ഖാബൂറ കോട്ട സഞ്ചാരികളെ സ്വീകരിക്കാൻ ഒരുങ്ങി
text_fieldsമസ്കത്ത്: ബാത്തിന ഗവർണറേറ്റിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ ഖാബൂറ കോട്ട അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സഞ്ചാരികളെ സ്വീകരിക്കാനായി ഒരുങ്ങി. പൈതൃക, സാംസ്കാരിക മന്ത്രാലയത്തിന് കീഴിലാണ് കോട്ടയുടെ നവീകരണ ജോലികൾ പൂർത്തീകരിച്ചത്. തകർന്നുവീണ മതിലിെൻറ പുനരുദ്ധാരണമായിരുന്നു പ്രധാന നവീകരണ പ്രവർത്തനം. ഇതോടൊപ്പം കോട്ടയിലെ മുറികൾ, കവാടം, ഗോപുരങ്ങൾ എന്നിവയും നവീകരിച്ചു. ജനശ്രദ്ധയാകർഷിക്കുന്ന സ്ഥലമാണ് ഖാബൂറ കോട്ട. സഞ്ചാരികൾ പലരും ഇതിനെ യുദ്ധകേന്ദ്രമായാണ് കരുതുന്നതെന്ന് മന്ത്രാലയം അധികൃതർ പറയുന്നു. എന്നാൽ, യഥാർഥത്തിൽ കോടതിയാണ് ഇവിടെ പ്രവർത്തിച്ചിരുന്നതെന്ന് പൈതൃക, സാംസ്കാരിക മന്ത്രാലയത്തിലെ ആമിർ അൽ ബലൂഷി പറഞ്ഞു. വൈദ്യുതീകരണ ജോലികൾ പൂർത്തീകരിച്ചതിന് ഒപ്പം കോട്ടയിലെത്തുന്ന സഞ്ചാരികൾക്കായി പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. കോട്ടയുടെ പാരമ്പര്യത്തനിമ നിലനിർത്തുന്നതിെൻറ ഭാഗമായി കല്ലുകളും ചളിയും ഉപയോഗിച്ചാണ് നവീകരണ ജോലികൾ പൂർത്തീകരിച്ചിരിക്കുന്നത്. നേരത്തേ 1994ലായിരുന്നു നവീകരണം നടത്തിയത്. അന്ന് കോട്ടയുടെ അകത്തെയും പുറത്തെയും അടിത്തറ ദൃഢമാക്കൽ, ചുമരുകളിലെ കോൺക്രീറ്റിങ് തുടങ്ങിയ ജോലികളാണ് നടന്നത്. നേരത്തെയുണ്ടായിരുന്ന മതിലുകളുടെ അതേ അളവിലും മാതൃകയിലുമാണ് പുതിയ മതിലുകൾ നിർമിച്ചിരിക്കുന്നത്. നിരവധി സഞ്ചാരികളെ ആകർഷിക്കാനാകുമെന്ന് ആമിർ അൽ ബലൂഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.