ഒമാൻ സീസൺ അവസാനിക്കുന്നു, പച്ചക്കറിവില മുകളിലോട്ട്
text_fieldsമസ്കത്ത്: സീസൺ അവസാനിക്കാനിരിക്കെ പച്ചക്കറിവില വർധിക്കുന്നു. ഇതോടെ തക്കാളി അടക്കമുള്ളവയുടെ വില ഉയരാനും തുടങ്ങി. തക്കാളി കിലോക്ക് 500 ബൈസയാണ് പ്രധാന ഹൈപ്പർ മാർക്കറ്റുകൾ ഈടാക്കുന്നത്. മാർക്കറ്റിൽ ഒമാൻ തക്കാളി അപ്രത്യക്ഷമായി. മേയ് 15നാണ് ഒമാൻ പച്ചക്കറി സീസൺ അവസാനിക്കുന്നത്. സീസൺ കഴിയുന്നതോടെ പുറത്തുനിന്ന് കൊണ്ടുവരുന്ന പച്ചക്കറികൾക്ക് വില വർധിക്കാൻ സാധ്യതയുണ്ടെന്ന് പച്ചക്കറി-പഴവർഗ ഇറക്കുമതി സ്ഥാപനമായ സൂഹൂൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. പുറത്തുനിന്നു വരുന്ന പച്ചക്കറികളുടെ ഗതാഗത നിരക്ക് കുത്തനെ ഉയർന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളിൽനിന്നുള്ള കണ്ടെയ്നർ നിരക്കുകൾ 2020നേക്കാൾ മൂന്നിരട്ടിയും നാലിരട്ടിയും വർധിച്ചു. 2020 ആദ്യത്തിൽ ചൈനയിൽനിന്ന് വരുന്ന ഒരു കണ്ടെയ്നറിന് 3000 ഡോളറായിരുന്നു നിരക്ക്. ഇപ്പോഴത് 7500 മുതൽ 8000 ഡോളർ വരെയായി ഉയർന്നു. ഇന്ത്യയിൽനിന്നുള്ള കണ്ടെയ്നർ നിരക്ക് ഇരട്ടിയായും വർധിച്ചു. നേരത്തേ ഇന്ത്യയിൽനിന്നുള്ള കണ്ടെയ്നറുകൾക്ക് 2200 ഡോളറായിരുന്നത് 4000 ഡോളറായി.
ഈ റമദാൻ, ഈദ് സീസൺ മികച്ചതായിരുന്നുവെന്ന് അബ്ദുൽ വാഹിദ് പറഞ്ഞു. എല്ലാതരം പഴവർഗങ്ങളും മാർക്കറ്റിൽ സുലഭമായിരുന്നു. പല പഴവർഗങ്ങളുടെയും സീസണുമായിരുന്നു. അതിനാൽ ഈ വർഷം പഴവർഗങ്ങൾക്ക് ആവശ്യക്കാൻ കൂടുതലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാങ്ങ, വാഴപ്പഴം, മുന്തിരി, ഓറഞ്ച് എന്നിവയുടെ സീസൺകൂടിയായിരുന്നു. റമദാനിൽ കൂടുതൽ ആവശ്യം അനുഭവപ്പെട്ടത് മാങ്ങക്കായിരുന്നു.
യമനിലും ഇന്ത്യയിലും സീസണായതിനാൽ മാങ്ങ ധാരാളമായി എത്തി. ഇതിൽ യമൻ മാങ്ങക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. ഇന്ത്യ, സൗത്ത് ആഫ്രിക്ക, ചിലി, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ മുന്തിരിയും സുലഭമായിരുന്നു. ഇന്ത്യ, ഫിലിപ്പീൻ എന്നീ രാജ്യങ്ങളുടെ വാഴപ്പഴം, ഓറഞ്ച് എന്നിവക്കും നല്ല ഡിമാൻഡുണ്ടായിരുന്നു. പഴവർഗങ്ങൾക്ക് ആവശ്യക്കാൻ വർധിച്ചത് വിപണിയിൽ ഉണർവുണ്ടാക്കാനും വ്യാപാരികളിൽ ആത്മവിശ്വാസം വർധിപ്പിക്കാനും സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.