ഒമാൻ-യു.എ.ഇ റെയിൽവേ പദ്ധതി പുരോഗതി വിലയിരുത്തി
text_fieldsമസ്കത്ത്: സുൽത്താനേറ്റിനെയും യുനൈറ്റഡ് അറബ് എമിറേറ്റ്സിനെയും (യു.എ.ഇ) ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയുടെ നടത്തിപ്പിനായുള്ള ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം കഴിഞ്ഞ ദിവസം മസ്കത്തിൽ ചേർന്നു. പദ്ധതിയുടെ വികസന പുരോഗതി ബോർഡ് അവലോകനം ചെയ്തു.
റൂട്ടിലെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾ കണക്കിലെടുത്ത് ഏറ്റവും നൂതന എൻജിനീയറിങ് രീതികളാണ് പദ്ധതിക്കായി സ്വീകരിച്ചിരിക്കുന്നത്. ഇത് ടണൽ ജോലികളിൽ 25 ശതമാനവും പാലം നിർമാണത്തിൽ 50 ശതമാനവും കുറവ് വരുത്തും. 2.5 കിലോമീറ്റർ നീളമുള്ള നിരവധി തുരങ്കങ്ങളും 34 മീറ്റർ ഉയരത്തിൽ എത്തുന്ന പാലങ്ങളും പദ്ധതിയിലുണ്ട്.
ശൃംഖലയിലെ വൈവിധ്യമാർന്ന കാലാവസ്ഥയെ അഭിസംബോധന ചെയ്യുന്നതിനായി പ്രത്യേക ജലവൈദ്യുതി പരിഹാരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സിവിൽ വർക്കുകൾ, സംവിധാനങ്ങൾ, ലോക്കോമോട്ടിവുകൾ, ട്രെയിലറുകൾ എന്നിവ ഉൾപ്പെടുന്ന എല്ലാ പ്രോജക്ട് പാക്കേജുകൾക്കുമുള്ള വ്യത്യസ്ത ടെൻഡറുകളുടെ പുരോഗതിയും ബോർഡ് അവലോകനം ചെയ്തു.
പ്രാദേശിക കമ്പനികളുടെ സജീവമായ ഇടപെടലും ഈ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രമുഖ ആഗോള കമ്പനികളുമായുള്ള അവരുടെ സഹകരണവും യോഗം എടുത്തുപറഞ്ഞു. കൂടാതെ, വിവിധ പ്രോജക്ട് സെഗ്മെന്റുകൾക്കായുള്ള ടെൻഡർ പ്രക്രിയകളിലെ പുരോഗതിയും വിശകലനം ചെയ്തു.
സംയോജിത ലോജിസ്റ്റിക്സ് സൊലൂഷനുകൾ സ്ഥാപിക്കുന്നതിന് യു.എ.ഇയിലെയും ഒമാനിലെയും വിവിധ സ്ഥാപനങ്ങളുമായി കമ്പനിയുടെ സഹകരണ തന്ത്രങ്ങളെക്കുറിച്ചും ബോർഡ് ചർച്ച ചെയ്തു. ഈ സംരംഭങ്ങൾ റെയിൽവേ ശൃംഖലയെ തുറമുഖങ്ങൾ, മാരിടൈം, ലാൻഡ് ഷിപ്പിങ്, വെയർഹൗസിങ്ങും വിതരണവും ഉൾപ്പെടെയുള്ള ലോജിസ്റ്റിക് സേവനങ്ങളുമായി പരസ്പരം ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.
ഇത്തിഹാദ് റെയിൽ ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ മസ്റൂയി, ഒമാൻ ഗതാഗതം, വാർത്താവിനിമയം, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ഹമൂദ് അൽ മആവലി, ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പദ്ധതിയുടെ നടത്തിപ്പിന് അധികൃതർ ഫെബ്രുവരിയിൽ സുപ്രധാന ചുവടുവെപ്പ് നടത്തിയിരുന്നു. 303 കിലോമീറ്റർ പാതയുടെ വികസനത്തിനായി മേല്നോട്ടം വഹിക്കുന്ന ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി അബൂദബിയിലെ മുബദാല ഇൻവെസ്റ്റ്മെന്റ് കമ്പനിയുമായാണ് കരാർ ഒപ്പിട്ടത്. മൂന്നു ശതകോടി ഡോളറിന്റെ നിക്ഷേപ കരാറിലാണ് എത്തിയിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തമ്മിൽ റെയിൽവേ ശൃംഖല സ്ഥാപിക്കാൻ ധാരണയിലെത്തിയത്. പദ്ധതി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വിനോദസഞ്ചാരവും ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമാനിലെ തുറമുഖ നഗരമായ സുഹാറിനെ യു.എ.ഇ തലസ്ഥാനമായ അബൂദബിയെയും ബന്ധിപ്പിക്കുന്നതാണ് പദ്ധതി.
ഏകദേശം 1.160 ശതകോടി റിയാൽ ചെലവിലായിരിക്കും പദ്ധതി ഒരുക്കുക. റെയിൽവേ ശൃംഖല നടപ്പാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായാണ് ഒമാൻ റെയിലും ഇത്തിഹാദ് റെയിലും ചേർന്ന് ‘ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ’ എന്ന കമ്പനി സ്ഥാപിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.