ഭൂകമ്പം: അവശ്യവസ്തുക്കളുമായി വിമാനങ്ങൾ സിറിയയിലേക്ക്
text_fieldsമസ്കത്ത്: ഭൂകമ്പത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലേക്കുള്ള ഒമാന്റെ കൈത്താങ്ങ് തുടരുന്നു. ഭക്ഷ്യവസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും മറ്റുമായി വിമാനങ്ങൾ കഴിഞ്ഞ ദിവസം ഒമാനിൽനിന്ന് സിറിയൻ മണ്ണിലേക്ക് പറന്നു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശത്തെ തുടർന്നാണ് വിമാനങ്ങൾ സിറിയൻ മണ്ണിലേക്ക് പറന്നത്.
ഒമാൻ ചാരിറ്റബ്ൾ ഓർഗനൈസേഷൻ ഒമാൻ റോയൽ എയർഫോഴ്സുമായി സഹകരിച്ചാണ് ദുരബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കളും മറ്റും എത്തിക്കുന്നത്. തെക്കൻ തുർക്കിയയിൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങളിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നാഷനൽ സെർച് ആൻഡ് റെസ്ക്യൂ ടീമിൽനിന്നുള്ള സേന പങ്കെടുക്കുന്നുണ്ട്.
തുർക്കിയയിൽ ഭൂകമ്പം നടന്ന ഉടൻതന്നെ, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഐക്യരാഷ്ട്ര സഭയുടെ ഇന്റർനാഷനൽ സെർച് ആൻഡ് റെസ്ക്യൂ അഡ്വൈസറി ഗ്രൂപ്പുമായി ആശയവിനിമയം നടത്തുകയും തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സേന പൂർണസജ്ജമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഒമാനടക്കം വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള കാൽ ലക്ഷത്തോളം ദൗത്യസേനാംഗങ്ങളാണ് ദുരന്തഭൂമിയിൽ പ്രവർത്തിക്കുന്നത്.
തിങ്കളാഴ്ച പുലർച്ച തെക്കു കിഴക്കൻ തുർക്കിയ-സിറിയൻ അതിർത്തിയിൽ കരമൻമറാഷ് മേഖലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരുരാജ്യങ്ങളിലുമായി 20,000ത്തിലേറെ പേരാണ് മരിച്ചത്. കൂടുതൽ നാശനഷ്ടമുണ്ടായത് തുർക്കിയയിലാണ്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് ആശ്വാസം നൽകുന്നതിനായി ഒമാൻ ചാരിറ്റബ്ൾ ഓർഗനൈസേഷൻ (ഒ.സി.ഒ) സംഭാവനകൾ ക്ഷണിച്ചിട്ടുണ്ട്. ഇതിനകം നിരവധിയാളുകളാണ് ദുരന്തഭൂമിയിലെ കണ്ണീരൊപ്പാൻ സംഭാവന നൽകിയത്.
അടിയന്തരമായി രണ്ടുലക്ഷം റിയാൽ സ്വരൂപിക്കാനാണ് അധികൃതർ ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. താൽപര്യമുള്ള ആളുകൾക്ക് പേമെന്റ് മെഷീനുകൾ, എസ്.എം.എസ്, ഇലക്ട്രോണിക് പോർട്ടൽ, ബാങ്ക് ട്രാൻസ്ഫർ എന്നിവ വഴി സംഭാവന ചെയ്യാവുന്നതാണെന്ന് ഒ.സി.ഒ അറിയിച്ചു. എസ്.എം.എസ് വഴി ഓരോ റിയാൽ വീതം സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ donate എന്ന് ടൈപ് ചെയ്ത് ഒമാൻടെൽ ഉപയോക്താക്കൾ 90022ലേക്കും ഉരീദോ ഉപയോക്താക്കൾ 90909 എന്ന നമ്പറിലേക്കുമാണ് മെസേജ് അയക്കേണ്ടത്.
ഒനീക്ക് (ഒമാൻ നാഷനൽ എൻജിനീയറിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനി) ഓട്ടോമാറ്റിക് പേമെന്റ് മെഷീനുകൾ, ചാരിറ്റബ്ൾ അസോസിയേഷനുകൾക്കും ഓർഗനൈസേഷനുകൾക്കുമുള്ള പോർട്ടലായ www.donate.om എന്നിവയിലൂടെയും സംഭാവന അയക്കാം. ബാങ്ക് മസ്കത്ത്, നാഷനൽ ബാങ്ക് ഓഫ് ഒമാൻ, ബാങ്ക് ദോഫാർ എന്നിവയുടെ അക്കൗണ്ട് ഉടമകൾക്ക് ഓർഗനൈസേഷൻ നിർദേശിക്കുന്ന അക്കൗണ്ട് നമ്പറുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ടുകൾ: ബാങ്ക് മസ്കത്ത് (സിറിയ): 0423010706280016, എൻ.ബി.ഒ (സിറിയ): 1049337798006, ബാങ്ക് മസ്കത്ത് (തുർക്കി): 0423010700010017, ബാങ്ക് ദോഫാർ (തുർക്കി): 01040060909.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.