ഒമാൻ-സിറിയ സൗഹൃദമത്സരം ഇന്ന്
text_fieldsമസ്കത്ത്: അറബ് കപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ഒമാൻ ദേശീയ ടീം ഇന്ന് ദുബൈയിൽ സിറിയയുമായി മാറ്റുരക്കും. ഒമാന്‍ സമയം രാത്രി 8.30 മുതല്‍ ദുബൈ ശബാബ് അല്‍ അഹ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ഡിസംബര്‍ 30നാണ് ടീമിന്റെ അടുത്ത മത്സരം. കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചിനു കീഴില്‍ ടീം ദുബൈ പൊലീസ് ഓഫിസേഴ്സ് ക്ലബ് ഗ്രൗണ്ടില്‍ പരിശീലനം നടത്തിയിരുന്നു. മസ്കത്തില് നടന്ന ക്യാമ്പിനുശേഷമാണ് ടീം ദുബൈയിലേക്കു തിരിച്ചത്. അറബ് മേഖലയിൽ മികച്ച ഫോമിൽ കളിക്കുന്ന ടീമാണ് സിറിയ. അതേസമയം, മികച്ച ഫോമിലാണ് നിലവിൽ സുൽത്താനേറ്റ് കളിക്കുന്നത്. അവസാനം നടന്ന സൗഹൃദമത്സരത്തിൽ ബെലറൂസിനെ രണ്ടു ഗോളുകൾക്കാണ് തകർത്തത്.
നേരത്തേ ലോകകപ്പിനു മുമ്പ് ജര്‍മനിയുമായും ഒമാന്‍ സന്നാഹ മത്സരം കളിച്ചിരുന്നു. ഇതിൽ അവസാന നിമിഷംവരെ പൊരുതിനിന്ന റെഡ്വാരിയേഴ്സ് ഒരുഗോളിനായിരുന്നു കീഴടങ്ങിയത്. കളി അവസാനിക്കാൻ 10 മിനിറ്റ് മാത്രം ശേഷിക്കെ നിക്കാളോസ് ഫുൾക്രഗ് നേടിയ ഗോളിലാണ് ജർമനി വിജയിച്ചത്. വമ്പൻ വിജയപ്രതീക്ഷയുമായി എത്തിയ ജർമൻപടയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചായിരുന്നു ഒമാൻ ടീമിന്റെ പ്രകടനം. പലപ്പോഴും ഇരു വിങ്ങുകളിലൂടെയും ഒമാൻ നടത്തിയ ആക്രമണങ്ങൾ ജർമൻ ടീമിന്റെ പ്രഫഷനൽ മികവിൽ മാത്രം തട്ടിയകലുകയായിരുന്നു.
ജനുവരി ആറിന് ഇറാഖിലെ ബസറയിലാണ് അറബ് ഗള്‍ഫ് കപ്പിന് തുടക്കമാകുന്നത്. ഗ്രൂപ് എയില്‍ ആതിഥേയരായ ഇറാഖ്, യമന്‍, സൗദി അറേബ്യ എന്നീ ടീമുകൾക്കൊപ്പമാണ് ഒമാന്‍. ഏഷ്യ കപ്പിനു പുറമെ ഒമാന്‍ ദേശീയ ടീമിന്റെ ഇനി വരാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്റ് കൂടിയാണ് അറബ് ഗള്‍ഫ് കപ്പ്. ഗ്രൂപ് ബിയില്‍ ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, യു.എ.ഇ എന്നിവരാണുള്ളത്. ജനുവരി 19ന് ഫൈനല്‍ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.