ഒമാൻ-യു.എ.ഇ റെയിൽപാത; മൂന്ന് കരാറുകളിൽ ഒപ്പുവെച്ചു
text_fieldsമസ്കത്ത്: ഒമാൻ യു.എ.ഇ റെയിൽവേ ശൃംഖലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മൂന്ന് കരാറുകളിൽ ഒപ്പുവെച്ചു. സുൽത്താന്റെ യു.എ.ഇ സന്ദർശനത്തിന്റെ ഭാഗമായായിരുന്നു കരാർ. ഇതിൽ ആദ്യത്തേത് ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദാല എന്നിവ ഉൾപ്പെടുന്ന ഓഹരി ഉടമകൾ തമ്മിലുള്ള പങ്കാളിത്ത കരാറാണ്. ‘ട്രോജൻ കൺസ്ട്രക്ഷൻ ഗ്രൂപ്’, ‘ഗാൽഫാർ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ്’ എന്നിവയുടെ നേതൃത്വത്തിലുള്ള ഒമാനി-ഇമാറാത്തി സഖ്യത്തിനുള്ള സിവിൽ കരാറുകളാണ് രണ്ടാമത്തേത്. തീവണ്ടികളിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉറപ്പാക്കാൻ സീമെൻസും എച്ച്.എസിയും തമ്മിലുള്ള സഖ്യത്തിന് റെയിൽവേ ശൃംഖല സംവിധാനിക്കാനുള്ള ചുമതല നൽകുന്നതാണ് മൂന്നാമത്തെ കരാർ.
ഒമാനി നിക്ഷേപ അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ്, യുനൈറ്റഡ് അറബ് എമിറേറ്റിലെ ഒമാൻ അംബാസഡർ ഡോ. അഹമ്മദ് ബിൻ ഹിലാൽ അൽ ബുസൈദി, അബൂദബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി മാനേജിങ് ഡയറക്ടർ ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ, ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി, നിക്ഷേപ വകുപ്പ് മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽ സുവൈദി, ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി തുടങ്ങിയവർ ഇരുഭാഗത്തുനിന്നുമായി കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു.
റെയിൽ ശൃംഖലയുടെ പ്രവൃത്തികൾ ഉടൻ തുടങ്ങുമെന്ന് ഒമാൻ ഗതാഗത, വാർത്ത, വിനിമയ, വിവര സാങ്കേതിക മന്ത്രാലയം അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മന്ത്രാലയത്തിന്റെ വാർഷിക പദ്ധതികൾ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ വിശദീകരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
റെയിൽവേ ശൃംഖല നടപ്പാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ഒമാൻ റെയിലും ഇത്തിഹാദ് റെയിലും ചേർന്ന് ‘ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ’ എന്ന കമ്പനി സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിന് 2023 ഫെബ്രുവരിയിൽ സുപ്രധാന ചുവടുവെപ്പ് അധികൃതർ നടത്തിയിരുന്നു.
303 കിലോമീറ്റർ പാതയുടെ വികസനത്തിന് മേല്നോട്ടം വഹിക്കുന്ന ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി അബൂദബിയിലെ മുബദാല ഇൻവെസ്റ്റ്മെന്റ് കമ്പനിയുമായാണ് കരാർ ഒപ്പിട്ടത്.
മൂന്നു ശതകോടി ഡോളറിന്റെ നിക്ഷേപ കരാറിലാണ് എത്തിയിരിക്കുന്നത്. 2022 സെപ്റ്റംബറിൽ യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തമ്മിൽ റെയിൽവേ ശൃംഖല സ്ഥാപിക്കാൻ ധാരണയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.