അപ്പോളോ ഹോസ്പിറ്റൽ ഒമാനി വനിത ദിനാചരണവും സ്തനാർബുദ ബോധവത്കരണവും
text_fieldsമസ്കത്ത്: രാജ്യത്തെ പ്രമുഖ ആതുരാലയങ്ങളിലൊന്നായ അപ്പോളോ ഹോസ്പിറ്റൽ ഒമാനി വനിതദിനം ആചരിച്ചു. പരിപാടിയിൽ ഒമാനി വനിത ജീവനക്കാരെ അവരുടെ സംഭാവനകൾ പരിഗണിച്ച് ആദരിച്ചു. സ്തനാർബുദ ബോധവത്കരണ മാസത്തോടനുബന്ധിച്ചായിരുന്നു ഒമാനി വനിതദിനം ആചരിച്ചത്. ഇതിന്റെ ഭാഗമായി സ്തനാർബുദത്തിനെതിരെ പോരാടുന്ന പൊതു-സ്വകാര്യ മേഖലയിലെ ഡോക്ടർമാർക്ക് ആദരവൊരുക്കുകയും ചെയ്തു.
ഒമാനി സ്ത്രീകൾ നേരിടുന്ന പ്രധാന ആരോഗ്യ വെല്ലുവിളികളിൽ ഒന്നാണ് സ്തനാർബുദം. ആരോഗ്യ മന്ത്രാലയം, സർക്കാർ, സ്വകാര്യ മേഖലകളിലെ ഡോക്ടർമാർ, സുൽത്താൻ ഖാബൂസ് കോംപ്രിഹെൻസിവ് കാൻസർ കെയർ ആൻഡ് റിസർച് സെന്റർ, റോയൽ ഹോസ്പിറ്റൽ, ഒമാൻ കാൻസർ അസോസിയേഷൻ എന്നിവ സ്തനാർബുദ രോഗികളെ ചികിത്സിക്കുന്നതിലും നേരത്തെയുള്ള കണ്ടെത്തലിനെക്കുറിച്ചും ബോധവത്കരണം നടത്തുന്നുണ്ട്. ഇതിന് നൽകുന്ന പിന്തുണയുടെ ഭാഗമായി ഒക്ടോബർ 29ന് ഒമാൻ കാൻസർ അസോസിയേഷനുമായി സഹകരിച്ച് അപ്പോളോ ഹോസ്പിറ്റൽസ് പൊതുജനങ്ങൾക്ക് സ്തനാർബുദ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ഒമാൻ മാനേജിങ് ഡയറക്ടർ വി.ടി. ശൈലേശ്വരൻ പറഞ്ഞു.
മാമോഗ്രാം ഉപയോഗിച്ച് സൗജന്യ സ്ക്രീനിങ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ആരോഗ്യ മന്ത്രാലയം, സുൽത്താൻ ഖാബൂസ് സമഗ്ര കാൻസർ കെയർ ആൻഡ് റിസർച് സെന്റർ, സ്വകാര്യ മേഖലയിലെ പ്രതിനിധികൾ എന്നിവരെ ആദരിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടർ ജനറൽ ഡോ. മുഹന്ന അൽ മസ്ലാഹി, സുൽത്താൻ ഖാബൂസ് കോംപ്രിഹെൻസിവ് കാൻസർ കെയർ ആൻഡ് റിസർച് സെന്റർ ബ്രെസ്റ്റ് പ്രോഗ്രാം മേധാവി ഡോ. ആദിൽ അൽ അജ്മി, റോയൽ ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റ് ഓങ്കോ-പ്ലാസ്റ്റിക് ബ്രെസ്റ്റ് സർജൻ ഡോ. താഹ അൽ ലവതി, ഡോ. രാജ്യശ്രീ തുടങ്ങിയവർ ചടങ്ങിൽ സ്തനാർബുദത്തിന്റെ വിവിധ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. സ്തനാർബുദത്തിനെതിരെ നിശ്ശബ്ദമായി പോരാടുന്നവരെ ആദരിക്കലാണ് ഒമാനി ദിനം ആഘോഷിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് അപ്പോളോ ടീം കരുതുന്നുവെന്ന് ഒമാനിലെ അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ് ബിസിനസ് ഹെഡ് സി.ഒ.ഒ ദേബ്രാജ് സന്യാൽ പറഞ്ഞു.
അൽ ഹെയിൽ ആസ്ഥാനമായുള്ള അപ്പോളോ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ രാജ്യത്തെ ഏറ്റവും പുതിയ സ്വകാര്യമേഖല സൗകര്യങ്ങളിലൊന്നാണ്. സമ്പൂർണ പ്രസവ പരിചരണം നൽകുന്നതിനു പുറമെ, സ്തനാർബുദ ക്ലിനിക്കും സ്ഥാപിക്കാൻ ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.