ഒമാന്റെ ബജറ്റ് മിച്ചം 109 കോടിയായി ഉയർന്നു
text_fieldsമസ്കത്ത്: എണ്ണം, പ്രകൃതി വാതകങ്ങളുടെ വില വർധിച്ചതോടെ ഒമാൻ സാമ്പത്തികമേഖല ശക്തിപ്രാപിക്കുകയും മൊത്തം ബജറ്റ് മിച്ചം 109 കോടിയായി ഉയർന്നു. ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 105 കോടി റിയാലിന്റെ കമ്മിയുണ്ടായിരുന്നു. ഈ വർഷം ആദ്യ എട്ട് മാസങ്ങളിലെ പൊതുവരുമാനം 47.3 ശതമാനം വർധിച്ച് 932.5 കോടി റിയാലിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 633.1 കോടി റിയാലായിരുന്ന മൊത്തവരുമാനം. പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുള്ള വരുമാനം വർധിച്ചതാണ് രാജ്യത്തിന്റെ വരുമാനം ഉയരാൻ പ്രധാന കാരണം.
ധനകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ആദ്യ എട്ട് മാസങ്ങളിൽ എണ്ണയിൽ നിന്നുള്ള വരുമാനം 38.8 ശതമാനം വർധിച്ച് 459.4 കോടി റിയാലിലെത്തി. പ്രകൃതി വാതകത്തിൽനിന്നുള്ള വരുമാനം 93.8 ശതമാനം വർധിച്ച് 2.386 ശതകോടി റിയാലിലെത്തി. എണ്ണ, പ്രകൃതി വാതക ഉൽപന്നങ്ങളുടെ വില ഉയർന്നതിനോടൊപ്പം ഉൽപാദനം വർധിച്ചതും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥക്ക് അനുഗ്രഹമായി.
ഈ വർഷം ആദ്യ എട്ട് മാസങ്ങളിലെ അസംസ്കൃത എണ്ണയുടെ ശരാശരി വില 91 ഡോളറാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബാരലിന് 56 ഡോളറായിരുന്നു. ദിനേനയുള്ള ശരാശരി എണ്ണ ഉൽപാദം 9.6 ശതമാനം വർധിച്ച് 1.047 ദശലക്ഷം ബാരലിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 9,55,300 ബാരലായിരുന്നു ഉൽപാദിപ്പിച്ചിരുന്നത്. സർക്കാറിന്റെ മറ്റ് വരുമാനത്തിലും 32 ശതമാനം വർധനയുണ്ടായി. ആദ്യ എട്ട് മാസങ്ങളിൽ സർക്കാർ വരുമാനം 2.331 ശതകോടി റിയാലിലെത്തി. 1.76 ശതകോടിയായിരുന്നു സർക്കാറിന്റെ മുൻ വർഷത്തെ വരുമാനം. നികുതിയിൽനിന്ന് ലഭിച്ച ഉയർന്ന വരുമാനമാണ് ഇതിന് പ്രധാന കാരണം. ഒമാന്റെ പൊതുചെലവും 11.5 ശതമാനം വർധിച്ച് 8.235 ശതകോടി റിയാലിലെത്തി. സർക്കാറിന് ലഭിക്കുന്ന അധിക വരുമാനം സാമ്പത്തിക മേഖല ശക്തിപ്പെടുത്താനും വികസന പദ്ധതികൾക്കും പൊതു കടം കുറക്കാനും ഉപയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.