അയിൻ ഖോർ: ഖരീഫിൽ ഉറവ പൊട്ടുന്ന വെള്ളച്ചാട്ടം
text_fieldsസലാല: ഖരീഫ് മഴയിൽ രൂപംകൊണ്ട അയിൻ ഖോർ വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുന്നു. സ്വദേശികളേയും വിദേശികളേയും ഒരുപോലെ അദ്ഭുതം കൊള്ളിക്കുന്ന ഈ വിസ്മയ കാഴ്ച കാണാൻ നിരവധി സന്ദർശകരാണ് എത്തുന്നത്. സലാലയുടെ 35 കി.മീ. അകലെ പടിഞ്ഞാറ് ഭാഗത്ത് റായ്സൂരിനടുത്ത മലനിരകളിലാണ് ഖരീഫ്കാലത്ത് മാത്രം ഉരവംകൊള്ളുന്ന ഈ സുന്ദര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. താഴെയായി ജലസമൃദ്ധമായ തടാകവും നിയത രൂപങ്ങളില്ലാത്ത പാറക്കെട്ടുകളിലൂടെ തുള്ളി ഒഴുകുന്ന നീർചാലുകളും ചെറുജലധാരകളുമെല്ലാം സുന്ദരമായ കാഴ്ചാനുഭൂതിയാണ് പകരുന്നത്.
ഉരുളൻ കല്ലുകൾ നിറഞ്ഞ, വെള്ളച്ചാട്ടത്തിൽ നിന്നൊഴുകുന്ന ജലംനിറഞ്ഞ വാദിയെന്നോ വഴിയെന്നോ തിരിച്ചറിയാനാകാത്ത വഴിയിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ചാലേ ഇവിടേക്ക് എത്തിച്ചേരാൻ കഴിയുകയുള്ളൂ. ഫോർവീൽ ഗിയറുള്ള വാഹനങ്ങളെ മാത്രമേ ഇവിടേക്ക് കടത്തിവിടൂ. ചെറുവാഹനങ്ങളിൽ വരുന്നവർ വാഹനം ദൂരെ പാർക്ക് ചെയ്തതിന് ശേഷം ഇരുവശത്തെയും മലനിരകൾക്കിടയിലൂടെ പാറക്കെട്ടുകൾ നടന്നുകയറിയും വെള്ളമൊഴുകുന്ന വഴികൾ മുറിച്ചുകടന്നും അരമണിക്കൂറിലേറെ നടന്നാൽ മാത്രമേ ഇവിടേക്ക് എത്തിച്ചേരാൻ കഴിയൂ. കുടുംബസമേതം വരുന്നവർ കുട്ടികൾക്കും മറ്റും ആവശ്യമായ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.