പൊണ്ണത്തടിയെ ചവിട്ടിയകറ്റാം...
text_fieldsമസ്കത്ത്: അമിതവണ്ണത്തിനെതിരെ സൈക്കിളിൽ ബോധവത്കരണവുമായി ഒമാനി യുവാവ്. സൂർ നിവാസിയായ 25കാരനായ നാസർ ബിൻ ഹിലാൽ റാഷിദ് അൽ മുഹൈജ്രിയാണ് 2000 കിലോമീറ്ററിലധികം സൈക്കിൾ ചവിട്ടി അമിതവണ്ണത്തിെൻറ അപകടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തിയത്.
ഒക്ടോബർ 26ന് ദോഫാറിൽ തുടങ്ങിയ യാത്ര നവംബർ 18ന് ഖസബിലാണ് അവസാനിച്ചത്. ഇതിനിടെ മിർബത്ത്, സദാ, ഹാസിക്, ഷാലിം, ഹലാനിയത്ത് ദ്വീപുകൾ, ദുകം, മഹൂത്, സുർ, ബൗഷർ, ഖുരിയത്ത്, സഹം, ഷിനാസ് തുടങ്ങിയ വിലായത്തുകളിലൂടെയും യാത്ര ചെയ്തുവെന്ന് മുഹൈജ്രി പറഞ്ഞു. 2010ലാണ് ഇദ്ദേഹം സൈക്ലിങ് ടൂറുകൾ ആരംഭിക്കുന്നത്. നാലു ദീർഘദൂര യാത്രകളാണ് ഇതുവരെ നടത്തിയത്. അതിൽ ഏറ്റവും ദൈർഘ്യമേറിയത് ഇപ്രാവശ്യത്തേതായിരുന്നു. ഒരു ദിവസം 80 മുതൽ 100 കലോമീറ്റർവരെ യാത്ര ചെയ്ത് ആളുകൾ തിങ്ങിക്കൂടുന്ന മാർക്കറ്റുകളിലും മറ്റുമായിരുന്നു ബോധവത്കരണം നടത്തിയിരുന്നത്. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ നടന്ന യാത്രയിൽ കഴിയുന്നത്ര ആളുകളെ കാണാനും സന്ദേശം പ്രചരിപ്പിക്കാനും ശ്രദ്ധിച്ചിരുന്നു. ഒമാനിലെ ജനസംഖ്യയുടെ 65 ശതമാനവും പൊണ്ണത്തടികൊണ്ട് ബുദ്ധിമുട്ടുന്നവരാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബോധവത്കരണ യാത്രകൾക്ക് സാമ്പത്തികം ഒരു പ്രധാന വെല്ലുവിളിയാണ്. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും കടൽത്തീര ശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമായി ഭാവിയിൽ ഇത്തരം യാത്രകൾ നടത്താനും ഇദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.