പെരുന്നാളിനെ കൂടുതൽ മധുരിപ്പിച്ച് ഒമാനി ഹൽവ
text_fieldsമസ്കത്ത്: പെരുന്നാൾ കച്ചവടം പൊടിപൊടിച്ച് ഒമാനി ഹലുവ. നല്ല കച്ചവടമാണ് ഈവർഷം ലഭിച്ചതെന്ന് വ്യാപാരികൾ പറഞ്ഞു. രണ്ട് പെരുന്നാൾ ദിവസങ്ങളിൽ ഒമാനിലെ എല്ലാ സ്വദേശി വീടുകളിലും ഹൽവ ഉണ്ടാവും. പണക്കാരനും സാധാരണക്കാരനും അതിഥികൾക്ക് നൽകുന്ന പ്രധാന പലഹാരമാണിത്. വിവാഹം അടക്കമുള്ള മറ്റ് ആഘോഷങ്ങൾക്കും ഒമാനി ഹൽവ അനിവാര്യമാണ്. പെരുന്നാൾ ദിവസങ്ങളിൽ വീട്ടിലെത്തുന്നവരെ സൽക്കരിക്കാൻ മാത്രമല്ല അടുത്തവർക്കും പ്രിയപ്പെട്ടവർക്കും പെരുന്നാൾ പാരിതോഷികമായും നൽകാറുണ്ട്. ഒമാനി ഹൽവ ഒമാനിൽ മാത്രമല്ല യു.എ. ഇ, ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ എന്നിവിടങ്ങളിലും ഏറെ പേരുകേട്ടതാണ്. ഒമാനിലെത്തുന്ന വിനോദസഞ്ചാരികളും ഏറെ അന്വേഷിക്കുന്നതും വാങ്ങുന്നതും ഒമാനി ഹൽവയാണ്. പെരുന്നാൾ സീസണിൽ സാധാരണ സമയങ്ങളിൽ വിൽക്കുന്നതിനെക്കാൾ എത്രയോ അധികം മടങ്ങാണ് വറ്റഴിയുന്നതെന്ന് റൂവിയിലെ അൽ ആംരി ഒമാനി ഹൽവ ഔട്ട്ലെറ്റിൽ ജോലിചെയ്യുന്ന വടകര, പൈങ്ങോട്ടായി സ്വദേശി പി.സി. മുസ്തഫ പറഞ്ഞു.
അടുത്ത കാലത്തായി മലയാളികളും ഒമാനി ഹൽവ പ്രേമികളായിട്ടുണ്ട്. നാട്ടിൽപോകുമ്പാൾ നിരവധി പേർ ഒമാനി ഹൽവ കൊണ്ടുപോകുന്നുണ്ട്. കേരളത്തിലെ ചില വിവാഹങ്ങളിൽ ഒമാനി ഹൽവ വിഭവമാണെന്നും അദ്ദേഹം പറഞ്ഞു.
ഒമാനി ഹൽവക്ക് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്. ആദ്യകാലങ്ങളിൽ വെള്ളവും പഞ്ചസാരയും നെയ്യും മൈദയും ഉപയോഗിച്ചാണ് ഉണ്ടാക്കിയിരുന്നത്. വിറക് ഉപയോഗിച്ച് യന്ത്രങ്ങളുടെ സഹായമില്ലാതെയാണ് ഇവ ഉൽപാദിപ്പിച്ചിരുന്നത്. ഇതിന് 'ആദി' ഹൽവ എന്നാണ് പറയുന്നത്. ഒമാന്റെ നെയ്യാണ് ഇതിൽ ഉപയോഗിച്ചിരുന്നത്. മുൻകാലങ്ങളിൽ ഒരാൾ നാലു കിലോ ഹൽവവരെ ഒറ്റ ഇരിപ്പിൽ തിന്നിരുന്നു. ഹൽവക്ക് ഡിമാൻഡ് വർധിക്കുകയും മത്സരം ആരംഭിക്കുകയും ചെയ്തതോടെ രസക്കൂട്ടിൽ മാറ്റം വരുത്താനും യന്ത്രങ്ങൾ ഉപയോഗിക്കാനും വിറകിന് പകരം ഗ്യാസ് ഉപയോഗിക്കാനും തുടങ്ങി. ഇപ്പോൾ ഹൽവയിൽ കുങ്കുമം, റോസ് വാട്ടർ, പാൽ, തേൻ, നട്ട്സ് എന്നിവ രസക്കൂട്ടായി ചേർക്കുന്നുണ്ട്. ഓരോ കമ്പനിക്കും പ്രത്യേക രസക്കൂട്ടാണുള്ളത്. അത് അവർ രഹസ്യമായി വെക്കുകയും ചെയ്യുന്നു. ഒമാനിൽ നിലവിൽ 33 ലധികം ഹൽവ ഫാക്ടറികളും 90 ലധികം വിൽപന ശാലകളുമുണ്ട്. പല കമ്പനികളിലും ദിവസവും 240 കിലോ മുതൽ 2000 കിലോ വരെ ഹൽവ ഉൽപാദിപ്പിക്കുന്നു. മുൻ കാലങ്ങളിൽ ഒമാനി നെയ്യാണ് ഹൽവയിൽ ഉപയോഗിച്ചിരുന്നതെങ്കിൽ വില കൂടുതൽ കാരണം ഇന്ത്യയിൽനിന്നുള്ള നെയ്യാണ് ഇപ്പോൾ പലരും
ഉപയോഗിക്കുന്നത്. ഇപ്പോഴും വിറക് ഉപയോഗിച്ച് ഹൽവയുണ്ടാക്കുന്ന ചില ഫാക്ടറികളും ഒമാനിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.