ഒമാൻ സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശിവത്കരണം പ്രഖ്യാപിച്ചു
text_fieldsമസ്കത്ത്: സ്വകാര്യ മേഖലയിൽ കൂടുതൽ തസ്തികകളിൽ ഒമാൻ സ്വദേശിവത്കരണം പ്രഖ്യാപിച്ചു. ആറ് മേഖലകളിലെ ഫൈനാൻസ്, അക്കൗണ്ടിങ് ജോലികളിലാണ് വിദേശികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇൻഷൂറൻസ് കമ്പനികളിലെയും ഇൻഷൂറൻസ് ബ്രോക്കറേജ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളിലെയും ഫൈനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് തസ്തികകളാണ് സ്വദേശിവത്കരണം ഏർപ്പെടുത്തിയ ആദ്യത്തെ വിഭാഗം. ഷോപ്പിങ് മാളുകൾക്ക് ഉള്ളിലെ സ്ഥാപനങ്ങളിലെ വിൽപന, അക്കൗണ്ടിങ്, മണി എക്സ്ചേഞ്ച്, അഡ്മിനസ്ട്രേഷൻ, സാധനങ്ങൾ തരംതിരിക്കൽ തുടങ്ങിയ ജോലികളിലും വിദേശികൾക്ക് വിലക്ക് ഏർപ്പെടുത്തി. വാഹന ഏജൻസികളിലെ അക്കൗണ്ട്
ഒാഡിറ്റിങ്, പഴയതും പുതിയതുമായ വാഹനങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട എല്ലാ തസ്തികകൾ എന്നിവയും സ്വദേശിവത്കരിച്ചിട്ടുണ്ട്. കാർ ഏജൻസികളിലെ പഴയതും പുതിയതുമായ വാഹന വിൽപനയുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടിങ് ജോലികളിലും ആേട്ടാ ഏജൻസികളിലെ പുതിയ വാഹനങ്ങളുടെ സ്പെയർപാർട്സ് വിൽപനയുമായി ബന്ധപ്പെട്ട തസ്തികകളിലും വിദേശികൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി ഞായറാഴ്ച പുറത്തിറങ്ങിയ മന്ത്രിതല ഉത്തരവിൽ പറയുന്നു. മലയാളികളെ കാര്യമായി തന്നെ ബാധിക്കുന്നതാണ് പുതിയ സ്വദേശിവത്കരണ നീക്കം. പല തസ്തികകളിലും തൊഴിലെടുക്കുന്നവരിൽ കൂടുതലും മലയാളികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.