ദുരന്തനിവാരണ സംവിധാനം മെച്ചപ്പെടുത്താൻ ഒമാൻ
text_fieldsമസ്കത്ത്: പ്രകൃതി ദുരന്തങ്ങളെയടക്കം നേരിടുന്നതിനായി ദുരന്ത നിവാരണ സംവിധാനം മെച്ചപ്പെടുത്താനായി ഒമാൻ. ബന്ധപ്പെട്ട അധികാരികൾ തമ്മിലുള്ള സംയോജിത ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഏകീകൃത സംവിധാനങ്ങൾക്കനുസൃതമായി ഏത് ദുരന്തങ്ങളും അത്യാഹിതങ്ങളും കൈകാര്യം ചെയ്യുന്ന എമർജൻസി മാനേജ്മെന്റ് സംവിധാനത്തിന് സുൽത്താനേറ്റ് വളരെ അധികം പ്രധാന്യമാണ് നൽകുന്നത്. എമർജൻസി മാനേജ്മെന്റ് പ്രധാന കമ്മിറ്റി, ദേശീയ കേന്ദ്രം, ഗവർണറേറ്റുകളിലെ ഉപ കമ്മിറ്റികൾ, വിലായത്തുകളിലെ എമർജൻസി കമ്മിറ്റികൾ, പിന്തുണ മേഖലകൾ എന്നിവയാണ് എമർജൻസി മാനേജ്മെന്റ് സംവിധാനത്തിൽ ഉൾപ്പെടുന്നത്.
അടിയന്തര ഘട്ടങ്ങളിലെ തയാറെടുപ്പ് ശ്രമങ്ങൾ, പ്രതികരണം, അടിയന്തര പുനരധിവാസം എന്നിവക്ക് നിർദേശം നൽകുന്നത് നാഷനൽ സെന്റർ ഫോർ എമർജൻസി മാനേജ്മെന്റ് ആണെന്ന് നാഷനൽ സെന്റർ ഫോർ എമർജൻസി മാനേജ്മെന്റ് മേധാവി കേണൽ സാഇദ് ബിൻ ഹമദ് അൽ ജുനൈബി ഒമാൻ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസിന്റെ മേൽനോട്ടത്തിൽ സെക്ടറുകൾക്കും സബ്കമ്മിറ്റികൾക്കും ആവശ്യമായ പിന്തുണയും സഹായവും നൽകുന്നു.
അടിയന്തരാവസ്ഥ കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ സംവിധാനത്തിന് സർക്കാർ വലിയ ശ്രദ്ധയും പിന്തുണയും നൽകുന്നുണ്ടെന്ന് അൽ ജുനൈബി അഭിപ്രായപ്പെട്ടു. ഇത് കഴിഞ്ഞ വർഷങ്ങളിലുണ്ടായ തീവ്രമായ കാലാവസ്ഥയെ വിജയകരമായി നേരിടാനും അവയുടെ മാനുഷികവും ഭൗതികവുമായ ആഘാതങ്ങൾ ലഘൂകരിക്കാനും സാധിച്ചു.
ഭൂകമ്പങ്ങൾ, ഭൂചലനം, വെള്ളപ്പൊക്കം, സുനാമികൾ, രാസ, റേഡിയോ ആക്ടീവ്, ജൈവ ചോർച്ചകൾ, വായു, കടൽ, കര എന്നിവിടങ്ങളിലെ പ്രധാന ഗതാഗത സംഭവങ്ങൾ, വലിയ തീപിടിത്തങ്ങൾ, എണ്ണ ചോർച്ചയും പരിസ്ഥിതി മലിനീകരണവും, പകർച്ചവ്യാധികൾ, പൊതു സുരക്ഷയെ ബാധിക്കുന്ന മറ്റു കാര്യങ്ങൾ തുടങ്ങിയ സമയത്തെല്ലാം വലിയ തോതിലുള്ള പ്രതികരണം നടത്തുന്നത് നാഷനൽ എമർജൻസി മാനേജ്മെന്റ് കമ്മിറ്റിയാണ്.
ജോലിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ദ്രുത പ്രതികരണം നേടുന്നതിനും എല്ലാത്തരം സംഭവങ്ങളും കൈകാര്യം ചെയ്യുന്നതിനും വേണ്ടി, ദേശീയ എമർജൻസി മാനേജ്മെന്റ് കമ്മിറ്റിയുടെ ഉപസമിതികൾ എല്ലാ ഗവർണറേറ്റുകളിലും പ്രവർത്തിക്കുന്നുണ്ട്. മെഡിക്കൽ റെസ്പോൺസ്, പബ്ലിക് ഹെൽത്ത് സെക്ടർ, ബേസിക് സർവിസസ് സെക്ടർ, റിലീഫ് ആന്റ് ഷെൽട്ടർ സെക്ടർ, ഹാസാഡസ് മെറ്റീരിയൽസ് സെക്ടർ, സെർച്ച് ആൻഡ് റെസ്ക്യൂ സെക്ടർ, മീഡിയ, പബ്ലിക് അവയർനസ് സെക്ടർ എന്നിവയെല്ലാം ദേശീയ എമർജൻസി മാനേജ്മെന്റ് സെന്ററുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നവായണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.