ഗവർണറേറ്റുകൾക്ക് കൂടുതൽ അധികാരങ്ങൾ നൽകും -സുൽത്താൻ
text_fieldsസ്ഥാനാരോഹണ വാർഷികദിനത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു
മസ്കത്ത്: രാജ്യത്തെ ഗവർണറേറ്റുകൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ്. സുൽത്താന്റെ അഞ്ചാം സ്ഥാനാരോഹണ വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. കൂടുതൽ അധികാരങ്ങൾ നൽകുന്നതിലൂടെ ഗവർണറേറ്റുകൾ രാജ്യത്തിന്റെ വളർച്ചയെ നയിക്കുന്ന സാമ്പത്തിക കേന്ദ്രങ്ങളായി മാറും.
ഗവർണറേറ്റുകളിൽ കൈവരിച്ച വികസന പദ്ധതികളെയും സാമ്പത്തിക, സാമൂഹിക പ്രസ്ഥാനങ്ങളെയും ഞങ്ങൾ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുവതയെ പരിപോഷിപ്പിക്കുന്നതിനും അവരുടെ ധാർമികവും പൈതൃകം സംരക്ഷിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യയും അറിവും ഉപയോഗിച്ച് അവരെ ശാക്തീകരിക്കുന്നതിനുമുള്ള തന്റെ പ്രതിബദ്ധത സുൽത്താൻ വീണ്ടും ആവർത്തിച്ചു.
നമ്മുടെ കുട്ടികൾക്കും, കൗമാരക്കാർക്കും, യുവാക്കൾക്കും പൂർണ്ണമായ പരിചരണവും തുടർച്ചയായ ശ്രദ്ധയും നൽകുന്നു. ഒമാന്റെ സമ്പന്നമായ പൈതൃകത്തിൽനിന്ന് ഒന്നിക്കാനും, സഹകരിക്കാനും, പ്രചോദനം ഉൾക്കൊള്ളാനും രാജ്യത്തെ യുവാക്കളോട് അഭ്യർഥിക്കുകയാണെന്നും സുൽത്താൻ പറഞ്ഞു.
ഒരു ലക്ഷത്തിലധികം പൗരന്മാര്ക്ക് പ്രയോജനം ലഭിക്കുന്ന 178 ദശലക്ഷം റിയാലിന്റെ ഗ്രാന്റും സുൽത്താൻ പ്രഖ്യാപിച്ചു. 1,700ല്‍ അധികം കുടുംബങ്ങളെ ഉള്‍ക്കൊള്ളുന്ന ഭവന സഹായ പദ്ധതിക്കുള്ള ധനസഹായ വിഹിതം 15 ദശലക്ഷം റിയാലാക്കി ഉയര്‍ത്തി. ഈ വര്‍ഷവും സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ നല്‍കുന്നത് തുടരും.
2025ല്‍ പൗരന്മാര്ക്ക് സാമൂഹിക, ഇന്‍ഷൂറന്‍സ് വ്യാപിപ്പിക്കും. 350 റിയാലില്‍ താഴെ പെന്‍ഷനുള്ളവര്‍ക്ക് തുക വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ബന്ധപ്പെട്ട അധികാരികള്‍ പ്രഖ്യാപിച്ച ചട്ടങ്ങള്‍ അനുസരിച്ച് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതിന് എല്ലാ ഗവര്‍ണറേറ്റുകളിലും വിവാഹ ഫണ്ടുകള്‍ സ്ഥാപിക്കുമെന്നും സുല്‍ത്താന്‍ പ്രഖ്യാപിച്ചു. ഇതിനായി ഓരോ ഗവര്‍ണറേറ്റുകളിലേക്കും ഒരു ദശലക്ഷം റിയാല്‍ വീതം ആകെ 11 ദശലക്ഷം റിയാല്‍ നീക്കിവെക്കും.
ചില വിഭാഗത്തിലുള്ളവരുടെ വായ്പകള്‍ക്കുള്ള ബാക്കി തുക സര്‍ക്കാര്‍ വഹിക്കും. ശമ്പളമോ പ്രതിമാസ പെന്‍ഷനോ ഉള്ളവര്‍ക്ക് ഭവന, നഗരാസൂത്രണ മന്ത്രാലയം, ഒമാന്‍ ഹൗസിങ് ബേങ്ക്, പ്രതിരോധ മന്ത്രാലയം എന്നിവയില്‍നിന്നുള്ള ഭവന വായ്പകള്‍ ഉള്ളവര്‍, പ്രതിമാസ ശമ്പളം 400 റിയാലോ അതില്‍ കുറവോ ഉള്ള ഭവന, നഗരാസൂത്രണ മന്ത്രാലയത്തില്‍നിന്നും ഒമാന്‍ ഹൗസിങ് ബാങ്കില്‍ നിന്നും ഭവന വായ്പയുള്ളവര്‍, സ്വകാര്യ മേഖലയില്‍നിന്ന് സേവനം അവസാനിപ്പിച്ച ഭവന വായ്പയുള്ളവര്‍, അല്‍ റഫ്ദ് ഫണ്ടില്‍ നിന്ന് നേരത്തെ ധനസഹായം ലഭിച്ചതും എന്നാല്‍, നിലവില്‍ അടച്ചുുപൂട്ടിയതോ നിഷ്ക്രിയമായതോ ആയ പദ്ധതികള്‍ക്കുള്ള വായ്പകള്‍ ഉള്ളവര്‍ എന്നിവര്‍ക്കെല്ലാം സുല്‍ത്താന്റെ പുതിയ പ്രഖ്യാപനങ്ങളുടെ ആനുകൂല്യം ലഭിക്കും.
നീതിയുടെയും മാനവികതയുടെയും തത്ത്വങ്ങളാൽ ഭരിക്കപ്പെടുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിൽ ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങൾ കൈകോർക്കണമെന്ന് സുൽത്താൻ പറഞ്ഞു. ഓരോ രാഷ്ട്രത്തിന്റെയും പവിത്രത, അതിന്റെ സ്വത്വം, മതം, വിശ്വാസങ്ങൾ, ധാർമികത എന്നിവ ബഹുമാനിക്കപ്പെടുന്നതും, മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കപ്പെടുകയും മനുഷ്യാവകാശങ്ങൾ ഉറപ്പുനൽകുകയും ചെയ്യുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് ലോകത്തിലെ എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.