ഒമാനിൽ മഴ കനത്തു, വെള്ളപ്പൊക്കം, ഗതാഗതം മുടങ്ങി; ശഹീൻ ചുഴലിക്കാറ്റ് തീരത്തിന് തൊട്ടരികിൽ
text_fieldsമസ്കത്ത്: ശഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തോട് അടുത്ത് കൊണ്ടിരിക്കുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചിനും എട്ടിനുമിടയിൽ മുസന്നക്കും സഹത്തിനുമിടയിൽ കാറ്റ് തീരം തൊടുമെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം അറിയിച്ചു.
ശനിയാഴ്ച രാത്രി മുതൽ മസ്കത്ത്, ബാത്തിന ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുകയാണ്. വിവിധ പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. വ്യാപക നാശനഷ്ടങ്ങളാണ് പലയിടത്തും റിപ്പോർട്ട് ചെയ്യുന്നത്. വരും മണിക്കൂറുകളിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മഴ കനക്കും. വെള്ളപ്പൊക്ക ഭീതി നിലനിൽക്കുന്ന പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ മാറ്റി പാർപ്പിക്കുന്നുണ്ട്.
അതിനിടെ, റോഡുകളിൽ വെള്ളം കയറി പലയിടത്തും ഗതാഗതം മുടങ്ങി. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായി മസ്കത്ത്, മത്ര ഭാഗങ്ങളിൽ വീടുകളിലും വാഹനങ്ങളിലും കുടുങ്ങിയ 55 പേരെ രക്ഷിച്ചു. 30പേർ വീടുകളിലും 25പേർ വാഹനങ്ങളിലുമാണ് കുടുങ്ങിയിരുന്നത്.
ഖുറം ബിസിനസ് ഡിസ്ട്രിക് മേഖല പൂർണമായി ഒഴിപ്പിക്കാൻ നാഷനൽ എമർജൻസി സെൻറർ നിർദേശിച്ചു. 2007ൽ ഗോനു ചുഴലിക്കാറ്റ് വീശിയടിച്ചതിന് സമാനമായ സാഹര്യമാണ് മസ്കത്ത് മേഖലയിലുള്ളത്. ഖുറം മേഖല ഏതാണ്ട് പൂർണമായി വെള്ളക്കെട്ടിലമർന്നു.
അതേസമയം, ശഹീൻ ചുഴലികാറ്റിെൻറ വേഗത മണിക്കൂറിൽ 139 കിലോമീറ്ററായി വർധിച്ചതായി ദേശീയ ദുരന്ത നിവാരണ മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.