സിറിയയുടെ അറബ് ലീഗ് അംഗത്വം സ്വാഗതംചെയ്ത് ഒമാൻ
text_fieldsമസ്കത്ത്: സിറിയയെ അറബ് സഖ്യത്തിൽ തിരികെ കൊണ്ടുവന്നതിനെ സ്വഗതം ചെയ്ത് ഒമാൻ. ജിദ്ദയിൽ നടന്ന അറബ് ഉച്ചകോടിയിൽ സംസാരിക്കവെ അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താന്റെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉച്ചകോടിക്ക് സുൽത്താൻ ഹൈതം ബിൻ താരീഖിന്റെ ആശംസകളും പിന്തുണയും അറിയിക്കുകയാണെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു.
അറബ് ഐക്യദാർഢ്യം പുനരുജ്ജീവിപ്പിക്കാനും കൂട്ടായ പരിഹാരങ്ങളിലൂടെ മേഖലയിലെ പ്രതിസന്ധികൾക്ക് അറുതിവരുത്താനുമുള്ള ശ്രമങ്ങൾക്ക് മുൻകൈയെടുക്കുന്ന സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനും അറബ് നേതാക്കന്മാർക്കും നന്ദിയും അഭിവാദ്യങ്ങളും നേരുന്നു. ഉച്ചകോടി നമ്മുടെ രാജ്യങ്ങൾക്കും ജനങ്ങൾക്കും അറബ് രാഷ്ട്രത്തിനും ഗുണം ചെയ്യും. അറബ് ലോകം ലോകത്തിലെ ഒരു പ്രധാന സ്തംഭത്തെ പ്രതിനിധാനംചെയ്യുന്നതിനാൽ ഇത് ലോകത്തിലെ മറ്റ് രാജ്യങ്ങളിൽ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുമെന്നതിൽ സംശയമില്ല. അധികാരമേറ്റതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുള്ള ആദ്യത്തെ പ്രസംഗത്തിൽ അറബ് ലീഗിനെ പിന്തുണക്കുന്നത് തുടരുമെന്ന് സുൽത്താൻ പ്രതിജ്ഞയെടുത്തിരുന്നെന്ന് അസദ് ചൂണ്ടിക്കാട്ടി.
അറബ് രാജ്യങ്ങളിലെ നേതാക്കളുമായി സഹകരിക്കുമെന്നും പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും ഈ പ്രദേശത്തെ സംഘർഷങ്ങളിൽനിന്നും അഭിപ്രായവ്യത്യാസങ്ങളിൽനിന്നും അകറ്റിനിർത്തുമെന്നും സുൽത്താൻ പറഞ്ഞിരുന്നു. ഈ തത്ത്വങ്ങളുടെയും ലക്ഷ്യങ്ങളുടെയും വീക്ഷണകോണിൽനിന്ന്, അറബ് ലീഗിൽ സിറിയയുടെ പങ്കാളിത്തം പുനരാരംഭിക്കുന്നതിനെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഫലസ്തീൻ ജനതയുടെ കഷ്ടപ്പാടുകൾക്ക് ന്യായമായ ഒരു പരിഹാരം കണ്ടെത്താൻ കഴിയാത്തത് അന്താരാഷ്ട്ര സമൂഹത്തിന്റെ കഴിവില്ലായ്മയാണെന്നും അസദ് പറഞ്ഞു.
സുൽത്താനേറ്റിന്റെ പ്രതിനിധിസംഘത്തെ അസദായിരുന്നു നയിച്ചത്. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, നീതിന്യായ നിയമകാര്യ മന്ത്രി ഡോ. അബ്ദുല്ല മുഹമ്മദ് അൽ സഈദി, സാമ്പത്തികമന്ത്രി ഡോ. സഈദ് മുഹമ്മദ് അൽ സഖ്രി, ഈജിപ്തിലെ ഒമാൻ അംബാസഡറും അറബ് ലീഗിലെ സ്ഥിരംപ്രതിനിധിയുമായ അബ്ദുല്ല നാസർ അൽ റഹ്ബി, സൗദി അറേബ്യയിലെ ഒമാൻ അംബാസഡർ സയ്യിദ് തുർക്കി ഫൈസൽ അൽ സഈദ്, സയ്യിദ് അസദിന്റെ ഓഫിസിലെ രണ്ട് ഉപദേഷ്ടാക്കൾ എന്നിവരടങ്ങുന്ന സംഘമാണ് പരിപാടിയിൽ സംബന്ധിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.