ഹെമിപ്ലീജിയ രോഗികൾക്ക് ‘സ്മാർട്ട് മെഡിക്കൽ ഗ്ലൗസു’മായി ഒമാനി വിദ്യാർഥി
text_fieldsമസ്കത്ത്: ഹെമിപ്ലീജിയ രോഗികളെ സഹായിക്കുന്നതിനായി ‘സ്മാർട്ട് മെഡിക്കൽ ഗ്ലൗസ്’ വികസിപ്പിച്ചെടുത്ത് ഒമാനി വിദ്യാർഥി. ശരീരത്തിന്റെ ഒരു ഭാഗം തളർന്നുപോകുന്ന അവസ്യാണ് ഹെമിപ്ലീജിയ. മസ്കത്തിലെ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിലെ കെമിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ അൽ അസ്ഹർ സാഹിർ അൽ ജാബ്രി (22) ആണ് ഹെമിപ്ലീജിയ രോഗികൾക്ക് പ്രതിക്ഷയേകുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ഹെമിപ്ലീജിയ ബാധിച്ച് മരണപ്പെട്ട മാതാവിന്റെ ഓർമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജാബ്രി 2021ൽ ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
‘ഉമ്മയുടെ മരണശേഷം, ഹെമിപ്ലീജിയ ബാധിച്ച ആളുകൾക്കായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചു, അങ്ങനെയാണ് ഈ പ്രോജക്ടുമായി മുന്നോട്ടുപോകുന്നത്. ഇത് ഇപ്പോൾ വിപുലമായ ഘട്ടത്തിൽ എത്തിയിരിക്കുന്നു, അടുത്ത വർഷം ആദ്യം ഇത് പൂർത്തിയാക്കി സ്ഥിരമായ ഉപയോഗത്തിനായി ഗ്ലൗസ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്’ -ജാബ്രി പറഞ്ഞു.
ഉപകരണത്തിൽ ഒരുക്കിയിരിക്കുന്ന പ്രീ-പ്രോഗ്രാംഡ് സ്പെഷലൈസ്ഡ് ചലനങ്ങളിലൂടെ കൈ ചലിപ്പിക്കാൻ ഗ്ലൗസ് സഹായിക്കും.
ലോകമെമ്പാടുമുള്ള ഡോക്ടർമാരുമായി ആശയവിനിമയം നടത്താൻ രോഗികളെ അനുവദിക്കുകയും ആരോഗ്യ സെൻസർ റീഡിങ്ങുകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഒരു മൊബൈൽ ആപ്ലിക്കേഷനുമായി ഇത് ബന്ധിപ്പിച്ചിട്ടുണ്ടെന്നും ജാബ്രി വിശദീകരിച്ചു. ചില പ്രവർത്തനങ്ങൾ സ്വതന്ത്രമായി നിർവഹിക്കാൻ രോഗികളെ സഹായിക്കുന്ന ലളിതമായ ദൈനംദിന ചലനങ്ങൾ ഗ്ലൗസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പെഷലിസ്റ്റുകളുമായുള്ള കൂടിയാലോചനകളിലൂടെ, അവശ്യ ചലനങ്ങൾ തിരിച്ചറിയാനും അവയുടെ കൃത്യത ഉറപ്പാക്കാനും ശ്രമിച്ചിട്ടുണ്ടെന്നും ജാബ്രി പറഞ്ഞു.
2022ൽ, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിൽനിന്ന് ജാബ്രി തന്റെ കണ്ടുപിടിത്തത്തിന് പേറ്റൻറ് നേടി.
അടുത്തിടെ മലേഷ്യയിൽ നടന്ന ടെക്സ്പോ എക്സിബിഷനിൽ ഒമാനെ പ്രതിനിധീകരിച്ച് ജാബ്രി പങ്കെടുത്തിരുന്നു. പ്രോജക്ട് ഉടൻ വെളിച്ചം കാണുമെന്നും ആവശ്യമുള്ളവർക്ക് പ്രയോജനത്തിനായി വിപണിയിൽ ലഭ്യമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്മാർട്ട് മെഡിക്കൽ ഗ്ലൗസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.