ഗസ്സയിലെ നടുക്കുന്ന ഓർമകളുമായി ഒമാനി പൗരി സീമ ബഷർ
text_fieldsമസ്കത്ത്: ഇസ്രായേൽ നരനായാട്ട് നടത്തിക്കൊണ്ടിരിക്കുന്ന ഗസ്സയിലെ നടുക്കുന്ന ഓർമകളുമായി ഒമാനി പൗരി സീമ ബഷർ. ഗസ്സയിൽനിന്ന് സുരക്ഷിതമായി അഞ്ചംഗം കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസം ഒമാനിൽ തിരിച്ചെത്തിയ ഇവർ പ്രാദേശിക മാധ്യമത്തോട് സംസാരിക്കവേയാണ് ഗസ്സ മുനമ്പിലെ ദുരിതക്കാഴ്ചകൾ വിവരിച്ചത്.
ഈജിപ്ഷ്യൻ വിദേശ മന്ത്രാലയത്തിന്റെ സഹകരണത്തോടെയും ഏകോപനത്തോടെയുമായിരുന്നു ഇവരെ ഗസ്സ മുനമ്പിൽനിന്ന് ഒമാൻ അധികൃതർ രക്ഷിച്ചത്.
ഫലസ്തീൻ പൗരനെ വിവാഹംകഴിച്ച സീമ 13 വർഷമായി ഗസ്സയിലെ അൽ റിമാൽ പരിസരത്താണ് താമസിക്കുന്നത്. യുദ്ധത്തിന്റെ മൂന്നാം ദിവസം തന്നെ ഞങ്ങളുടെ വീട് തകർന്നുവെന്ന് മൂന്നുമക്കളുടെ മാതാവുകൂടിയായ ഇവർ പറഞ്ഞു. ഒരുവീട്ടിൽനിന്ന് മറ്റൊന്നിലേക്കു മാറിയാണ് പലപ്പോഴും ബോംബിങ്ങിൽനിന്ന് രക്ഷപ്പെട്ടിരുന്നത്. രക്ഷപ്പെടുന്നതുവരെ 90 ദിവസങ്ങളിലും ഇതുതുടർന്നു.
വീടിനുനേരെയുണ്ടായ ബോംബാക്രമണത്തിൽ തങ്ങളുടെ സ്വപ്നങ്ങളാണ് തകർന്നത്. വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെ പടുത്തുയർത്തിയവ ഒരു നിമിഷം കൊണ്ടാണില്ലാതായത്.
ഭക്ഷണം, വെള്ളം, മരുന്നുകൾ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾപോലും കുറവായിരുന്നു. കുടിവെള്ളത്തിനു കടുത്ത ക്ഷാമമാണുണ്ടായിരുന്നത്. ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉയർന്ന വില കാരണം ഞങ്ങൾ കഷ്ടപ്പെട്ടു. ടിന്നിലടച്ച സാധനങ്ങൾ മാത്രമാണ് ലഭിച്ചത്. കൂടാതെ, മാനുഷിക സഹായം കൃത്യസമയത്ത് ഞങ്ങളിലേക്കെത്തിയില്ലെന്നും സീമ പറഞ്ഞു. മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാമായി.
പരിക്കേറ്റവർക്കും രോഗികൾക്കും ചികിത്സിക്കാൻപോലും മരുന്ന് കിട്ടുന്നില്ല. തന്റെ അമ്മായിയമ്മക്ക് വിട്ടുമാറാത്ത രോഗങ്ങളുള്ളതിനാൽ പ്രാദേശിക ഭരണകൂടത്തിന് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ലെന്നും സീമ സങ്കടത്തോടെ പറഞ്ഞു. തന്റെ കുടുംബത്തെ രക്ഷിക്കുന്നതിനായി സീമ റാമല്ലയിലെ ഒമാൻ എംബസിയുമായി ബന്ധപ്പെട്ടു. ഇവിടുന്ന് കെ
കൈയ്റോയിലെ ഒമാനി എംബസിയുമായി ബന്ധപ്പെടാൻ നിർദേശിക്കുകയായിരുന്നു. ഒടുവിൽ, ഇരു എംബസികളുടെയും ഏകോപനത്തോടെ കുടുംബത്തെ ഗാസ്സയിൽനിന്ന് റഫ അതിർത്തിയിലൂടെ നാട്ടിലെത്തിക്കുകയായിരുന്നു.
സുൽത്താൻ ഹൈതം ബിൻ താരിഖ്, വിദേശകാര്യ മന്ത്രാലയം, ഫലസ്തീനിലെ ഒമാൻ അംബാസഡർ സലേം അൽ അമീരി, ഈജിപ്തിലെ ഒമാൻ അംബാസഡർ അബ്ദുല്ല ബിൻ നാസർ അൽ റഹ്ബി എന്നിവർക്ക് പ്രത്യേക നന്ദി പറയുകയാണെന്നും സീമ പറഞ്ഞു. യുദ്ധമേഖലയിൽ നിന്ന് പുറത്തുകടക്കാൻ സഹായിച്ചതിന് രണ്ടാം സെക്രട്ടറി മഹ്ഫൂസ ബിൻത് മുഹമ്മദ് അൽഗാസിലിയോടും പ്രത്യേകം കടപ്പാടുണ്ടെന്നും അവർ പറഞ്ഞു. യൂസഫ് (12), ജന (അഞ്ച്), രാകൻ( നാല്) എന്നിങ്ങനെ മൂന്ന് മക്കളാണ് ഇവർക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.