായി റിയാദിലാണ് ഇൻവെസ്റ്റ്മെന്റ് ഫോറം നടക്കുക. ഇരുരാജ്യങ്ങളിലെയും പ്രധാന സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, സാമ്പത്തിക വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. വ്യാപാര, സാമ്പത്തിക, നിക്ഷേപ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങളിൽ ചർച്ചനടത്തും. സൗദി നിക്ഷേപ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ, പ്രമുഖ ഒമാനി, സൗദി കമ്പനികളുടെ ചീഫ് എക്സിക്യൂട്ടിവുകൾ, ഇരു രാജ്യങ്ങളിലെയും പൊതു-സ്വകാര്യ മേഖലകളിലെ പ്രതിനിധികൾ എന്നിവരും പങ്കെടുക്കുമെന്നാണ് കരുതുന്നത്.
ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ഒ.ഐ.എ), പബ്ലിക് അതോറിറ്റി ഫോർ സ്പെഷൽ ഇക്കണോമിക് സോണുകൾ ആൻഡ് ഫ്രീ സോണുകൾ (ഒപാസ്), ചെറുകിട, ഇടത്തരം സംരംഭ വികസന അതോറിറ്റി, ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുടെ ഉദ്യോഗസ്ഥർ അടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘമാണ് ഒമാനിൽനിന്ന് പങ്കെടുക്കുന്നത്.
പുനരുപയോഗ ഊർജം, വിതരണ ശൃംഖലകൾ, ടൂറിസം, റിയൽ എസ്റ്റേറ്റ്, ഗതാഗതം, ലോജിസ്റ്റിക്സ് സേവനങ്ങൾ തുടങ്ങിയ നിക്ഷേപ മേഖലകളിൽ ഊന്നൽ നൽകുന്ന ഡയലോഗ് സെഷനുകളും ഫോറത്തിന്റെ ഭാഗമായി നടക്കും. ഇത് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള നിക്ഷേപം ത്വരിതപ്പെടുത്തുന്നതിനും വ്യാപാര വിനിമയം വർധിപ്പിക്കുന്നതിനും സഹായകമാകുമെന്നാണ് കരുതുന്നത്.
ഇരുരാജ്യങ്ങളിലെയും സർക്കാർ ഏജൻസികളുടെയും പ്രമുഖ കമ്പനികളുടെയും പങ്കാളിത്തത്തോടെ സൗദി-ഒമാനി ഇൻഡസ്ട്രീസ് എക്സിബിഷനും നടക്കുന്നുണ്ട്. കമ്പനികളുടെ ഉൽപന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുകയാണ് പ്രദർശനത്തിലൂടെ ലക്ഷ്യംവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.