പുതുതായി ചുമതലയേൽക്കുന്ന അംബാസഡർമാർ അംഗീകാരപത്രങ്ങൾ ഒമാൻ സുൽത്താന് കൈമാറി
text_fieldsമസ്കത്ത്: ഒമാനിൽ പുതുതായി ചുമതലയേൽക്കുന്ന വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ തങ്ങളുടെ അംഗീകാരപത്രങ്ങൾ സുൽത്താൻ ഹൈതം ബിൻ താരിഖിന് കൈമാറി. കഴിഞ്ഞദിവസം അൽബറക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് അംബാസഡർമാർ തങ്ങളുടെ യോഗ്യത പത്രങ്ങൾ സുൽത്താന് സമർപ്പിച്ചത്. നൈജീരിയ, പോളണ്ട്, വത്തിക്കാൻ, വെനീസ്വേല, ദക്ഷിണാഫ്രിക്ക, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങളുടെ അംഗീകാരപത്രമാണ് സുൽത്താൻ സ്വീകരിച്ചത്.
സുൽത്താനുമായുള്ള കൂടിക്കാഴ്ചയിൽ അംബാസഡർമാർ തങ്ങളുടെ രാജ്യങ്ങളിലെ നേതാക്കളുടെ ആശംസകൾ കൈമാറുകയും സുൽത്താന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിന് കീഴിൽ ഒമാനി ജനതക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെയെന്നും ആശംസിച്ചു.
സുൽത്താന് യോഗ്യതാപത്രങ്ങൾ സമർപ്പിക്കാൻ പറ്റിയതിൽ അംബാസഡർമാർ തങ്ങളുടെ സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുകയും ചെയ്തു. ഒമാനി ജനതയുടെയും തങ്ങളുടെ രാജ്യങ്ങളിലെ പൗരന്മാരുടെയും സംയുക്ത താൽപര്യങ്ങൾ സേവിക്കുന്ന രീതിയിൽ വിവിധ മേഖലകളിൽ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് ആത്മാർഥമായ ശ്രമങ്ങൾ നടത്തുമെന്നും അവർ പറഞ്ഞു.
അംബാസഡർമാരെ സ്വാഗതംചെയ്ത സുൽത്താൻ, അവരുടെ നേതാക്കളുടെ ആശംസകൾക്കും നന്ദി അറിയിച്ചു. സ്ഥാനപതിമാരുടെ കടമകൾ നിർവഹിക്കാൻ സർക്കാറിൽനിന്നും ഒമാനി ജനതയിൽനിന്നും എല്ലാ പിന്തുണയും ലഭിക്കുമെന്നും സുൽത്താൻ ഉറപ്പുനൽകുകയും ചെയ്തു.
അംഗീകാരപത്ര സമർപ്പണ ചടങ്ങിൽ ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി, വിദേശകാര്യ മന്ത്രി, ഒമാൻ റോയൽ ഗാർഡ് കമാൻഡർ, റോയൽ പ്രോട്ടോക്കോളുകളുടെ തലവൻ, സുൽത്താന്റെ സൈനിക സഹായികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.