ഒമാനിലെ ഈ വർഷത്തെ ഹജ്ജിനുള്ള സേവന ഫീസ് പ്രഖ്യാപിച്ചു
text_fieldsസ്കത്ത്: ഈ വർഷത്തെ ഹജ്ജിനുള്ള സേവന ഫീസ് എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. മദീനയിലേക്ക് വിമാനമാർഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക് 6,078.33 സൗദി റിയാലുമാണെന്ന് മന്ത്രാലയം ഓൺലൈനിൽ പുറത്തിറക്കിയ അറിയിപ്പിൽ അറിയിച്ചു. മദീനയിലേക്കോ മക്കയിലേക്കോ റോഡ് മാർഗമുള്ള യാത്രക്ക് 4,613.23 സൗദി റിയാലായിരിക്കും.
മദീനയിലെയും അറഫാത്തിലെയും ക്യാമ്പുകൾക്കുള്ള സേവന ഫീസ്, ടെന്റ്, ഉപകരണങ്ങൾ, ആരോഗ്യ ഇൻഷുറൻസ്, ഗതാഗത ഫീസ്, 15 ശതമാനം മൂല്യവർധിത നികുതി, ഹജ്ജ് കാർഡ് പ്രിന്റ് ചെയ്യുന്നതിനുള്ള ചെലവ് ( 2.5 ഒമാൻ റിയാൽ), ഒമാനികൾ അല്ലാത്തവർക്ക് വിസ ഫീസ് (300 സൗദി റിയാൽ) എന്നിവ ഉൾപ്പെടെയുള്ള ചെലവുകളിതിൽ അടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേ സമയം, ഈ വർഷം ഹജ്ജിനായി 34,126 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ നവംബർ അഞ്ചിനായിരുന്നു പൂർത്തിയായത്. അതിൽ 31,064 ഒമാനികളും 3,062 പ്രവാസികളും ഉൾപ്പെടും. ഈ വർഷം ഹജ്ജിനുള്ള അപേക്ഷക്ക് മികച്ച പ്രതികരണമാണുണ്ടായിരുന്നത്. ഒക്ടോബർ 22 നായിരുന്നു രജിസ്ട്രേഷൻ നടപടികൾ തുടങ്ങിയിരുന്നത്. ഈവർഷം ഹജ്ജിനായി അപേക്ഷിച്ചവരിൽ 2.5 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്.
മുൻ വർഷങ്ങളിലേതുപോലെ, ഏറ്റവും കൂടുതൽ അപേക്ഷകർ (5,373) മസ്കത്തിൽ രേഖപ്പെടുത്തിയപ്പോൾ കുറവ് (172) മുസന്ദത്താണ്. എല്ലാ ഗവർണറേറ്റുകളിലും അപേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ടെങ്കിലും, ദോഫാർ, മുസന്ദം, തെക്കൻ ശർഖിയ എന്നിവിടങ്ങളിൽ അപേക്ഷകരുടെ എണ്ണത്തിൽ കുറവാണുണ്ടായിരിക്കുന്നത്. ആകെ ലഭിച്ച അപേക്ഷകരിൽനിന്ന് 14000പേരെ ഹജ്ജിനായി തിരഞ്ഞെടുക്കുമെന്ന് ഹജ്ജ്, ഉംറ ഡിപ്പാർട്ട്മെന്റിലെ അലി അൽ ഗഫ്രി പറഞ്ഞു. ആദ്യഹജ്ജ് ചെയ്യുന്നവർ, വിട്ടുമാറാത്ത രോഗങ്ങൾ, അർബുദവും മറ്റും ബാധിച്ച ആളുകൾ തുടങ്ങിയവർക്കു മുൻഗണന നൽകും. കഴിഞ്ഞ വർഷം 13,956 (99.7 ശതമാനം) ആളുകളാണ് വിശുദ്ധകർമം നിർവഹിച്ചത്.
ആകെ14,000 പേർക്കായിരുന്നു ഹജ്ജിന് അനുമതിയുണ്ടായിരുന്നത്. ഇതിൽ 13,500പേർ സ്വദേശികളും 250 പേർ അറബ് നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമാണ്. മൊത്തം തീർഥാടകരിൽ 49.3 ശതമാനം സ്ത്രീകളായിരുന്നു. 2022ൽ ഒമാനിൽനിന്നും സ്വദേശികളും വിദേശികളും അടക്കം 8338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ആദ്യം 6000 പേർക്കായിരുന്നു അവസരം നൽകിയത്. പിന്നീട് ഒൗഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ ആവശ്യ പ്രകാരം 2338 പേർക്ക് കൂടി അവസരം ലഭിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.