ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്: റാങ്കിങ് മെച്ചപ്പെടുത്തി ഒമാൻ
text_fieldsമസ്കത്ത്: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയിൽ റാങ്കിങ് മെച്ചപ്പെടുത്തി ഒമാൻ. ഹെന്‍ലി പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് അനുസരിച്ച് 2024ലെ അവസാന പാദത്തില്‍ ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 52ാം സ്ഥാനത്തേക്കാണ് സുൽത്താനേറ്റ് ഉയർന്നത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ 58ാം സ്ഥാനത്തും കഴിഞ്ഞ വര്‍ഷം 65ലും ആയിരുന്നു ഒമാൻ. നിലവിലെ റാങ്കിങ് അനുസരിച്ച് ഒമാനി പൗരന്മാര്ക്ക് 55 രാഷ്ട്രങ്ങളില്‍ വിസ രഹിത യാത്രയോ ഓണ്‍ അറൈവല്‍ വിസ സേവനമോ ലഭിക്കും. ഒമാനി പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് ബ്രൂണെ, കൊളംബിയ, ഡൊമിനിക, ഇക്വഡോര്‍, ഈജിപ്ത്, ജോര്‍ജിയ, അല്‍ബേനിയ, ബര്‍ബഡോസ്, ബെലാറസ്, ബോട്ട്സ്വാന, ഹൈതി, ഹോങ്കോങ്, ഇറാന്, ജോര്ഡന്, ഖസാകിസ്താന്‍, കിര്ഗിസ്താന്, ലെബനന് മലേഷ്യ, മൗറീഷ്യസ്, ഫിലിപ്പൈന്‍സ്, പാകിസ്താന്, സെര്‍ബിയ, തജീകിസ്താന്, യുക്രയ്ന് തുടങ്ങിയ രാഷ്ട്രങ്ങളില്‍ വിസ ഇല്ലാതെ യാത്ര നടത്താനാകും. ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ ഔദ്യോഗിക ഡാറ്റയുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് തയാറാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയിൽ മേഖലയിൽ യു.എ.ഇയാണ് ഒന്നാം സ്ഥാനത്ത്. ഖത്തറും കുവൈത്തും 50 റാങ്കുകള്ക്കുള്ളിലാണ്.
സിംഗപ്പൂര്‍ പാസ്പോര്‍ട്ടാണ് ഒന്നാമത്. 195 രാജ്യങ്ങളില്‍ സിംഗപൂര്‍ പാസ്പോര്‍ട്ടിന് വിസ ഇല്ലാതെ സഞ്ചരിക്കാം. 192 രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന പാസ്പോര്‍ട്ടുമായി ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, സ്പെയിന്, ജപ്പാന് എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. ഓസ്ട്രിയ, ഫിന്‍ലാന്റ്, ഐര്‍ലാന്റ്, ലക്സംബര്‍ഗ്, സൗത്ത് കൊറിയ, സ്വീഡന് എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ 19 വര്‍ഷമായി ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡെക്സ് ലോകത്തിലെ പാസ്പോര്ട്ടുകളെ പട്ടികപ്പെടുത്താറുണ്ട്. 199 പാസ്പോര്‍ട്ടുകളും 227 ടൂറിസ്റ്റ് കേന്ദ്രങ്ങളുമാണ് പട്ടികയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.