കാലാവസ്ഥ ചതിച്ചു; ഒമാൻ പച്ചക്കറികൾ വിപണിയിലെത്താൻ വൈകും
text_fieldsമസ്കത്ത്: കഴിഞ്ഞമാസം അനുഭവപ്പെട്ട കനത്ത ചൂട് ഒമാൻ കാർഷിക മേഖലയെ പ്രതികൂലമായി ബാധിച്ചു. സാധാരണ ഗതിയിൽ നവംബർ ആദ്യത്തോടെയാണ് ഒമാനി കാർഷിക മേഖല സജീവമാവുന്നതും കാർഷിക ഉൽപന്നങ്ങൾ വിപണിയിലെത്തുന്നതും. എന്നാൽ കടുത്ത ചൂട് കാരണം ഒന്നാം വിള നശിക്കുകയായിരുന്നു. അതിനാൽ ഒമാനി പച്ചക്കറി വിഭവങ്ങൾ പലതും ഡിസംബർ പകുതിക്ക് ശേഷം മാത്രമാണ് വിപണിയിലെത്തുക.
സാധാരണ നവംബറോടെ ഒമാനി കാർഷിക ഉൽപന്നങ്ങൾ സുലഭമായി മാർക്കറ്റിൽ എത്താറുണ്ട്. അതോടെ ഒമാൻ പച്ചക്കറി ഉൽപന്നങ്ങൾ വിപണി കീഴടക്കുകയും വിലക്കുറവ് അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ഒക്ടോബറിലാണ് ഒമാനിലെ ഒന്നാംവിള ആരംഭിക്കുന്നതെന്നും കടുത്ത ചൂട് ഒന്നാംവിളയെ പ്രതികൂലമായി ബാധിച്ചെന്നും നിരവധി കാർഷിക ഫാമുകളുടെ ഉടമസ്ഥതയുള്ള പ്രമുഖ കയറ്റുമതി ഇറക്കുമതി സ്ഥാപനമായ സൂഹൂൽ അൽ ഫൈഹ ഗ്രൂപ് ഓഫ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. ഒന്നാംവിള നശിച്ചത് കാരണം രണ്ടാംവിളയുടെ ഉൽപന്നങ്ങൾ ഡിസംബർ പകുതിക്ക് ശേഷം മാത്രമാണ് വിപണിയിലെത്തുക. ഇത് കാരണം തക്കാളി അടക്കമുള്ള ഉൽപന്നങ്ങളുടെ വില ഡിസംബർ അവസാനംവരെ ഉയർന്നുതന്നെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാബേജ്, കോളിഫ്ലവർ, കാപ്സിക്കം, പച്ചമുളക് തുടങ്ങിയവയുടെ ഉൽപാദനത്തെ കടുത്ത ചൂട് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ചില ഒമാൻ പച്ചക്കറി വിഭവങ്ങളായ പാവക്ക, വഴുതന, കദ്ധു, കുമ്പളം, കൂസ, നീണ്ട ബീൻസ്, കക്കിരി തുടങ്ങിയവ കുറഞ്ഞ തോതിൽ വിപണിയിലെത്തിയിട്ടുണ്ട്. എല്ലാ ഉൽപന്നങ്ങളും വിപുലമായി വിപണിയിലെത്തണമെങ്കിൽ ജനുവരി ആദ്യംവരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒമാൻ പച്ചക്കറി വിഭവങ്ങളിൽ കഴിഞ്ഞ വർഷം മുതൽ കീടനാശിനി അളവിൽ വൻകുറവാണ് വരുത്തിയിരിക്കുന്നത്. അധികൃതർ കീടനാശിനി ഉപയോഗത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് പച്ചക്കറി പഴ വർഗങ്ങളുടെ ഗുണനിലവാരം ഉയർന്നത്.
നേരത്തെയുണ്ടായിരുന്ന പല കീടനാശിനികൾക്കും ഒമാനിൽ നിരോധനവുമുണ്ട്. ഇവ കാർഷിക തോട്ടങ്ങളിൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ അധികൃതർ പരിശോധനയും നടത്തി വരുന്നുണ്ട്. ഉൽപന്നങ്ങളിലെ കീടനാശിനിയുടെ അളവ് കണ്ടെത്താനുള്ള ലാബ് പരിശോധനയും നടത്തുന്നുണ്ട്.
ഇതോടെ ഒമാൻ പച്ചക്കറികൾക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യതയും വർധിച്ചു. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് കീടനാശി അംശം വളരെ കുറഞ്ഞ ഉൽപന്നമായി ഒമാൻ പച്ചക്കറി മാറിയത് വിപണന സാധ്യതയും ഉയർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.