ഏഷ്യ കപ്പിലെ ഒമാന്റെ ദയനീയ പ്രകടനം; ആരാധകർ ശാന്തരല്ല
text_fieldsമസ്കത്ത്: ഖത്തറിൽ നടക്കുന്ന ഏഷ്യ കപ്പിൽനിന്ന് ഒമാൻ ടീം പുറത്തായതോടെ ആരാധക രോഷം അണപൊട്ടിയൊഴുകുന്നു. ടീമിന്റെ അടിമുടിയുള്ള മാറ്റമാണ് ആരാധകർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വർഷങ്ങളിലെ അറേബ്യൻ ഗൾഫ് കപ്പ് , ഫിഫ അറബ് കപ്പ് , അതിനു മുമ്പായി നടന്ന ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരങ്ങൾ, ഖത്തർ ലോകകപ്പിനു ദിവസങ്ങൾക്കു മുമ്പ് ജർമനിയുമായി നടത്തിയ പ്രദർശന മത്സരം ഇതിലെല്ലാം ടീം പരാജയപ്പെട്ടപ്പോൾ ടീമിന് ഉറച്ച മാനസിക പിന്തുണ നൽകിയത് ആരാധകർ ആയിരുന്നു. കാരണം കരുത്തരായ എതിരാളികളോടു പൊരുതിത്തോറ്റാണു ടീം മടങ്ങിയത്.
എന്നാൽ, ഏഷ്യ കപ്പിലെ ദയനീയ പ്രകടനം ആരാധകരെ നിരാശരാക്കുകയായിരുന്നു. സൗദിക്കെതിരായ മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും അവസാന നിമിഷം വഴങ്ങിയ ഗോളിന് തോറ്റു. ആ മത്സരം ജയിച്ചിരുന്നു എങ്കിൽ മൊത്തം ഗതി തന്നെ മാറുമായിരുന്നു. തായ്ലൻഡുമായുള്ള മത്സരത്തിൽ ജയം അനിവാര്യമായിരുന്നിട്ടും അതിനായി ശ്രമിച്ചില്ല എന്നും കിർഗിസ്താനുമായുള്ള മത്സരത്തിൽ അവരെ കാര്യമായി ഗൗനിച്ചില്ല എന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിനു ഇറങ്ങുന്നതിനു മുമ്പും ടീമിനെ കുറിച്ച് ആരാധകർക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. കാരണം മുമ്പും സമാനമായ സാഹചര്യത്തിൽ ടീം ഉണർന്നു കളിക്കുകയും മുന്നോട്ടു പോകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തവണ അതുണ്ടായില്ല.
ലോകകപ്പ് യോഗ്യത മത്സരങ്ങൾ വെല്ലുവിളിയാകും
ഇനിയെന്ത് എന്നതാണ് ഒമാന് മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം. മാർച്ച് മാസത്തിൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾ പുനരാരംഭിക്കുകയാണ്. ആദ്യ മത്സരത്തിൽ മസ്കത്തിൽ വെച്ച് മലേഷ്യയെയാണ് ഒമാൻ നേരിടുക. അടുത്ത ലോകകപ്പിൽ ടീമുകളുടെ എണ്ണം 48 ആയി ഉയരുമ്പോൾ ഒമാൻ യോഗ്യത നേടും എന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ നിലവിലെ പ്രകടനത്തിൽ ലോകകപ്പിലെ സാധ്യതകൾ ഒമാനെ തുറിച്ചു നോക്കുകയാണ്. നിലവിൽ ഗ്രൂപ്പിൽ ഒമാൻ ഗോൾശരാശരിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് രണ്ടാം സ്ഥാനത്തുള്ളത്. അതുകൊണ്ടു ഇനിയുള്ള മത്സരങ്ങൾ ജയിച്ചേ തീരൂ. കോച്ചിനോടൊപ്പം ചില താരങ്ങളും തെറിച്ചേക്കും.
ഗോൾ കീപ്പർമാരായ ഇബ്രാഹിം അൽ മുഖാനിക്കും ഫായിസ് അൽ റുഷൈദിക്കും മാറ്റം ഉണ്ടാകാൻ സാധ്യതയില്ല. പ്രതിരോധ നിരയിൽ ജുമാ അൽ ഹബ്സി ഉൾപ്പടെയുള്ളവരും ഹരീബ് അൽ സാദി ഉൾപ്പടെയുള്ള മധ്യനിരക്കാരും സാല അൽ യഹ്യായി ഉൾപ്പടെയുള്ള ആക്രമണ നിരയിലും വൻ മാറ്റങ്ങൾ ഉണ്ടായേക്കാം. അസോസിയേഷൻ ചെയർമാന്റെ രാജിക്കായി മുറവിളി ഉയരുന്നുണ്ടെങ്കിലും അതിനുള്ള സാധ്യത കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.