ഖുറിയാത്തിൽ വിനോദസഞ്ചാര പദ്ധതിക്ക് തറക്കല്ലിട്ടു
text_fieldsമസ്കത്ത്: ഖുറിയാത്തിൽ ഒരു വൻകിട വിനോദസഞ്ചാര പദ്ധതികൂടി വരുന്നു. മൂന്നു ഘട്ടങ്ങളിലായി നിർമിക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം ടൂറിസം മന്ത്രി അഹ്മദ് ബിൻ നാസർ അൽ മഹ്രീസി കഴിഞ്ഞദിവസം നിർവഹിച്ചു. 385 ദശലക്ഷം റിയാൽ ചെലവിട്ട് ഖുറിയാത്ത് ഡെവലപ്മെൻറ് കമ്പനിയാണ് ഇൻറഗ്രേറ്റഡ് ടൂറിസം പദ്ധതി നിർമിക്കുന്നത്. ഖുറിയാത്തിെൻറ മുഖം മാറ്റുന്ന പദ്ധതി രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികൾക്ക് സഹായകരമാകുന്നതിന് ഒപ്പം സ്വദേശികൾക്ക് നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. ടൂറിസം, താമസയിടം, വിനോദം എന്നിങ്ങനെ മൂന്നു വിഭാഗമായാണ് പദ്ധതി തരം തിരിച്ചിരിക്കുന്നത്.
മൊത്തം 750 മുറികളുള്ള മൂന്നു നക്ഷത്ര ഹോട്ടലുകൾ ഇവിടെയുണ്ടാകും. ഒമ്പത് ഹോൾ ഗോൾഫ് കോഴ്സ്, വിദേശികൾക്ക് സ്വതന്ത്ര ഉടമസ്ഥാവകാശം ലഭിക്കുന്ന 3000 താമസയിടങ്ങൾ എന്നിവയും ഇവിടെയുണ്ടാകും. വാട്ടർ പാർക്, ഹോട്ടലുകൾ, കഫെകൾ, സിനിമ തിയറ്ററുകൾ, െഹൽത്ത് ക്ലബുകൾ എന്നിവയും നിർമിക്കും. കപ്പലുകൾ അടുക്കുന്നതിന് ഫ്ലോട്ടിങ് ബെർത്ത് നിർമിക്കും. സഞ്ചാരികൾക്ക് കടൽവഴി യാത്ര സാധ്യമാകുന്നത് കൂടുതൽ പേരെ ആകർഷിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒാരോഘട്ടവും അഞ്ചുവർഷം സമയമെടുത്താകും പൂർത്തീകരിക്കുക. അടിസ്ഥാന സൗകര്യ വികസനത്തിന് ഒപ്പം 400 വീടുകൾ, 250 മുറികളുള്ള ചതുർനക്ഷത്ര ഹോട്ടൽ , 53,000 ചതുരശ്ര മീറ്റർ ചുറ്റളവിൽ താമസ-വാണിജ്യ കേന്ദ്രം, വാട്ടർപാർക്ക് അടക്കം വിനോദ സൗകര്യങ്ങളും ഒന്നാംഘട്ടത്തിൽ പൂർത്തിയാകും. പദ്ധതിയുടെ രണ്ടാംഘട്ടമാണ് ഏറ്റവും വലുത്. ഇതിൽ 1200 വീടുകൾ പുതുതായി നിർമിക്കും.
പതിനായിരം സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള പള്ളി, 150 മുറികളുള്ള പുതിയ ത്രിനക്ഷത്ര ഹോട്ടൽ, ആദ്യഘട്ടത്തിൽ നിർമിച്ച ഹോട്ടലിനൊപ്പം 150 പുതിയ മുറികൾ കൂട്ടിച്ചേർക്കുകയും ചെയ്യും. ഗോൾഫ് കോഴ്സ് ഇൗ ഘട്ടത്തിലാണ് പൂർത്തിയാവുക. മൂന്നാംഘട്ടത്തിൽ 1364 താമസ ഇടങ്ങൾ നിർമിക്കും. ഇതിൽ 36 വില്ലകളും ഉൾപ്പെടും.
ത്രിനക്ഷത്ര ഹോട്ടലിൽ 150 മുറികൾ കൂട്ടിച്ചേർക്കുന്നതിന് ഒപ്പം 200 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലും നിർമിക്കും. പദ്ധതിയുടെ നിർമാണത്തിന് ഖുറിയാത്ത് ഡെവലപ്മെൻറ് കമ്പനി മദീന റിയൽ എസ്റ്റേറ്റ് കമ്പനി, സ്പേസ് ഗൾഫ് കമ്പനി എന്നിവയുമായി ധാരണയിൽ എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.