ഒമാൻ-സൗദി റോഡ്; ഗതാഗത, ചരക്ക് ഗതാഗത മേഖലയിൽ വൻ മുന്നേറ്റം
text_fieldsമസ്കത്ത്: സൗദി അറേബ്യയെയും ഒമാനെയും ബന്ധിപ്പിച്ച് എംപ്റ്റി ക്വാർട്ടർ മരുഭൂമിയിലൂടെ നിർമിച്ച പുതിയ റോഡ് വിനോദസഞ്ചാര, ചരക്ക് ഗതാഗത നീക്കത്തിൽ വൻ മുന്നേറ്റമുണ്ടാക്കുന്നതായി റിപ്പോർട്ടുകൾ. ഒമാന്റെയും സൗദി അറേബ്യയുടെയും ഇടയിലുള്ള ദൂരം 18 മണിക്കൂറിൽനിന്ന് ആറു മണിക്കൂറായി കുറക്കുന്നതാണ് പുതിയ റോഡ്. ഇതോടെ സൗദിയിലെ പൗരന്മാരുടെയും താമസക്കാരുടെയും ഏറ്റവും അടുത്ത വിനോദസഞ്ചാര കേന്ദ്രമായി ഒമാൻ മാറിക്കഴിഞ്ഞു. റോഡ് നിർമിക്കുന്നതിനു മുമ്പ് സൗദിയിൽനിന്നുള്ള വിനോദസഞ്ചാരികളും മറ്റും യു.എ.ഇ വഴിയാണ് ഒമാനിൽ എത്തിയിരുന്നത്.
യാത്ര സുഗമമായതോടെ കഴിഞ്ഞ വർഷം ആദ്യം മുതൽ നവംബർ വരെയുള്ള കാലഘട്ടത്തിൽ ഹോട്ടലുകളിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം 418.8 ശതമാനം വർധിച്ചിട്ടുണ്ട്. 2021 നവംബർ വരെയുള്ള കാലയളവിൽ 27,980 പേരാണ് ഹോട്ടലുകളിൽ എത്തിയിരുന്നത്. എന്നാൽ, കഴിഞ്ഞ വർഷം നവംബർവരെ ഇത് 1,45,100 ആയി ഉയരുകയായിരുന്നു.
സൗദി അറേബ്യയിൽനിന്ന് എംപ്റ്റി ക്വാർട്ടറിലൂടെയുള്ള റോഡ് യാത്ര ഏറെ അനുഭൂതികൾ ഉളവാക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയുടെ ഭാഗമായ റോഡ് ആയതിനാൽ അതിന്റെ എല്ലാ സൗന്ദര്യവും ഈ യാത്രയിൽ ആസ്വദിക്കാനാവും. കണ്ണെത്താദൂരം കടൽപോലെ പരന്നുകിടക്കുന്ന മരുഭൂമികൾ, പല വലുപ്പത്തിലും ഉയരത്തിലുമുള്ള മണൽക്കൂനകൾ (ചില മണൽക്കൂനകൾക്ക് 250 മീറ്റർ വരെ ഉയരമുണ്ട്), വിവിധ ഇനത്തിലും രൂപത്തിലുമുള്ള മണലും കല്ലും നിറഞ്ഞ മരുഭൂമികൾ, ചില താൽക്കാലിക ജലാശയങ്ങൾ എന്നിവ റോഡ് യാത്രക്കാർക്ക് ആസ്വദിക്കാനാവും.
റോഡ് നിലവിൽവന്നതോടെ ഒമാനും സൗദിയും തമ്മിലുള്ള വ്യാപാരവും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ സൗദിയും ഒമാനും തമ്മിലുള്ള വ്യാപാര ബന്ധം 53.04 ശതകോടി ഡോളറായി ഉയർന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർവരെ അര ദശലക്ഷം ടൺ ചരക്കുകളും നാലുലക്ഷം യാത്രക്കാരുമാണ് പുതിയ റോഡിലൂടെ കടന്നുപോയത്. അടുത്ത അഞ്ചു വർഷം കൊണ്ട് ഇവയുടെ എണ്ണം രണ്ടിരട്ടിയോ മൂന്നിരട്ടിയോ ആയി വർധിക്കുമെന്ന് ഒമാൻ ഗതാഗത മന്ത്രി സൈദ് ബിൻ ഹമൂദ് അൽ മവാലി പറയുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള ഗതാഗത പദ്ധതികളും ചർച്ച ചെയ്തതായി മന്ത്രി പറഞ്ഞു. സൗദിയും ഒമാനും തമ്മിലുള്ള റെയിൽവേ പദ്ധതി ഇതിൽ ഉൾപ്പെടുന്നു. അതിർത്തി മുറിച്ചുകടക്കൽ എളുപ്പമാക്കുക എന്നതും ചർച്ചയിലുണ്ട്.
ദാഖിറ ഗവർണറേറ്റിലെ ഇബ്രി റൗണ്ട് എബൗട്ടിൽനിന്ന് സൗദി അറേബ്യയിലെ ബാത്ത ഇൻറർ സെക്ഷൻ വരെയാണ് റോഡ്. 725 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് എംപ്റ്റി ക്വാർട്ടറിലൂടെ 161 കിലോമീറ്റർ ഒമാനിലൂടെയും 564 കിലോമീറ്റർ സൗദിയിലൂടെയുമാണ് കടന്നുപോവുന്നത്. ഉന്നത ഗുണനിലവാരവും സുരക്ഷ മാനദണ്ഡങ്ങളും പൂർണമായി പാലിച്ചാണ് റോഡ് നിർമിച്ചിരിക്കുന്നത്.
ഒമാനിൽനിന്ന് സൗദി അറേബ്യയിലേക്ക് തീർഥാടനത്തിന് പോകുന്നവർക്കാണ് റോഡ് ഏറെ അനുഗ്രഹമായി മാറുന്നത്. ഹജ്ജ്, ഉംറ എന്നിവക്ക് സൗദിയിലേക്ക് പോവുന്നവർ റോഡ് നിലവിൽ വന്നതോടെ ഇതിനെയാണ് ആശ്രയിക്കുന്നത്. റോഡ് നിലവിൽ വന്നതോടെ ഒമാനിൽ നിന്നുള്ള തീർഥാടകരുടെ ചെലവും യാത്രാപ്രയാസങ്ങളും കുറഞ്ഞിട്ടുണ്ട്. ഇതോടെ നിരവധി പേരാണ് ബസുകൾ വഴിയും സ്വന്തം വാഹനം ഓടിച്ചും സൗദിയിലേക്ക് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.