ഒമാൻ ഈ വർഷം മൂന്ന് റോക്കറ്റുകൾ വിക്ഷേപിക്കും
text_fieldsമസ്കത്ത്: പരീക്ഷണാത്മക റോക്കറ്റായ ദുകം-1ന്റെ വിജയത്തിന്റെ അടിസ്ഥാനത്തിൽ ഈ വർഷം മൂന്ന് റോക്കറ്റുകൾ കൂടി വിക്ഷേപിക്കാൻ ഒമാൻ ഒരുങ്ങുന്നു.
ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിലെ ഡയറക്ടർ ജനറലും നാഷണൽ സ്പേസ് പ്രോഗ്രാം മേധാവിയുമായ ഡോ. സൗദ് അൽ ഷോയ്ലി ആണ് പ്രാദേശിക മാധ്യമത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശാസ്ത്ര ഗവേഷണത്തെ പിന്തുണക്കുന്നതിനും ബഹിരാകാശ പര്യവേക്ഷണത്തിൽ ഞങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് വരാനിരിക്കുന്ന വിക്ഷേപണങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
പാരിസ്ഥിതിക പഠനം, ആശയവിനിമയം, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയിൽ ഗവേഷണം പുരോഗമിക്കുന്നതിലൂടെ ആഗോള ശാസ്ത്ര സമൂഹത്തിന് ഒമാന്റെ സംഭാവന വർധിപ്പിക്കുകയാണ് ദൗത്യങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വിക്ഷേപണങ്ങൾ ബഹിരാകാശ സാങ്കേതികവിദ്യകളിൽ നൂതനത്വം വളർത്തുന്നതിനൊപ്പം ആഗോള ബഹിരാകാശ വ്യവസായത്തിലെ ഒരു പ്രധാനിയെന്ന നിലയിൽ സുൽത്താനേറ്റിന്റെ പ്രശസ്തി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാഷനൽ സ്പേസ് സർവിസസ് കമ്പനിയുടെ (നാസ്കോം) കീഴിലുള്ള ഇത്തലാക്ക് എന്ന കമ്പനിയുമായി സഹകരിച്ചാണ് ഒമാന്റെ ആദ്യ പരീക്ഷണ റോക്കറ്റായ ദുകം-1 വിജയകരമായി വിക്ഷേപിച്ചത്. 6.5 മീറ്റർ നീളവും ഇന്ധനം നിറക്കുമ്പോൾ 123 കിലോഗ്രാം ഭാരവുമുള്ള റോക്കറ്റ് പരിസ്ഥിതി, സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് വികസിപ്പിച്ചെടുത്തത്. പരിസ്ഥിതി അതോറിറ്റിയുമായുള്ള ഏകോപനം അതിന്റെ വികസനത്തിലും വിക്ഷേപണത്തിലും ഉടനീളം ഭൗമ, സമുദ്ര ആവാസവ്യവസ്ഥകൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കി. ദുകം ഒന്നിന്റെ പിന്നിൽ ബഹിരാകാശ വ്യവസായത്തിൽ വിലപ്പെട്ട അനുഭവം നേടിയ 15 ഒമാനി എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും ഉൾപ്പെട്ടിരുന്നു. റോക്കറ്റിന്റെ ഭാഗങ്ങൾ വിദേശത്താണ് നിർമിച്ചത്. നൂതന സാങ്കേതിക വിദ്യകൾ കൈമാറുന്നതിനും പ്രാദേശികവത്കരിക്കുന്നതിനുമുള്ള ഒമാന്റെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്ന അസംബ്ലിങ് പ്രാദേശികമായി നടന്നു. പദ്ധതി സുൽത്താനേറ്റിന്റെ ബഹിരാകാശ മേഖലയുടെ വളർച്ചക്ക് ഉത്തേജനം പകർന്നുവെന്ന്ഡോ.സൗദ് അൽ ഷോയ്ലി പറഞ്ഞു. ഇത് ആഗോള ബഹിരാകാശ ഭൂപടത്തിൽ ഒമാന്റെ സ്ഥാനം അടയാളപ്പെടുത്തുകയും സുൽത്താനേറ്റിലെ നിക്ഷേപം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സാങ്കേതിക പുരോഗതി എന്നിവയുടെ സാധ്യതകൾ കാണിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
ഒമാന്റെ ദേശീയ ബഹിരാകാശ പരിപാടി സുൽത്താനേറ്റിലേക്ക് അത്യാധുനിക സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നതിനും അന്താരാഷ്ട്ര സഹകരണത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായുള്ള സമീപകാല ചർച്ചകൾ ഭാവി പദ്ധതികൾക്കുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്തു.
2023 ജനുവരിയിൽ വിക്ഷേപണ സ്ഥലത്തിനായുള്ള കരാറിൽ ഒപ്പുവെച്ചതോടെയാണ് ഒമാന്റെ റോക്കറ്റ് പദ്ധതി ആരംഭിച്ചത്. അതിനുശേഷം, ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, സിവിൽ ഏവിയേഷൻ അതോറിറ്റി, പരിസ്ഥിതി അതോറിറ്റി തുടങ്ങിയ ദേശീയ സ്ഥാപനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ചേർന്ന് പ്രവർത്തിച്ചു.
ദുകം -1 റോക്കറ്റും വരാനിരിക്കുന്ന വിക്ഷേപണങ്ങളും ഒമാന്റെ ബഹിരാകാശ പര്യവേക്ഷണ പദ്ധതികൾക്ക് ഗതിവേഗം നൽകും.
പ്രാദേശികവും അന്തർദേശീയവുമായ നിക്ഷേപങ്ങൾ ആകർഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും മേഖലയിലെ ബഹിരാകാശ പര്യവേക്ഷണത്തിന്റെ മുൻനിരയിൽ സ്ഥാനം പിടിക്കാനും സുൽത്താനേറ്റ് ശ്രമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.