സഹകരണം ശക്തിപ്പെടുത്താൻ ഒമാനും ഇറാഖും
text_fieldsമസ്കത്ത്: ഒമാൻ-ഇറാഖ് സംയുക്ത സമിതിയുടെ ഒമ്പതാമത് യോഗം കഴിഞ്ഞ ദിവസം ബാഗ്ദാദിൽ നടന്നു. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ.ഫുആദ് ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ഒമാനി-ഇറാഖ് ബന്ധം ചരിത്രത്തിൽ ആഴത്തിൽ വേരൂന്നിയതാണെന്ന് യോഗത്തിനിടെ നടത്തിയ പ്രസംഗത്തിൽ സയ്യിദ് ബദർ പറഞ്ഞു.
സമ്പദ്വ്യവസ്ഥ, വ്യാപാരം, സാംസ്കാരികം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളുടെയും അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്ന വിധത്തിൽ സഹകരണത്തിനുള്ള പദ്ധതികൾ നടപ്പാക്കാൻ ഒമാന്റെ താൽപര്യം സയ്യിദ് ബദർ പ്രകടിപ്പിച്ചു. അറബ്, പ്രാദേശിക ആശങ്കകൾ, പ്രത്യേകിച്ച് പലസ്തീൻ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഇറാഖിന്റെ സജീവ പങ്കിനെയും സയ്യിദ് ബദർ അഭിനന്ദിച്ചു. ഈ സാഹചര്യത്തിൽ, സംയുക്ത സഹകരണത്തിലൂടെയും ക്രിയാത്മക സംഭാഷണത്തിലൂടെയും മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
അറബ്, പ്രാദേശിക വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ സുൽത്താനേറ്റിന്റെ ക്രിയാത്മകമായ പങ്കിനെ ഡോ.ഫുആദ് ഹുസൈൻ അടിവരയിട്ടു. ഒമാനുമായുള്ള സഹകരണത്തിന്റെ ബന്ധം ശക്തിപ്പെടുത്താനുള്ള ഇറാഖിന്റെ താൽപര്യം അദ്ദേഹം ആവർത്തിച്ചു.
യോഗത്തിൽ രാഷ്ട്രീയവും നയതന്ത്രപരവുമായ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള രണ്ട് ധാരണാപത്രങ്ങൾ ഇരുപക്ഷവും ഒപ്പുവെച്ചു.
ഒമാൻ വിദേശകാര്യ മന്ത്രാലയവും ഇറാഖ് വിദേശകാര്യ മന്ത്രാലയവും ചേർന്നാണ് ആദ്യ ധാരണാപത്രം ഒപ്പുവെച്ചത്. ഇതിൽ രാഷ്ട്രീയ കൂടിയാലോചന മേഖലയിലെ സഹകരണമാണ് വരുന്നത്. ഒമാൻ ഡിപ്ലോമാറ്റിക് അക്കാദമിയും ഇറാഖിലെ ഫോറിൻ സർവിസ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് നയതന്ത്ര പഠന, പരിശീലന മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ടുള്ള രണ്ടാമത്തെ ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഒപ്പിടൽ ചടങ്ങിൽ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.