സഞ്ചാരികളുടെ വരവ് വർധിച്ചു; ടൂറിസം മേഖലയിൽ ഉണർവ്
text_fieldsമസ്കത്ത്: രാജ്യത്ത് വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചതോടെ ടൂറിസം മേഖലയിൽ പുത്തനുണർവ് ദൃശ്യമായി. ഈ വർഷം മേയ് അവസാനം വരെ 1.5 മില്യണിലധികം ആളുകളാണ് സുൽത്താനേറ്റിന്റെ മണ്ണിലെത്തിയത്. മുൻവർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 95.1 ശതമാനത്തിന്റെ വർധനയാണ് സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.
വിനോദസഞ്ചാരികളുടെ വരവിലെ കുതിച്ചുചാട്ടം ഈ കാലയളവിൽ ത്രീ, ഫോർ സ്റ്റാർ ഹോട്ടലുകളുടെ വരുമാനത്തിലും ശ്രദ്ധേയ വളർച്ചയുണ്ടാക്കി. കഴിഞ്ഞ വർഷത്തെ 73 ദശലക്ഷം റിയാലിനെ അപേക്ഷിച്ച് ഹോട്ടലുകളുടെ വരുമാനം 98.4 ദശലക്ഷം റിയാൽ ആയതായി പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 2022ഉമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 34.7 ശതമാനത്തിന്റെ വളർച്ചയാണ് വരുമാനത്തിലുണ്ടായിരിക്കുന്നത്. ഹോട്ടൽ അതിഥികളുടെ എണ്ണം മേയ് അവസാനം വരെ 27.3 ശതമാനം വർധിച്ച് 8,00,952 ആയി രേഖപ്പെടുത്തി.
മുൻവർഷത്തെ ഇതേ കാലയളവിൽ ഇത് 6,29,143 ആയിരുന്നു. താമസ നിരക്കിൽ 13.6 ശതമാനത്തിന്റെ ഉയർച്ചയാണുണ്ടായിരിക്കുന്നത്. വിനോദസഞ്ചാര മേഖലയുടെ മികച്ച പ്രകടനവും സഞ്ചാരികളുടെ ഉയർച്ചയും ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനുള്ള ഒമാന്റെ കഴിവിനെയാണ് എടുത്തുകാണിക്കുന്നത്. ഈ വർഷം ശൈത്യകാലം ആരംഭിക്കുന്നതോടെ സന്ദർശകരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടവും വരുമാനം വർധിപ്പിക്കാനുമാകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. ഇത് ടൂറിസം വ്യവസായത്തിന്റെ വീണ്ടെടുപ്പിന് കൂടുതൽ ഊർജം പകരുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.