പുകയില ഉൽപന്നങ്ങൾക്ക് പ്ലെയിൻ പാക്കിങ് നടപ്പാക്കാൻ ഒമാൻ
text_fieldsമസ്കത്ത്: പുകയില ഉൽപന്നങ്ങൾക്ക് ആകർഷണം തോന്നിപ്പിക്കാത്ത വിധത്തിൽ ലളിതമായ പാക്കിങ് നടപ്പാക്കാൻ സുൽത്താനേറ്റ്. പുകയില നിയന്ത്രണത്തിനുള്ള ദേശീയ സമിതിയാണ് പുതിയ പാക്കിങ് രീതി അവതരിപ്പിച്ചത്. ഈ നടപടി സ്വീകരിക്കുന്ന രണ്ടാമത്തെ അറബ് രാജ്യവും ആഗോളതലത്തിൽ 22ാമത്തേയും രാജ്യമാണ് ഒമാൻ.
എല്ലാ ഡിസൈനുകളും അവകാശവാദങ്ങളും പ്രമോഷനൽ അടയാളങ്ങളും നീക്കംചെയ്യുകയാണ് പ്ലെയിൻ പാക്കേജിങ്ങിലൂടെ അധികൃതർ ഉദ്ദേശിക്കുന്നത്. അതേസമയം നിറം, ഫോണ്ട് തരം, വലുപ്പം എന്നിവ സംബന്ധിച്ച പ്രത്യേക നിയന്ത്രണങ്ങൾക്ക് കീഴിൽ ബ്രാൻഡ് നാമം നിലനിർത്തും.പുകയില ഉൽപന്നങ്ങളുടെ നിർമാതാക്കൾക്കും ഇറക്കുമതിക്കാർക്കും പുതിയ നിയന്ത്രണങ്ങൾ പാലിക്കുന്നതിനും നിലവിലുള്ള സ്റ്റോക്ക് വിനിയോഗിക്കുന്നതിനും 16 മാസത്തെ ഗ്രേസ് പിരീഡ് നൽകി ഏപ്രിൽ അവസാനത്തോടെ സമയപരിധി നിശ്ചയിച്ചു.
ബ്രാൻഡ്, ഉൽപന്ന പേരുകൾ ഒഴികെയുള്ള ലോഗോകൾ, നിറങ്ങൾ, പാക്കിങ്ങിലെ പ്രമോഷനൽ വിവരങ്ങൾ എന്നിവ നിയന്ത്രിച്ച് പുകയില ഉപയോഗം തടയുന്നതിനുള്ള മാർഗമായി പ്ലെയിൻ പാക്കേജിങ്ങിനായി വാദിക്കുന്ന ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) മാർഗനിർദേശങ്ങൾ പാലിച്ചാണ് ഈ നീക്കം. പുകയില ഉൽപന്നങ്ങളുടെ ആകർഷണം കുറക്കുക, പരസ്യത്തിന്റെ രൂപമായി പുകയില പാക്കേജിങ്ങിനെ എതിർക്കുക തുടങ്ങിയവയാണ് പ്ലെയിൻ പാക്കിങ്ങിലൂടെ ഉദ്ദേശിക്കുന്നത്.
പുകയില പാക്കിങ്ങിൽ നിക്കോട്ടിൻ അല്ലെങ്കിൽ ടാർ ലെവലുകൾ പോലുള്ള ഉള്ളടക്കങ്ങളെക്കുറിച്ചുള്ള ഒരു വിവരവും ഉൾപ്പെടുത്തരുത്. കൂടാതെ രുചി, മണം, അഡിറ്റീവുകൾ അല്ലെങ്കിൽ അവയുടെ അഭാവം എന്നിവയെക്കുറിച്ച് അവകാശവാദങ്ങൾ ഉന്നയിക്കാനും പാടില്ല. ടെക്സ്റ്റ്, ഇമേജുകൾ, സന്ദേശങ്ങൾ എന്നിവ ഉൾപ്പെടെ പാക്കേജിന്റെ ഉപരിതലത്തിന്റെ 65 ശതമാനമെങ്കിലും ഉൾക്കൊള്ളുന്ന തരത്തിൽ ആരോഗ്യ മുന്നറിയിപ്പുകളും നൽകണം. പ്ലെയിൻ പാക്കിങ് കൗമാരക്കാർക്കിടയിലും യുവാക്കൾക്കിടയിലും പുകയില ഉപഭോഗം ഫലപ്രദമായി കുറക്കുമെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ച പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ, ഇത് പുകയില ഉൽപന്നങ്ങളുടെ ആകർഷണീയത കുറക്കുകയും ചെയ്യുന്നു. പ്ലെയിൻ പാക്കേജിങ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് 1,000 റിയാൽ പിഴയും ആവർത്തിച്ചാൽ ഇരട്ടി പിഴയും ചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.