സ്കൂളുകൾ തുറക്കുന്നു; രണ്ടുവർഷം ഉറങ്ങിക്കിടന്ന കളിമുറ്റങ്ങൾ ഉണരും
text_fieldsമസ്കത്ത്: വേനലവധിക്കുശേഷം ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ തുറക്കുന്നു. അവധിക്ക് നാട്ടിൽപോയ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും തിരിച്ചെത്തിത്തുടങ്ങി. ബാക്കിയുള്ളവർ അടുത്ത ആഴ്ചയോടെ തിരിച്ചെത്തും. അൽ ഗുബ്റ ഇന്ത്യൻ സ്കൂൾ അടക്കമുള്ള ചില സ്കൂളുകൾ തുറന്നു പ്രവർത്തനം ആരംഭിച്ചു. ബാക്കിയുള്ള ഇന്ത്യൻ സ്കൂളുകൾ അടുത്ത ആഴ്ചയോടെ പ്രവർത്തനമാരംഭിക്കും. ഈമാസം പത്തിന് മുമ്പ് മസ്കത്ത് ഇന്ത്യൻ സ്കൂൾ അടക്കമുള്ള എല്ലാ ഇന്ത്യൻ സ്കൂളുകളും സാധാരണഗതിയിൽ പ്രവർത്തനം ആരംഭിക്കും. നീണ്ട കോവിഡ് നാളുകൾക്കുശേഷം സ്കൂളുകൾ പൂർണരൂപത്തിൽ വീണ്ടും സജീവമാവുകയാണ്. കഴിഞ്ഞ രണ്ടുവർഷമായി നിലച്ച പഠനേതര പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതോടെ സ്കൂളും സ്കൂൾ മുറ്റവും സജീവമാവും. രണ്ടുവർഷമായി ഉറങ്ങിക്കിടക്കുകയായിരുന്ന സ്കൂൾ മുറ്റത്ത് പന്തുരുളും. സ്കൂൾ പരിസരങ്ങളിൽ കുട്ടികളുടെ ആരവം ഉയരും. കളികളും കായികവിനോദങ്ങളും സാഹിത്യപരിപാടികളും കലാരംഗവും സജീവമാകുന്നതോടെ സ്കൂളുകൾ കോവിഡിന് മുമ്പുള്ള ഉത്സാഹത്തിലേക്ക് തിരിച്ചെത്തും.
കഴിഞ്ഞ ഏപ്രിലിൽ സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിച്ചിരുന്നെങ്കിലും അധ്യാപകരെയും വിദ്യാർഥികളെയും കോവിഡ് ഭീതി അലട്ടിയിരുന്നു. പിന്നീട് പരീക്ഷയുടെയും സ്കൂൾ അടക്കലിന്റെയും നാളുകളായതിനാൽ പാഠ്യേതര പ്രവർത്തനങ്ങൾ ഒന്നും സ്കൂളുകളിൽ നടന്നിരുന്നില്ല. അതിനാൽ, നീണ്ട ഇടവേളക്കുശേഷം ആരംഭിക്കുന്ന പാഠ്യേതര പ്രവർത്തനങ്ങൾ കുട്ടികളിലും കൗതുകം ഉളവാക്കും.
കോവിഡ് ഭീതിക്കുശേഷമുള്ള, നിയന്ത്രണങ്ങളും ആശങ്കകളുമില്ലാത്ത അവധിക്കാലമായതിനാൽ ബഹുഭൂരിഭാഗം രക്ഷിതാക്കളും വിദ്യാർഥികളും നാട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി നാട്ടിൽ പോവാത്തവരിൽ ഇന്ത്യൻ സ്കൂൾ അധ്യാപകരും ഉൾപ്പെടും. കോവിഡ് ആശങ്കകളും നാട്ടിൽ കുടുങ്ങുമെന്ന ഭീതിയും ഉയർന്ന യാത്രാചെലവും ക്വാറന്റീൻ അടക്കമുള്ള നൂലാമാലകളും കാരണം കഴിഞ്ഞ രണ്ടുവർഷമായി പലരും യാത്ര മാറ്റിവെക്കുകയായിരുന്നു. ഇതിനാൽ വിമാന സർവിസുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു.
രക്ഷിതാക്കളും വിദ്യാർഥികളും വൻതോതിൽ നാട്ടിലേക്ക് തിരിച്ചതിനാൽ കഴിഞ്ഞ ഒന്നര മാസമായി പൊതുവെ പൊതുസ്ഥലങ്ങളിലും മറ്റും പ്രവാസികളുടെ തിരക്കൊഴിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.