ഒമാനി യുവജന ദിനം ആചരിച്ചു
text_fieldsമസ്കത്ത്: രാജ്യത്തെ സേവിക്കുന്ന യുവതയുടെ കഴിവിനെ അംഗീകരിച്ചും അവരുടെ നേട്ടങ്ങൾക്ക് ആദരവൊരുക്കിയും സുൽത്താനേറ്റ് ഒമാനി യുവജന ദിനം ആചരിച്ചു. യൂത്ത് എക്സലൻസ് മത്സരത്തിലെ വിജയികളുടെ പ്രഖ്യാപനവും യൂത്ത് സെന്റർ ഫെസിലിറ്റികളുടെ ഉദ്ഘാടനവും നടന്നു. കായിക, യുവജന മന്ത്രി സയ്യിദ് തെയാസീൻ ബിൻ ഹൈതം അൽ സഈദ് കാർമികത്വം നിർവഹിച്ചു. എല്ലാ വർഷവും ഒക്ടോബർ 26നാണ് ഒമാനി യുവജന ദിനമായി ആചരിക്കുന്നത്. ഫോട്ടോഗ്രഫി, സംഗീതം, പെയിന്റിങ്, സാങ്കേതികവിദ്യകൾ, സ്റ്റുഡിയോകൾ, അത്യാധുനിക ഉപകരണങ്ങൾ ഘടിപ്പിച്ച ലബോറട്ടറികൾ തുടങ്ങി വിവിധ സാംസ്കാരിക, കല, സാങ്കേതിക മേഖലകളിൽ യുവജനങ്ങൾക്ക് സേവനം നൽകുന്ന ഹാളുകളും സംയോജിത സൗകര്യങ്ങളും അടങ്ങുന്നതാണ് യൂത്ത് സെന്റർ. പരിശീലനത്തിനും വിവിധോദ്ദേശ്യത്തിനുമുള്ള ഹാളുകൾ, പ്രത്യേക പേപ്പർ, ഇലക്ട്രോണിക് പുസ്തകങ്ങൾ, കാഴ്ച പരിമിതിയുള്ളവർക്കുള്ള ബ്രെയിൽ പുസ്തകങ്ങൾ, ചെറുകിട, ഇടത്തരം വ്യവസായ വികസന അതോറിറ്റിയുടെ സഹകരണത്തോടെ സ്ഥാപിതമായ ക്രിയേറ്റിവ് ഇൻഡസ്ട്രീസ് ഇൻകുബേറ്റർ തുടങ്ങിയ സൗകര്യവും ഒരുക്കിയിട്ടുണ്ട്. യൂത്ത് സെന്ററിന്റെ ലോഗോയുടെ പ്രകാശനവും കായിക, യുവജന മന്ത്രി സയ്യിദ് തെയാസീൻ ബിൻ ഹൈതം അൽ സഈദ് നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.