ഒമാനിലെ വിദേശ ജനസംഖ്യ 37 ശതമാനമായി കുറഞ്ഞു
text_fieldsമസ്കത്ത്: ഒമാനിലെ വിദേശി ജനസംഖ്യയിൽ കുറവ്. മൊത്തം ജനസംഖ്യയുടെ 37.10 ശതമാനമാണ് വിദേശികളുടെ എണ്ണം. സെപ്റ്റംബർ നാലുവരെയുള്ള കണക്കനുസരിച്ച് 44.16 ലക്ഷമാണ് ഒമാനിലെ ജനസംഖ്യ. ഇതിൽ 16.37 ലക്ഷമാണ് വിദേശികളുടെ എണ്ണം. മഹാമാരിയെ തുടർന്നുള്ള വിദേശികളുടെ കൊഴിഞ്ഞുപോക്കിെൻറ ഫലമായി കഴിഞ്ഞ രണ്ടുവർഷ കാലയളവിനിടയിൽ ഒമാനിലെ മൊത്തം ജനസംഖ്യയിൽ അഞ്ച് ശതമാനത്തിലേറെ കുറവാണ് ഉണ്ടായതെന്നും ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ റിപ്പോർട്ടിൽ പറയുന്നു.
2017ൽ 20 ലക്ഷത്തിനു മുകളിൽ അഥവാ മൊത്തം ജനസംഖ്യയുടെ 40 ശതമാനത്തിനു മുകളിലായിരുന്നു വിദേശികളുടെ എണ്ണം. തുടർന്നുളള വർഷങ്ങളിൽ വിദേശികളുടെ എണ്ണത്തിൽ ക്രമമായ കുറവ് രേഖപ്പെടുത്തുകയായിരുന്നു. ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാലുവരെയുള്ള രണ്ടാഴ്ച മാത്രം 17912 വിദേശികൾ ഒമാൻ വിട്ടതായും ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ കണക്കുപ്രകാരം 11.02 ലക്ഷം വിദേശികൾ സ്വകാര്യ മേഖലയിലും 39306 പേർ സർക്കാർ മേഖലയിലുമാണ് ജോലിയെടുക്കുന്നത്.
വിദേശി തൊഴിലാളികളുടെ കുടുംബാംഗങ്ങളും ആശ്രിതരുമായി 2.41 ലക്ഷം പേരുമുണ്ട്. മസ്കത്ത് ഗവർണറേറ്റിലാണ് കൂടുതൽ വിദേശ തൊഴിലാളികൾ ഉള്ളത്. 5.28 ലക്ഷമാണ് ഇവിടെ എണ്ണം. യാത്രവിലക്കിനുശേഷം ആളുകൾ തിരിച്ചെത്തുന്നതിനൊപ്പം സമ്പദ്വ്യവസ്ഥയിലെ ഉണർവിെൻറ ഫലമായി കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നതോടെ ഒമാനിലെ വിദേശികളുടെ എണ്ണം വർധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.