ഒമാൻ-സൗദി റോഡ് നിർമാണം അന്തിമ ഘട്ടത്തിൽ –അംബാസഡർ
text_fieldsമസ്കത്ത്: ഒമാനെയും സൗദി യെയും ബന്ധിപ്പിച്ച് ലോകത്തെ ഏറ്റവും വലിയ മണല്‍ക്കാടായ റുബുഉല്‍ ഖാലി വഴിയുള്ള 726 കിലോമീറ്റര്‍ റോഡിെൻറ നിർമാണം അന്തിമ ഘട്ടത്തിലാണെന്ന് സൗദി അറേബ്യയിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ തുർക്കി അൽ സൈദ്. സമീപഭാവിയിൽതന്നെ റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇരു രാഷ്ട്രങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിച്ചുവരുന്നതായും സയ്യിദ് ഫൈസൽ പ്രസ്താവനയിൽ പറഞ്ഞു.
ഒമാനും സൗദി അറേബ്യയുമായുള്ള ബന്ധം ദൃഢമാണെന്നും സയ്യിദ് ഫൈസൽ പറഞ്ഞു. പൊതു താൽപര്യങ്ങളും പരസ്പരമുള്ള ബഹുമാനവും അടങ്ങിയതാണ് ഇരു രാജ്യങ്ങളും തമ്മിലെ സഹോദര തുല്യമായ ബന്ധം. ഈ ബന്ധം സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ ബന്ധങ്ങളിൽ പ്രതിഫലിക്കുന്നതായും അംബാസഡർ പറഞ്ഞു.
ഒമാൻ വിഷൻ 2040 പദ്ധതിക്കും സൗദി വിഷൻ 2030 പദ്ധതിക്കും പൊതുവായ നിരവധി പദ്ധതികളുണ്ട്. ഭരണതലത്തിലും മറ്റും വരുത്തിയ മാറ്റങ്ങളുടെ ഫലമായി ഒമാനിലെ നിക്ഷേപങ്ങൾ വർധിപ്പിക്കാൻ സൗദി ബിസിനസുകാർക്ക് ആലോചനയുണ്ടെന്നും അംബാസഡർ പ്രസ്താവനയിൽ പറഞ്ഞു. യമൻ വിഷയത്തിൽ എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായും അംബാസഡർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.